Sunday, September 6, 2026

ഹുസൈൻ അഹ്മദ് മദനി യും അബുൽ അഅ്ലാ മൗദൂദി യും

1947 - ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂപടം രണ്ടായി പിളർന്നതിനൊപ്പം, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയ സ്വപ്നങ്ങളും സാമൂഹിക ബന്ധങ്ങളും മതപരമായ സ്വത്വബോധങ്ങളും പല വഴികളിലേക്ക് പിരിഞ്ഞ വർഷം ആയിരുന്നു. എന്നാൽ ആ വിഭജനത്തിന്റെ ചരിത്രത്തെ കേവലം മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ഏറ്റുമുട്ടലായി മാത്രം വായിച്ചാൽ, അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന മുസ്‌ലിം രാഷ്ട്രീയ ചിന്തകളുടെ സങ്കീർണത പൂർണമായി മനസ്സിലാക്കാനാവില്ല.


ആ കാലഘട്ടത്തിലെ മുസ്‌ലിം രാഷ്ട്രീയ ചിന്തയെ ആഴത്തിൽ സ്വാധീനിച്ച രണ്ട് പ്രമുഖ പണ്ഡിതന്മാരായിരുന്നു മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയും മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും. യഥാക്രമം ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രധാന സൈദ്ധാന്തികരായിരുന്ന ഇരുവരും ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിലെ രണ്ട് വ്യത്യസ്ത ധാരകളെയാണ് പ്രതിനിധീകരിച്ചത്. മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി ദയൂബന്ദി പാരമ്പര്യത്തിന്റെ പ്രമുഖ വക്താവായിരുന്നപ്പോൾ, മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദി ദയൂബന്ദിന്റെ ഔപചാരിക സ്ഥാപനപരമായ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ടുതന്നെ മുസ്‌ലിം രാഷ്ട്രീയ ചിന്തയിൽ വലിയ സ്വാധീനം നേടിയിരുന്നു.

പാകിസ്താൻ പ്രസ്ഥാനത്തെ ഇരുവരും എതിർത്തിരുന്നു. എന്നാൽ അതേ എതിർപ്പിന്റെ പിന്നിൽ ഒരേ രാഷ്ട്രീയ ദർശനമായിരുന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയ ഘടനയെക്കുറിച്ചും അവർ മുന്നോട്ടുവച്ച ആശയങ്ങൾ പരസ്പരം വളരെ അകലെയായിരുന്നു. മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയുടെ രാഷ്ട്രീയ ചിന്ത സംയുക്ത ഇന്ത്യൻ ദേശീയതയിലേക്കാണ് നീങ്ങിയതെങ്കിൽ, മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ ചിന്തയുടെ കേന്ദ്രത്തിൽ ഇസ്‌ലാമിക ആശയവ്യവസ്ഥയും മുസ്‌ലിംകളുടെ വ്യതിരിക്തമായ രാഷ്ട്രീയ സ്വത്വവുമായിരുന്നു.

വിഭജനത്തിന് മുമ്പുള്ള രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ചിത്രം വ്യത്യസ്തമാണ്. മുഹമ്മദ് അലി ജിന്നയെയും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെയും ഈ രണ്ട് ധാരകളും ശക്തമായി വിമർശിച്ചിരുന്നു. ചില ഘട്ടങ്ങളിൽ ആ വിമർശനം വ്യക്തിപരമായ തലത്തിലേക്കുപോലും എത്തിയിരുന്നു.

1937-ലെ തിരഞ്ഞെടുപ്പിന്റെ കാലത്ത്, പാകിസ്താൻ എന്ന ആവശ്യം മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതിന് മുമ്പ്, മുഹമ്മദ് അലി ജിന്ന മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയെ മുസ്‌ലിം ലീഗിന്റെ പാർലമെന്ററി ബോർഡിൽ അംഗമായി നിയമിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിന്റെ ദിശ അതിവേഗം മാറി. മുസ്‌ലിം ലീഗ് പ്രത്യേക മുസ്‌ലിം രാഷ്ട്രത്തിനായുള്ള ആവശ്യത്തിലേക്ക് കൂടുതൽ ശക്തമായി നീങ്ങിയതോടെ മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി ആ സ്ഥാനത്ത് നിന്ന് രാജിവച്ചു. പിന്നീട് അദ്ദേഹത്തിന്റെയും മുസ്‌ലിം ലീഗിന്റെയും രാഷ്ട്രീയ വഴികൾ വ്യക്തമായി വേർപിരിഞ്ഞു. (Naqsh-e-Hayat, Vol. II, Husain Ahmad Madani.)

ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ രാഷ്ട്രീയ നിലപാടിന്റെ അടിത്തറയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇന്ത്യയെ വിഭജിച്ച് പ്രത്യേക രാഷ്ട്രങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, ഇന്ത്യയെ ഒന്നായി നിലനിർത്തിക്കൊണ്ട് സ്വാതന്ത്ര്യം നേടണമെന്നായിരുന്നു അവരുടെ നിലപാട്. ഈ ആശയമാണ് ജംഇയ്യത്തിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് രാഷ്ട്രീയമായി അടുപ്പിച്ചത്. അതിനാൽ തന്നെ അവരുടെ നിലപാട് “ഇന്ത്യൻ ദേശീയത” എന്നും “സംയുക്ത ദേശീയത” (Composite Nationalism) എന്നും വിശേഷിപ്പിക്കപ്പെട്ടു.

മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയുടെ ചിന്തയിൽ മതപരമായ സ്വത്വവും പ്രാദേശിക ദേശീയതയും പരസ്പര വൈരുദ്ധ്യങ്ങളായിരുന്നില്ല. ലോക മുസ്‌ലിം ഉമ്മത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഒരു മുസ്‌ലിമിന് ഇന്ത്യ എന്ന ഭൂമിശാസ്ത്രപരമായ രാഷ്ട്രത്തിന്റെ ഭാഗമായിരിക്കാമെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യ തന്നെയാണ് മുസ്‌ലിംകളുടെ മാതൃഭൂമിയെന്നും, അവരുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിനായി പ്രത്യേകമായൊരു ഭൂവിഭാഗം അനിവാര്യമല്ലെന്നും അദ്ദേഹത്തിന്റെ നിലപാടായിരുന്നു. (Muttahida Qaumiyat Aur Islam, Husain Ahmad Madani.)

1938 ജനുവരിയിൽ മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി മുന്നോട്ടുവച്ച ആശയങ്ങളുടെ കേന്ദ്രത്തിൽ ഇതായിരുന്നു. ഖൗം, ഉമ്മ എന്നീ ആശയങ്ങൾ ഇസ്‌ലാമിക സമൂഹധാരണയുമായി ബന്ധപ്പെട്ടവയാണെങ്കിലും, ആധുനിക ലോകത്ത് ദേശീയത (ഖൗമിയ്യത്ത്) പ്രധാനമായും നിർണയിക്കപ്പെടുന്നത് പ്രദേശികതയെ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ആഗോള ഉമ്മത്തിന്റെ ഭാഗമായിരിക്കുമ്പോഴും, ഇന്ത്യയിലെ മുസ്‌ലിംകൾ അവരുടെ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലായിരിക്കണമെന്നായിരുന്നു ജംഇയ്യത്തിന്റെ നിലപാട്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ലാഹോർ പ്രമേയത്തെ എതിർത്തത്.

ഈ രാഷ്ട്രീയ ചിന്തയുടെ രൂപീകരണത്തിൽ മഹാത്മാ ഗാന്ധിയുമായുള്ള മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയുടെ അടുപ്പത്തിനും പ്രത്യേക സ്ഥാനമുണ്ട്. ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കാലത്ത് ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട സഹകരണത്തിന്റെ ഭാഗമായി മൗലാനാ മദനി അദ്ദേഹത്തോടൊപ്പം നിന്നു. 1920 ജൂണിൽ ബോംബെയിലെ ദയൂബന്ദി പണ്ഡിതന്മാർ ഗാന്ധിക്ക് സ്വീകരണം നൽകിയിരുന്നു. മൗലാനാ മദനിയുടെ അധ്യാപകനായ മൗലാനാ മഹ്മൂദുൽ ഹസൻ ദയൂബന്ദി, ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ മുസ്‌ലിംകൾ പങ്കെടുക്കണമെന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു.

ഗാന്ധിയുമായുള്ള ഈ അടുപ്പം പിന്നീട് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിനും കോൺഗ്രസിനും ഇടയിലെ രാഷ്ട്രീയ സഹകരണമായി വളർന്നു. അതിന്റെ സ്വാഭാവികമായ പ്രതിഫലനമായിരുന്നു മുസ്‌ലിം ലീഗിനോടുള്ള അവരുടെ എതിർപ്പ്. എന്നാൽ ഈ എതിർപ്പിന്റെ അടിത്തറയിൽ വ്യക്തിപരമായ വൈരാഗ്യത്തേക്കാൾ ശക്തമായിരുന്നിരുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള വ്യത്യസ്തമായ രാഷ്ട്രീയ സങ്കൽപ്പങ്ങളായിരുന്നു.

ഇവിടെയാണ് മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ രാഷ്ട്രീയ ചിന്ത മറ്റൊരു വഴിയിലേക്ക് തിരിയുന്നത്. മുസ്‌ലിം ലീഗിന്റെ “മുസ്‌ലിം ദേശീയത”യെയും മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയുടെ “സംയുക്ത ദേശീയത”യെയും അദ്ദേഹം വിമർശിച്ചു. എന്നാൽ മൗദൂദി സാഹിബിന്റെ വിമർശനം മറ്റൊരു അടിസ്ഥാനത്തിൽ നിന്നായിരുന്നു. മുസ്‌ലിംകളുടെ രാഷ്ട്രീയ സ്വത്വത്തെ ഒരു പ്രദേശത്തിന്റെ അതിർത്തികളിൽ നിർവചിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. (Musalman Aur Maujooda Siyasi Kashmakash, Abul A‘la Maududi.)

ഹിന്ദു-മുസ്‌ലിം സംയുക്ത ദേശീയത എന്ന ആശയത്തെ മൗലാനാ മൗദൂദി ശക്തമായി നിരസിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയിൽ മുസ്‌ലിംകളുടെ സ്വത്വം ഭൗമിക ദേശീയതയേക്കാൾ ആഴത്തിലുള്ള മത-നാഗരികതാ ബോധത്തിലാണ് അധിഷ്ഠിതമായിരുന്നത്. അതിനാൽ പ്രദേശിക ദേശീയതയുടെ പേരിൽ മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തെ ലയിപ്പിക്കുന്ന ആശയത്തെ അദ്ദേഹം അംഗീകരിച്ചില്ല. 

മുസ്‌ലിം ലീഗ് മുസ്‌ലിംകൾക്കായി പ്രത്യേകമായ ഒരു പ്രദേശിക മാതൃഭൂമി ആവശ്യപ്പെട്ടപ്പോൾ, മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി സ്വാതന്ത്ര്യം നേടണമെന്ന് ആവശ്യപ്പെട്ടു. മൗലാനാ മൗദൂദി ഈ രണ്ട് രാഷ്ട്രീയ പദ്ധതികളിൽ നിന്നും അകന്നു നിന്നു. പകരം, അദ്ദേഹം ഒരു പ്രത്യേക നിസാം — ഇസ്‌ലാമിക വ്യവസ്ഥ — സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവച്ചു. 

താൻ വിഭാവനം ചെയ്ത ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതുവരെ മുസ്‌ലിംകൾ കോൺഗ്രസിൽ നിന്നും മുസ്‌ലിം ലീഗിൽ നിന്നും അകന്നുനിൽക്കണമെന്ന് മൗലാനാ മൗദൂദി ആവശ്യപ്പെട്ടു. മൗലാനാ ഹുസൈൻ അഹ്മദ് മദനി ഇത്തരം ശുപാർശകളെ യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന “യൂട്ടോപ്യൻ” ആശയമായി വിശേഷിപ്പിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ അഹ്മദ് റിസാകാൻ ബറേൽവി ഹറാം ആണ് എന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിൽ നിന്ന് മുസ്‌ലിംകളെ പിന്തിരിപ്പിക്കുന്നത് തെറ്റാണെന്ന് മൗലാനാ ഹുസൈൻ അഹ്മദ് മദനി വാദിച്ചു. ഹിന്ദുക്കളും മുസ്‌ലിംകളും ഉൾപ്പെടെയുള്ള ജനങ്ങൾ ഒരുമിച്ച് കൊളോണിയൽ ഭരണത്തിനെതിരെ പോരാടുന്നതിൽ മതപരമായി തെറ്റില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഈ നിലപാടിന് മതപരമായ അടിത്തറ നൽകുന്നതിനായി മൗലാനാ മദനി പലപ്പോഴും മദീനയിലെ ആദ്യകാല മുസ്‌ലിം സമൂഹത്തിന്റെ ഉദാഹരണം മുന്നോട്ടുവച്ചു. യഹൂദ സമൂഹങ്ങളുമായി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മദീനയിൽ മുസ്‌ലിംകൾ ജീവിച്ചിരുന്ന ചരിത്രം, വ്യത്യസ്ത മതസമൂഹങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സഹവർത്തിത്വത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ ഉദാഹരണമുണ്ടെന്ന് തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മൗലാനാ മൗദൂദിയുടെ വിമർശനം രാഷ്ട്രീയ ദേശീയതയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഹിന്ദു-മുസ്‌ലിം “പങ്കിടൽ സംസ്കാരം” എന്ന ആശയത്തെയും അദ്ദേഹം ചോദ്യം ചെയ്തു. കല, വാസ്തുവിദ്യ തുടങ്ങിയ സാംസ്കാരിക പ്രകടനങ്ങൾ മാത്രം ഒരു നാഗരികതയുടെ യഥാർത്ഥ അടയാളങ്ങളല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മുസ്‌ലിംകൾ ഒരു വ്യതിരിക്തമായ നാഗരികതയുടെ വാഹകരാണെന്നും, അതിന്റെ അടിത്തറ അവരുടെ ലോകവീക്ഷണത്തിലാണെന്നും മൗലാനാ മൗദൂദി വിശ്വസിച്ചു. 

തങ്ങളുടെ മുസ്‌ലിം സ്വത്വം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ദേശീയതയെയും പ്രദേശിക ദേശസ്നേഹത്തെയും രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാക്കരുതെന്നായിരുന്നു മൗലാനാ മൗദൂദിയുടെ നിലപാട്. ഇസ്‌ലാമിക ദേശീയതയെ ഭൂമിശാസ്ത്രപരമായ ദേശീയതയിൽ ലയിപ്പിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് മുസ്‌ലിംകൾ അകന്നുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ അധീനരായ ജനങ്ങൾ “ഇന്ത്യൻ ദേശീയബോധം” എന്ന പതാകയ്ക്ക് കീഴിൽ ഒന്നിച്ച് സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആശയം തന്നെ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളുമായി യോജിക്കുന്നതല്ലെന്ന് മൗലാനാ മൗദൂദി കരുതി. സംയുക്ത ദേശീയതയുടെ വക്താക്കൾ മുസ്‌ലിം പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ ഇസ്‌ലാമിക സ്വത്വത്തിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വാദിച്ചു. 

ഈ ആശയസംവാദത്തിൽ മൗലാനാ മൗദൂദി ഷാ വലിയുല്ലാഹ് ദഹ്‌ലവിയുടെ അനുയായിയായ സ്വാതന്ത്ര്യസമര സേനാനി മൗലാനാ ഉബൈദുല്ല സിന്ധിയെയും വിമർശിച്ചു. മുസ്‌ലിം സമൂഹം ഏത് രാഷ്ട്രീയ പാതയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യം അന്നത്തെ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ ഉള്ളറകളിലേക്ക് തന്നെ എത്തിനിന്നിരുന്നു.

മുസ്‌ലിം സമൂഹത്തെ മൗലാനാ ഹുസൈൻ അഹ്മദ് മദനിയുടെ രാഷ്ട്രീയധാരയിൽ നിന്ന് അകറ്റിനിർത്തുന്നതിനായി മൗലാനാ മൗദൂദി ഉപയോഗിച്ച പ്രധാന വാദങ്ങളിലൊന്നായിരുന്നു കമ്മ്യൂണിസത്തിന്റെ ഭീഷണി. 1930-കളിലെ തന്റെ രചനകളിൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട്, പുറമേയ്ക്ക് അത് ഇന്ത്യൻ ദേശീയവാദ പ്രസ്ഥാനമായി തോന്നിയാലും ആശയപരമായി കമ്മ്യൂണിസ്റ്റും സാംസ്കാരികമായി ഇംഗ്ലീഷ് സ്വാധീനമുള്ളതുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുസ്‌ലിം യുവാക്കൾ ക്രമേണ ഇത്തരം സ്വാധീനങ്ങളിലേക്ക് ആകർഷിക്കപ്പെടുമെന്നായിരുന്നു മൗലാനാ മൗദൂദിയുടെ ആശങ്ക. അതിന്റെ പ്രതിഫലനം അവരുടെ ദൈനംദിന ജീവിതത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഗുഡ് മോർണിംഗ്” എന്നതിന് പകരം നമസ്തേ പറയുകയും, പരമ്പരാഗത തൊപ്പിക്ക് പകരം ഗാന്ധി തൊപ്പി ധരിക്കുകയും ചെയ്യുന്ന തരത്തിൽ മുസ്‌ലിം യുവാക്കളുടെ ജീവിതരീതികൾ മാറിപ്പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

മറ്റൊരു സന്ദർഭത്തിൽ “സ്വദേശി ദേശീയത”യെ ഹിന്ദു-സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആശയക്കുഴപ്പം നിറഞ്ഞ ഒരു മിശ്രിതമായി മൗലാനാ മൗദൂദി വിശേഷിപ്പിച്ചു. അത്തരം ദേശീയത സ്വീകരിക്കുന്നത് മുസ്‌ലിം സ്വത്വം ഉപേക്ഷിക്കുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം വാദിച്ചു.

ഇങ്ങനെ നോക്കുമ്പോൾ, 1947-ലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തെ “പാകിസ്താൻ അനുകൂലികൾ” എന്നും “പാകിസ്താൻ വിരുദ്ധർ” എന്നും മാത്രം രണ്ടായി വിഭജിക്കുന്നത് ആ കാലഘട്ടത്തിന്റെ യഥാർത്ഥ ആശയസംഘർഷത്തെ മറച്ചുവയ്ക്കും.

മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയും മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും പാകിസ്താൻ രൂപീകരണത്തെ എതിർക്കുമ്പോൾ തന്നെ അവരുടെ സ്വപ്നങ്ങൾ വ്യത്യസ്തമായിരുന്നു.

മൗലാനാ ഹുസൈൻ അഹ്മദ് മദനി വിഭജിക്കപ്പെടാത്ത ഇന്ത്യയിൽ, സ്വന്തം മതപരമായ സ്വത്വം നിലനിർത്തിക്കൊണ്ട് മുസ്‌ലിംകൾ ഒരു സംയുക്ത ഇന്ത്യൻ ദേശീയതയുടെ ഭാഗമാകുന്നതാണ് സങ്കൽപ്പിച്ചത്. മൗലാനാ മൗദൂദി അതേസമയം ഭൂമിശാസ്ത്രപരമായ ദേശീയതയുടെ പരിധികൾക്കപ്പുറം മുസ്‌ലിംകളുടെ വ്യതിരിക്തമായ ഇസ്‌ലാമിക നാഗരികതയും രാഷ്ട്രീയ വ്യവസ്ഥയും സംരക്ഷിക്കണമെന്ന ആശയമാണ് മുന്നോട്ടുവച്ചത്.

അതുകൊണ്ട് 1947-ന്റെ ചരിത്രം ഒരു ഭൂപടത്തിന്റെ വിഭജനത്തിന്റെ മാത്രം ചരിത്രമല്ല. ഒരു സമൂഹം സ്വയം ആരാണെന്നും, ഏത് രാഷ്ട്രീയ വ്യവസ്ഥയിലാണ് തന്റെ ഭാവി കാണുന്നതെന്നും നിർവചിക്കാൻ നടത്തിയ കടുത്ത ബൗദ്ധിക പോരാട്ടത്തിന്റെ ചരിത്രം കൂടിയാണത്.

ഒരേ ചരിത്രഘട്ടത്തിൽ, ഒരേ സമൂഹത്തെ അഭിമുഖീകരിച്ച്, ഒരേ രാഷ്ട്രീയ പ്രതിസന്ധിക്ക് മുന്നിൽ നിന്ന രണ്ട് പ്രമുഖ പണ്ഡിതന്മാർ — മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനിയും മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും — പക്ഷേ ഭാവിയെ കണ്ടത് രണ്ട് വ്യത്യസ്ത ജനാലകളിലൂടെയായിരുന്നു.

ഇന്ത്യയുടെ വിഭജനചരിത്രം അതുകൊണ്ട് വെറും അതിർത്തികളുടെ ചരിത്രമല്ല. മതം, ദേശീയത, സ്വത്വം, മാതൃഭൂമി, രാഷ്ട്രീയം എന്നിവ തമ്മിലുള്ള ബന്ധം എങ്ങനെ നിർവചിക്കണം എന്നതിനെക്കുറിച്ചുള്ള ഇന്ത്യൻ മുസ്‌ലിം സമൂഹത്തിനകത്തെ വലിയ ആശയസംവാദത്തിന്റെ ചരിത്രം കൂടിയാണ് അത്.

✍️ മുബാറക് റാവുത്തർ

ഗൗരി ലങ്കേഷ് - ഓർമ ദിനം - സെപ്റ്റംബർ 5

സെപ്റ്റംബർ 5 ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഓർമ്മദിനമാണ്. 2017-ലെ ഈ ദിവസമാണ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ സ്വന്തം വീടിന് മുന്നിൽ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷ് സംഘപരിവാറിന്റെ ഭീകര കരങ്ങളാൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു മനുഷ്യജീവന്റെ നഷ്ടം എന്നതിലുപരി, അധികാരത്തെയും മതവർഗീയതയെയും ചോദ്യം ചെയ്യുന്ന സ്വതന്ത്ര ശബ്ദത്തെ നിശ്ശബ്ദമാക്കാനുള്ള ക്രൂരമായ ശ്രമമായിരുന്നു ആ കൊലപാതകം.


പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷിന്റെ മകളെന്ന പാരമ്പര്യത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല ഗൗരി. സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളും സാമൂഹിക ഇടപെടലുകളും കൊണ്ട് കർണ്ണാടകയുടെ പൊതുമണ്ഡലത്തിൽ അവർ തന്റേതായ ഇടം സൃഷ്ടിച്ചു. ‘ഗൗരി ലങ്കേഷ് പത്രിക’ അവരുടെ മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും ശക്തമായ വേദിയായി മാറി. ജാതീയത, മതവർഗീയത, അന്ധവിശ്വാസം, അധികാര ദുർവിനിയോഗം, സാമൂഹിക അസമത്വം എന്നിവയ്‌ക്കെതിരെ ആ പ്രസിദ്ധീകരണത്തിന്റെ താളുകൾ നിരന്തരം ശബ്ദിച്ചു.

പരസ്യങ്ങളുടെയും അധികാരകേന്ദ്രങ്ങളുടെയും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മാധ്യമസ്വാതന്ത്ര്യം വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങളെ പൊതുസമൂഹത്തിന്റെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിലും ഗൗരി നിർഭയയായിരുന്നു. ദളിതർ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, മറ്റു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അവരുടെ ഇടപെടലുകൾ അവരെ ഒരു മാധ്യമപ്രവർത്തക എന്ന പരിധിക്കപ്പുറം സാമൂഹിക പ്രവർത്തകയാക്കി.

കർണ്ണാടകയിലെ യുക്തിവാദ-പുരോഗമന ചിന്തകളുടെ ശക്തമായ വക്താക്കളിലൊരാളായിരുന്നു ഗൗരി. ബസവണ്ണയുടെ സമത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാതീയമായ ഉച്ചനീചത്വങ്ങളെയും ബ്രാഹ്മണിക്കൽ ആധിപത്യത്തെയും അവർ വിമർശിച്ചു. ലിംഗായത്ത് സ്വത്വവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏകീകരണ ശ്രമങ്ങളോടുള്ള അവരുടെ എതിർപ്പിലും ഇതേ രാഷ്ട്രീയ നിലപാട് പ്രകടമായിരുന്നു.

വിയോജിപ്പ് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണെന്ന ബോധ്യമാണ് ഗൗരിയുടെ പൊതുജീവിതത്തെ നയിച്ചത്. അധികാരത്തെ ചോദ്യം ചെയ്യുക, സ്ഥാപിതമായ ധാരണകളെ പരിശോധിക്കുക, അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുക—ഇവയെല്ലാം ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയുടെ അവകാശമെന്നതിലുപരി ഉത്തരവാദിത്തമായാണ് അവർ കണ്ടത്.

ഗൗരിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്ന വാദത്തിന് പിന്നീട് നടന്ന അന്വേഷണങ്ങളും നിയമനടപടികളും വലിയ പ്രാധാന്യം നൽകി. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും സമാനമായ തീവ്ര ഹിന്ദുത്വ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ആശയപരമായ എതിരാളികളെ ലക്ഷ്യമിട്ട അക്രമത്തിന്റെ ഈ തുടർച്ച ഇന്ത്യൻ ജനാധിപത്യത്തിന് മുന്നിൽ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയത്.

ഒരു ആശയത്തെ പരാജയപ്പെടുത്താനുള്ള ജനാധിപത്യ മാർഗം മറ്റൊരു ആശയമാണ്. വാദത്തിന് മറുപടി വാദത്തിലൂടെയും വിമർശനത്തിന് മറുപടി വിമർശനത്തിലൂടെയും നൽകേണ്ട സമൂഹത്തിൽ തോക്കുകളും വെടിയുണ്ടകളും സംസാരിക്കാൻ തുടങ്ങുമ്പോൾ അത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല—വിയോജിപ്പിനുള്ള അവകാശത്തിനെതിരായ ആക്രമണം കൂടിയാണ്.

എന്നാൽ ഗൗരിയുടെ ശരീരം ഇല്ലാതാക്കിയത് അവരുടെ ശബ്ദത്തെ ഇല്ലാതാക്കിയില്ല. മറിച്ച് അവരുടെ മരണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു. “I Am Gauri” — എന്ന മുദ്രാവാക്യം ഒരു വ്യക്തിയുടെ ഓർമ്മയെ മറികടന്ന് വിയോജിപ്പിന്റെയും സ്വതന്ത്രചിന്തയുടെയും പ്രതീകമായി മാറി.

ഗൗരിയുടെ ജീവിതത്തെ ഓർക്കേണ്ടത് ഒരു രക്തസാക്ഷിയുടെ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. അവർ ഉയർത്തിയ ചോദ്യങ്ങൾ വീണ്ടും ചോദിക്കുമ്പോഴാണ് ആ ഓർമ്മയ്ക്ക് അർത്ഥമുണ്ടാകുന്നത്. മതത്തിന്റെ പേരിലുള്ള വിദ്വേഷത്തെയും ജാതീയമായ വിവേചനത്തെയും അന്ധമായ ദേശീയതയെയും അധികാരത്തിന്റെ അമിതാധിപത്യത്തെയും ചോദ്യം ചെയ്യുമ്പോഴാണ് ഗൗരിയുടെ പാരമ്പര്യം ജീവിക്കുന്നത്.

ജനാധിപത്യം തിരഞ്ഞെടുപ്പുകളിൽ മാത്രം നിലനിൽക്കുന്നതല്ല. ഭയമില്ലാതെ സംസാരിക്കാനുള്ള അവകാശത്തിലും, അധികാരത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തിലും, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലും, വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടത്തിലും കൂടിയാണ് അതിന്റെ ജീവൻ.

അതുകൊണ്ടുതന്നെ സെപ്റ്റംബർ 5 ഒരു ചരമവാർഷികം മാത്രമല്ല. സ്വതന്ത്രമായി ചിന്തിക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും സത്യം പറയുന്നതിന്റെയും വില ഓർമ്മിപ്പിക്കുന്ന ദിനം കൂടിയാണ്.

✍️ - മുബാറക് റാവുത്തർ

Thursday, July 9, 2026

നഷ്ട പ്രണയത്തിന്റെ നറു വസന്തം ❤️


ചില പ്രണയങ്ങൾ പറയാൻ വേണ്ടിയല്ല... ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ വേണ്ടിയാണ് ജനിക്കുന്നത്... 🤍

ഓർമപ്പുസ്തകത്തിലെ മഷിത്താളുകൾക്കിടയിൽ വർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ഒരു കുളിരോർമ ഇന്ന് വീണ്ടും സുഗന്ധമായി ഒഴുകിയെത്തി.

എന്റെ ജീവിതത്തിലും അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നു.

എട്ടാം ക്ലാസിലെ ട്യൂഷൻ ക്ലാസിലെ ഓലപ്പുരയുടെ അവസാന ബെഞ്ചുകളിലൊന്നിൽ നിന്നാണ് അതിന് തുടക്കമായത്. മുന്നിലിരുന്ന അവളുടെ മുടിയിഴകളിലൂടെ തഴുകിയെത്തിയ കാച്ചെണ്ണയുടെ സുഗന്ധം... ഇന്നും ഓർമ്മകളുടെ ആഴത്തിൽ അതേ പുതുമയോടെ നിറഞ്ഞുനിൽക്കുന്നു. പ്രണയം എന്ന വികാരം ആദ്യം കണ്ണുകളിലൂടെ വന്നതല്ല; ആ സുഗന്ധത്തിലൂടെയായിരുന്നു.

പിന്നീട് അവളുടെ കണ്ണുകളിലെ തിളക്കമായി പ്രണയം. കാറ്റിലുലയുന്ന നീണ്ട മുടിയിഴകളായി പ്രണയം. ആ മുടിയിൽ ചാർത്തിയിരുന്ന തുളസിക്കതിരായി പ്രണയം. നെറ്റിയിലെ കളഭച്ചാർത്തിന്റെ നിഷ്കളങ്കതയായി പ്രണയം. അവൾ കുത്തിയിരുന്ന ആ ചെറിയ പൊട്ടുകളോടുള്ള ഇഷ്ടമായി പ്രണയം.

അവൾ ചിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, മറ്റുള്ളവരോട് കഥ പറയുമ്പോൾ... ഞാൻ കേൾക്കുന്നത് വാക്കുകളായിരുന്നില്ല; എന്റെ മനസ്സ് കേട്ടത് അവളുടെ സാന്നിധ്യമായിരുന്നു.

ഓരോ പ്രഭാതവും അവൾ ക്ലാസിലേക്ക് കടന്നുവരുന്നതും കാത്തിരിക്കലായിരുന്നു സന്തോഷം. ഓരോ ദിവസവും ആദ്യം കൈമാറിയ ആ നോട്ടങ്ങൾ... വാക്കുകളൊന്നുമില്ലാതെ പരസ്പരം എന്തൊക്കെയോ പറഞ്ഞിരുന്ന ആ നിമിഷങ്ങൾ... അതായിരുന്നു എന്റെ പ്രണയം.

ട്യൂഷൻ കഴിഞ്ഞ് അവളുടെ പിന്നാലെ വീടുവരെയുള്ള വഴിയിൽ സൈക്കിളുമായി മുന്നിലും പിന്നിലുമായി ഓടിനടക്കുന്നതിലും ഒരു പറയാത്ത സന്തോഷമുണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ ഒരേ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ പോലും മനസ്സ് നിറഞ്ഞിരുന്നു. ചിലപ്പോൾ നിശ്ശബ്ദത തന്നെയായിരുന്നു ഏറ്റവും മനോഹരമായ സംഭാഷണം.

ഒരിക്കലും അവളോട് "എനിക്ക് നിന്നെ ഇഷ്ടമാണ്" എന്ന് പറയാൻ കഴിഞ്ഞില്ല. ധൈര്യം ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ, ആ നിശ്ശബ്ദത നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നിരിക്കാം.

കാലം കടന്നുപോയി. പത്താം ക്ലാസിന്റെ അവസാന ദിവസങ്ങളെത്തി. എല്ലാവർക്കും ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തു. പക്ഷേ അവൾക്ക് മാത്രം എഴുതിയില്ല. എന്തെഴുതണമെന്ന് അറിയാതിരുന്നതുകൊണ്ടല്ല... എഴുതിത്തുടങ്ങിയാൽ മനസ്സിലുള്ളത് മുഴുവൻ ഒഴുകിപ്പോകുമോ എന്ന ഭയമായിരുന്നു.

അന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന ആ കണ്ണീർ ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. അത് എന്തിനായിരുന്നുവെന്ന് ഇന്നും അറിയില്ല. ഒരുപക്ഷേ അത് വെറും യാത്രപറച്ചിലിന്റെ സങ്കടമായിരിക്കാം. അല്ലെങ്കിൽ... പറയാതെ പോയ മറ്റൊരു പ്രണയത്തിന്റെ നിശ്ശബ്ദ ഭാഷയായിരിക്കാം.

പിന്നീട് ജീവിതം ഓരോരുത്തരെയും ഓരോ വഴികളിലേക്ക് കൊണ്ടുപോയി. വർഷങ്ങൾ കടന്നുപോയി. പുതിയ മനുഷ്യർ ജീവിതത്തിലേക്ക് വന്നു. പുതിയ നഗരങ്ങൾ, പുതിയ ജോലികൾ, പുതിയ അനുഭവങ്ങൾ...

എന്നിട്ടും ഇന്നുവരെ ആ സുഗന്ധമുള്ള മുടിയിഴകളെയും, ആ തുളസിക്കതിരിന്റെ നേർമയെയും, ആ തിളങ്ങുന്ന കണ്ണുകളെയും, ആ നിഷ്കളങ്കമായ ചിരിയെയും പോലെ മറ്റൊരു പ്രണയത്തെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.

ഇന്നും ചിലപ്പോൾ ഞാൻ ചിന്തിക്കും...

ഒരിക്കൽ എങ്കിലും മനസ്സിലുള്ളത് തുറന്ന് പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു?

അവൾ സ്വീകരിച്ചേനോ... നിരസിച്ചേനോ... അതോ ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായമായി അവൾ കൂടെയുണ്ടായേനോ...

ആ ചോദ്യത്തിന് ഉത്തരമില്ല.

പക്ഷേ എല്ലാ പ്രണയങ്ങൾക്കും ഒരു അവസാനമുണ്ടാകണമെന്നില്ല. ചില പ്രണയങ്ങൾ പൂർത്തിയാകാതിരുന്നതുകൊണ്ടാണ് അത്രയും മനോഹരമായി ഓർമ്മകളിൽ ജീവിക്കുന്നത്.

ഇന്ന് ഞാൻ ആ പ്രണയത്തെ തിരികെ തേടുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. നഷ്ടപ്പെട്ടതിനെക്കുറിച്ച് വിലപിക്കുന്നുമില്ല.

കാരണം ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മുടേതാകാനല്ല; സ്നേഹം എന്ന വികാരത്തിന് ഒരു സുഗന്ധമുണ്ടെന്ന് നമ്മെ പഠിപ്പിക്കാനാണ്.

ഇന്നും, ഓർമപ്പുസ്തകത്തിന്റെ മഞ്ഞപിടിച്ച താളുകൾ മറിക്കുമ്പോൾ, ആ കാച്ചെണ്ണയുടെ മണം മനസ്സിലേക്കെത്തും. അവസാന ബെഞ്ചിലെ ആ നിശ്ശബ്ദ ദിവസങ്ങൾ തിരികെ വരും. പറയാതെ പോയ ആ പ്രണയം ഇന്നും ഹൃദയത്തിന്റെ ഒരിടത്ത്, ഒരു കുളിർകാറ്റുപോലെ, ഒരു മധുരവേദനയായി ജീവിച്ചുകൊണ്ടിരിക്കുന്നു.

ചില പ്രണയങ്ങൾ ഒന്നിച്ചുജീവിക്കാനല്ല വിധിക്കപ്പെടുന്നത്... ജീവിതകാലം മുഴുവൻ ഒരു സുഗന്ധമുള്ള ഓർമ്മയായി ഹൃദയത്തിൽ ജീവിക്കാനാണ്. 🤍

✍️ മുബാറക് റാവുത്തർ



Wednesday, July 8, 2026

സുധീരന്റെ റൊമാന്റിക് രാഷ്ട്രീയം

കേരള രാഷ്ട്രീയത്തിൽ വി. എം. സുധീരൻ പലപ്പോഴും ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മൊറൽ പ്രീച്ചർ എന്ന പ്രതിച്ഛായയാണ് സ്വയം നിർമ്മിച്ചെടുത്തത്. വ്യക്തിപരമായ സത്യസന്ധതയും ലാളിത്യവും സംശയാതീതമായ ഗുണങ്ങളായിരിക്കാം. എന്നാൽ ഒരു ജനാധിപത്യ സമൂഹത്തെ നയിക്കാൻ അത് മാത്രം മതിയാകില്ല. രാഷ്ട്രീയം എന്നത് വ്യക്തിപരമായ പുണ്യജീവിതത്തിന്റെ വിപുലീകരണമല്ല; സങ്കീർണ്ണമായ സാമൂഹിക താൽപര്യങ്ങൾക്കിടയിൽ പ്രാഗ്മാറ്റിക് തീരുമാനങ്ങൾ എടുക്കേണ്ട പൊതുപ്രവർത്തനമാണ്. ഈ അടിസ്ഥാന യാഥാർഥ്യം ഉൾക്കൊള്ളുന്നതിൽ സുധീരൻ സ്ഥിരമായി പരാജയപ്പെട്ടു.


അദ്ദേഹത്തിന്റെ രാഷ്ട്രീയം യാഥാർഥ്യത്തിന്റെ മണ്ണിൽ കാലുറപ്പിച്ചിരുന്നില്ല; ആശയങ്ങളുടെ ആകാശത്തിലായിരുന്നു. മദ്യനിരോധനം മുതൽ വികസനനയങ്ങൾ വരെ അദ്ദേഹം മുന്നോട്ടുവച്ച പല നിലപാടുകളും കേൾക്കാൻ ആകർഷകമായിരുന്നെങ്കിലും, നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു ഫ്രെയിംവർക്ക് അതിനുണ്ടായിരുന്നില്ല. ജനങ്ങളുടെ വികാരങ്ങളെ തൊടുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുക എളുപ്പമാണ്. എന്നാൽ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വത്തിൽ നിന്ന് സുധീരന്റെ രാഷ്ട്രീയം പലപ്പോഴും ഒഴിഞ്ഞുമാറി.

അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യം, ധാർമികതയെ രാഷ്ട്രീയത്തിനുമുകളിൽ പ്രതിഷ്ഠിച്ചതാണ്. ജനാധിപത്യത്തിൽ വിട്ടുവീഴ്ച എന്നത് ബലഹീനതയല്ല; സാമൂഹിക വൈവിധ്യത്തെ അംഗീകരിക്കുന്ന രാഷ്ട്രീയ പക്വതയാണ്. എന്നാൽ സുധീരന്റെ സമീപനത്തിൽ വിട്ടുവീഴ്ച തന്നെ ഒരു പാപമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നേതൃത്വം നൽകിയ സംഘടനകളിൽ ഐക്യം സൃഷ്ടിക്കുന്നതിനേക്കാൾ ഭിന്നതകൾ വർധിച്ചത്. കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടം അതിന്റെ വ്യക്തമായ തെളിവാണ്. പാർട്ടി അധ്യക്ഷനായിരുന്നിട്ടും സ്വന്തം സർക്കാരിനെ പ്രതിപക്ഷ നേതാവിന്റെ ശൈലിയിൽ പരസ്യമായി വിമർശിക്കുകയും, ഓരോ നയതീരുമാനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്ത സമീപനം ഉമ്മൻ ചാണ്ടി സർക്കാരിനെ തുടർച്ചയായ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. മദ്യനയം മുതൽ വിവിധ ഭരണപരമായ തീരുമാനങ്ങൾ വരെ അദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടുകൾ സർക്കാരിന് പ്രവർത്തിക്കാനുള്ള രാഷ്ട്രീയ ഇടം ചുരുക്കുകയും കോൺഗ്രസിന്റെ സംഘടനാപരമായ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന വിമർശനം ഇന്നും ശക്തമാണ്. ഭരണത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട നേതാവ്, സ്വന്തം സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകനായി മാറിയതായിരുന്നു ആ കാലഘട്ടത്തിന്റെ വലിയ വൈരുധ്യം.

അതിലും ഗൗരവമുള്ള കാര്യം, സാമൂഹ്യനീതിയുടെ അടിസ്ഥാന ചോദ്യങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിച്ച നിശ്ശബ്ദതയാണ്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം, ജാതി അസമത്വം, അധികാരവിതരണം, ജാതി സെൻസസ് തുടങ്ങിയ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക വിഷയങ്ങളിൽ അദ്ദേഹം ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. സത്യസന്ധതയെക്കുറിച്ച് നിരന്തരം സംസാരിച്ച നേതാവ്, ചരിത്രപരമായ അനീതികളെ തിരുത്തേണ്ട സാമൂഹിക ഉത്തരവാദിത്വത്തെ അതേ തീവ്രതയിൽ ചർച്ച ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ശ്രീനാരായണ ഗുരുവിനെ അദ്ദേഹം പലപ്പോഴും മദ്യവിരുദ്ധ പ്രചാരണത്തിന്റെ പ്രതീകമാക്കി അവതരിപ്പിച്ചു. എന്നാൽ ഗുരുവിന്റെ മഹത്തായ സാമൂഹിക വിപ്ലവത്തെ മദ്യവിരുദ്ധ സന്ദേശത്തിലേക്ക് മാത്രം ചുരുക്കുന്നത് ഗുരുവിന്റെ പാരമ്പര്യത്തെ ഭാഗികമായി മാത്രം വായിക്കുന്നതിനു തുല്യമാണ്. ഗുരുവിന്റെ ചിന്തയുടെ കേന്ദ്രത്തിൽ ജാതിനിർമാർജനം, സാമൂഹിക സമത്വം, വിദ്യാഭ്യാസം, ആത്മാഭിമാനം, അധികാര പുനർവിതരണം എന്നിവയായിരുന്നു. ആ രാഷ്ട്രീയ ഉള്ളടക്കത്തെ സുധീരൻ പലപ്പോഴും അവഗണിച്ചു.

ഇന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായ സാഹചര്യത്തിലും സുധീരന്റെ രാഷ്ട്രീയ ഇടപെടലുകൾ പഴയ മാതൃകയിൽ നിന്ന് വ്യത്യസ്തമല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. സതീശന്റെ ഉയർച്ചയിൽ താൻ നിർണായക പങ്കുവഹിച്ചെന്ന തോന്നൽ അദ്ദേഹത്തിന്റെ പൊതുപ്രതികരണങ്ങളിൽ നിഴലിക്കുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സർക്കാരിന് രാഷ്ട്രീയ മാർഗനിർദേശം നൽകുന്ന മുതിർന്ന നേതാവെന്നതിലുപരി, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് നിർദേശിക്കുന്ന ഒരു മൊറൽ അതോറിറ്റി എന്ന നിലയിൽ സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നാണ് വിമർശനം. "താൻ പറയുന്നതാണ് അന്തിമ മാനദണ്ഡം" എന്ന ധാരണ പൊതുപ്രസ്താവനകളിൽ പ്രതിഫലിക്കുന്നുവെന്നും, അതിലൂടെ സർക്കാരിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആക്ഷേപം രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. ഒരു ഉപദേശകന്റെ പരിധി വിട്ട് ഭരണത്തിന്റെ മേൽനോട്ടക്കാരനായി മാറുന്ന ഈ സമീപനം ആവർത്തിക്കപ്പെടുകയാണെങ്കിൽ, അത് വ്യക്തികളേക്കാൾ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ സംസ്കാരത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും പ്രസക്തമാണ്.

സുധീരന്റെ രാഷ്ട്രീയം മധ്യവർഗ്ഗത്തിന്റെ ധാർമിക സംതൃപ്തി നേടിയിരിക്കാം. പക്ഷേ സമൂഹത്തിന്റെ ഘടനാപരമായ അസമത്വങ്ങളെ നേരിടാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷൻ അതിനുണ്ടായിരുന്നില്ല. അദ്ദേഹം അഴിമതിക്കെതിരെ സംസാരിച്ചു; പക്ഷേ അധികാരഘടനകളിലെ അസമത്വത്തിനെതിരെ അതേ ശക്തിയിൽ സംസാരിച്ചില്ല. അദ്ദേഹം മദ്യത്തിനെതിരെ പോരാടി; പക്ഷേ സാമൂഹിക ബഹിഷ്കരണത്തിന്റെയും ജാതി ആധിപത്യത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയത്തിനെതിരെ അതേ തീവ്രതയിൽ പോരാടിയില്ല.

ഒടുവിൽ വി. എം. സുധീരന്റെ രാഷ്ട്രീയം ഒരു വലിയ വിരോധാഭാസത്തിന്റെ പേരാണ്. വ്യക്തിപരമായി മാതൃകയായ ഒരു മനുഷ്യൻ; എന്നാൽ പൊതുനയങ്ങളുടെ തലത്തിൽ ദിശാബോധം നൽകാൻ കഴിയാത്ത ഒരു രാഷ്ട്രീയക്കാരൻ. ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എളുപ്പമാണ്; അവയെ ജനങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന നയങ്ങളാക്കി മാറ്റുക എന്നതാണ് യഥാർത്ഥ രാഷ്ട്രീയം. ആ പരീക്ഷണത്തിൽ സുധീരൻ വിജയിച്ചില്ല. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയം ചരിത്രത്തിൽ ഒരു നൈതിക ഓർമ്മയായി നിലനിൽക്കാം; എന്നാൽ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച പ്രായോഗിക രാഷ്ട്രീയ മാതൃകയായി അല്ല.

- Mubarak Ravuthar

Wednesday, July 1, 2026

ആറു വർഷമായി വിചാരണ പോലും ആരംഭിക്കാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് ആദ്യമായി തന്റെ മനസ്സ് തുറക്കുന്നു.

ഉമർഖാലിദുമായി ദി ഗാർഡിയനിലെ മാധ്യമ പ്രവർത്തക ഹന്ന ഏലീസ് പീറ്റേഴ്സൻ നടത്തിയ അഭിമുഖം സംബന്ധിച്ച റിപ്പോർട്ടിൻ്റെ വിവർത്തനം.


ജയിൽ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയം സൂര്യാസ്തമയമാണെന്ന് ഉമർ ഖാലിദ് പറയുന്നു. ഡൽഹിയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ തടവിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ സെല്ലുകളിൽ നിന്ന് പുറത്താക്കി ഇരുട്ട് വീഴുന്നതുവരെ ഈർപ്പമുള്ള മുറ്റത്ത് നിൽക്കാൻ നിർബന്ധിതരാക്കുമ്പോൾ, തടവുകാരൻ നമ്പർ 626714-ന് ഉള്ളിൽ അടിച്ചമർത്താനാവാത്ത ഭയവും വേദനയും ഉയർന്നുവരാൻ തുടങ്ങുന്നു.

എന്നാൽ ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെ ഒരു തടവറയിൽ പ്രവാസജീവിതം നയിച്ചിരുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനും നൂറ്റിയമ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് ഇതേ വികാരത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെന്ന് അടുത്തിടെയാണ് അദ്ദേഹം മനസ്സിലാക്കിയത്.

"ദസ്തേവ്സ്കിയും തന്റെ ജയിൽ സ്മരണകളിൽ സൂര്യാസ്തമയത്തിലെ ഈ മാനസികാവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്," 2020-ൽ ജയിലിലായശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ ഖാലിദ് പറയുന്നു.

"ജീവിതത്തിലെ മറ്റൊരു ദിവസം കൂടി തടവിൽ കഴിഞ്ഞുപോയി എന്ന തിരിച്ചറിവ് ആ സമയത്ത് മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയുന്നതു കൊണ്ടാകാം അങ്ങനെ തോന്നുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. 

തിഹാർ ജയിലിന്റെ മതിലുകൾക്കപ്പുറം ഇന്ത്യയിൽ ഉമർ ഖാലിദിന്റെ പേര് അറിയാത്തവർ വളരെ കുറവാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യം തീപ്പൊരി വിദ്യാർഥി നേതാവായും പിന്നീട് 2019-ൽ രാജ്യമൊട്ടാകെ പടർന്നുപിടിച്ച കേന്ദ്രസർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി അദ്ദേഹം ദേശീയ ശ്രദ്ധ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനെതിരെ ഉയർന്ന ആദ്യത്തെ വലിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു ആ പ്രക്ഷോഭങ്ങൾ.

എന്നാൽ 2020 സെപ്റ്റംബറോടെ സ്ഥിതി മാറി. ഡൽഹിയിലെ ആസൂത്രിത കലാപങ്ങളുടെ "പ്രധാന ഗൂഢാലോചകൻ" എന്നാരോപിച്ച് അദ്ദേഹത്തെ ഭീകരവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. "അക്രമത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന" കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടു.  അദ്ദേഹം ഈ കുറ്റാരോപണങ്ങളെ ‘ഡിസ്റ്റോപ്യൻ’ (ഭീകരമായ സാങ്കൽപ്പിക യാഥാർഥ്യം) എന്നാണ് വിശേഷിപ്പിച്ചത്.

ടെലിവിഷൻ വാർത്താ ചാനലുകളിലെ അവതാരകർ ഇന്നും രാത്രിവാർത്തകളിൽ അദ്ദേഹത്തിന്റെ പേര് ആവർത്തിച്ച് "മുസ്ലിം ഭീകരവാദി", "രാജ്യവിരുദ്ധൻ" എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

മറുവശത്ത്, ഇടതുപക്ഷ - സാമൂഹിക പ്രവർത്തകർ പ്രതിഷേധങ്ങളിൽ അദ്ദേഹത്തിന്റെ പേര് മുഴക്കുകയും അദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ച ടി-ഷർട്ടുകൾ ധരിക്കുകയും ചെയ്യുന്നു.

മനുഷ്യാവകാശ സംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും, മോദി ഭരണകാലത്ത് വിയോജിപ്പുകളെ അടിച്ചമർത്തുന്നതിൻ്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഉമർ ഖാലിദ്.

പന്ത്രണ്ടു വർഷമായി അധികാരത്തിലുള്ള ഭാരതീയ ജനതാ പാർട്ടി, രാഷ്ട്രീയ എതിരാളികളെ നേരിടാൻ നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നുവെന്ന ആരോപണം മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നുണ്ട്.

മുസ്ലിമും ഇടതുപക്ഷ മനുഷ്യാവകാശ പ്രവർത്തകനുമായ ഖാലിദ്, ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്ന് ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ കടുത്ത വിമർശകനാണ്.

രാജ്യത്തെ 20 കോടി മുസ്ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള പീഡനത്തിനും വിവേചനത്തിനും മോദി സർക്കാർ പ്രോത്സാഹനം നൽകുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ, വിചാരണയില്ലാതെ ഏകദേശം ആറു വർഷമായി ഉമർ ഖാലിദിനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് അനീതിയാണെന്ന് വ്യാപകമായി അപലപിച്ചിട്ടുണ്ട്.

ന്യൂയോർക്ക് മേയറായ സഹ്റാൻ മംമ്ദാനി  ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ തന്നെ കൈപ്പടയിൽ ഒരു കത്ത് ഖാലിദിന് അയച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണവും ഉണ്ടായി.

ജയിലിലെ സാഹചര്യങ്ങൾ കാരണം ഈ അഭിമുഖത്തിനായി ദി ഗാർഡിയൻ പ്രതിനിധിക്ക് ഖാലിദിനെ നേരിൽ കാണാൻ സാധിച്ചില്ല. അതിനാൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയത്.

താൻ നിഷേധിക്കുന്ന ആരോപണങ്ങളെ വർഷങ്ങളായി നേരിടുകയും, സ്വന്തം നിയന്ത്രണത്തിനപ്പുറമുള്ള ഒരു വലിയ പ്രചാരണ യന്ത്രത്തോട് പോരാടുകയും ചെയ്യുന്നത് പലപ്പോഴും മാനസികമായി തളർത്തിയെന്ന് 38-കാരനായ ഖാലിദ് സമ്മതിക്കുന്നു.

"നിങ്ങളെ ഒരു വ്യക്തിയെന്ന നിലയിൽ കാണാതെ, നല്ലതോ ചീത്തയോ ആയ ഒരു പ്രതിച്ഛായയായി മാത്രം ചുരുക്കുമ്പോൾ, നിങ്ങളുടെ മനുഷ്യത്വം മാത്രമല്ല, ചിലപ്പോൾ മാനസിക സന്തുലിതാവസ്ഥ പോലും നിലനിർത്തുക പ്രയാസമാകും," അദ്ദേഹം പറഞ്ഞു.

"എന്നോട് സഹതാപം പ്രകടിപ്പിക്കുന്നവരോ, എന്നെ യഥാർഥ വ്യക്തിയെക്കാൾ വലിയൊരു പ്രതീകമായി അവതരിപ്പിക്കുന്നവരോ പോലും, എനിക്കും ഭയങ്ങളും ബലഹീനതകളും അപൂർണതകളും ഉള്ള ഒരു മനുഷ്യനാണെന്ന കാര്യം മറക്കുന്നു. ജയിലിലെ ഈ നീണ്ട വർഷങ്ങൾ എൻ്റെ മനസ്സിനെയും ശരീരത്തെയും തകർത്തു. എൻ്റെ ഉള്ളിലെ എല്ലാ ആശങ്കകളെയും അത് കൂടുതൽ രൂക്ഷമാക്കി."

എന്നാൽ ജയിലിലെ വർഷങ്ങൾ മോദി സർക്കാരിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഖാലിദ് പറയുന്നു.

ഹിന്ദുത്വ ദേശീയത ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, "വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയെ ന്യായീകരിക്കുന്ന ഭാഷയും സാധാരണവൽക്കരിക്കപ്പെടുകയും മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ഭയാനകമാണെന്ന്" അദ്ദേഹം പറയുന്നു.

"ഇന്ന് ഇന്ത്യ സത്യാനന്തര (Post-truth) സമൂഹമായി മാറുന്ന പ്രക്രിയ ഏതാണ്ട് പൂർണതയിലെത്തിയിരിക്കുന്നു," എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന സമാധാന മാർച്ചിൽ പങ്കെടുത്ത ഉമർ ഖാലിദ്. അവിടത്തെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്.

തൻ്റെ കേസിനെക്കുറിച്ചോ തിഹാർ ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചോ സംസാരിക്കില്ലെന്ന് നേരത്തേ ധാരണയായിരുന്നെങ്കിലും, മൗനം പാലിക്കുക എന്നത് തനിക്ക് സാധ്യമല്ലെന്ന് ഖാലിദ് വ്യക്തമാക്കി.

"ഒപ്പം ഭക്ഷണം കഴിച്ചിരുന്ന സഹതടവുകാർ പോലും  പുറകിൽ നിന്ന് നിങ്ങളെ 'തീവ്രവാദി' എന്ന് വിളിക്കുന്നതു കേൾക്കാം എന്ന പ്രചാരണം ജനങ്ങളുടെ കണ്ണിൽ എന്നെ മനുഷ്യത്വമില്ലാത്തവനാക്കുകയാണ്," അദ്ദേഹം പറഞ്ഞു.

"എന്നെപ്പോലുള്ളവർക്ക് മനുഷ്യത്വം പോലും അനുവദിക്കപ്പെടാത്ത ഒരു പ്രത്യേകാവകാശമാണ്."

🟥'ഈ മൗനം ഭരണകൂടത്തിന് കൂടുതൽ ധൈര്യം നൽകുന്നു'

തെക്കുകിഴക്കൻ ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിലാണ് താൻ വളർന്നതെന്ന് ഖാലിദ് പറയുന്നു. ഹിന്ദുത്വ ദേശീയതയുടെ ഉയർച്ച സമൂഹത്തെ എങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചുവെന്നും മുസ്ലിംകളുടെ അവകാശങ്ങളും അന്തസ്സും എങ്ങനെ കവർന്നെടുത്തുവെന്നും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"മുസ്ലിംകൾ കൂടുതൽ കൂടുതൽ അടിച്ചമർത്തപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും അപകീർത്തിപ്പെടുത്തപ്പെടുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് ഞാൻ ഒരു മുസ്ലിം ഗെറ്റോയിൽ വളർന്നത്. സമൂഹത്തോട് അൽപമെങ്കിലും സംവേദനക്ഷമതയുള്ള ഒരാൾക്ക് ഈ സംഭവവികാസങ്ങളൊന്നും ബാധിക്കാതിരിക്കുക അസാധ്യമാണ്," അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു.) പി.എച്ച്.ഡി. പഠനത്തിനിടെയാണ് അവിടത്തെ സജീവ വിദ്യാർഥി രാഷ്ട്രീയത്തിൽ അദ്ദേഹം പങ്കാളിയായത്.

എന്നാൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ബൗദ്ധിക സംവാദങ്ങളുടെയും ചർച്ചകളുടെയും ശക്തികേന്ദ്രമായി ദീർഘകാലം അറിയപ്പെട്ടിരുന്ന ജെ.എൻ.യുവിനെ തകർക്കാൻ ശ്രമിച്ച വലതുപക്ഷ ആശയപ്രചാരകരുടെ പ്രധാന ലക്ഷ്യമായി സർവകലാശാല മാറിയതോടെയാണ് ഖാലിദ് ദേശീയ ശ്രദ്ധ നേടിയത്.

2016-ൽ ജെ.എൻ.യുവിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഖാലിദിനെ അറസ്റ്റ് ചെയ്തു. അന്ന് രാജ്യത്തെ ധ്രുവീകരിക്കപ്പെട്ട മാധ്യമങ്ങൾ അദ്ദേഹത്തെ "രാജ്യവിരുദ്ധൻ" എന്ന് വിശേഷിപ്പിച്ചു കൊണ്ട് വലിയ തലക്കെട്ടുകളാണ് പ്രസിദ്ധീകരിച്ചത്.

"ആ നിമിഷം മുതൽ എന്റെ ജീവിതം ഒരിക്കലും പഴയതു പോലെയായില്ല," ഖാലിദ് പറഞ്ഞു.

പി.എച്ച്.ഡി. പ്രബന്ധം സമർപ്പിക്കുന്നതിൽ നിന്ന് പോലും സർവകലാശാല അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. എന്നാൽ ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം ആ തീരുമാനം വിജയകരമായി ചോദ്യം ചെയ്തു.

അദ്ദേഹത്തിന്റെ പി.എച്ച്.ഡി. ഗവേഷണപ്രബന്ധം ഈ മാസം "Fractured Communities" എന്ന പേരിൽ ആദ്യ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടും.

2019-ൽ മുസ്ലിംകൾക്കെതിരായ വിവേചനത്തിന് വഴിവെക്കുന്നതായി വ്യാപകമായി വിമർശിക്കപ്പെട്ട പൗരത്വ നിയമം കേന്ദ്രസർക്കാർ പാസാക്കിയതോടെയാണ് ഖാലിദും ബിജെപി സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ അതിൻ്റെ മൂർധന്യതയിൽ എത്തിയത്.

ആ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ജെ.എൻ.യു. ക്യാമ്പസ് മാറി. പിന്നീട് ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മോദി സർക്കാരിനെതിരെ ഉയർന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയ വെല്ലുവിളികളിലൊന്നായിരുന്നു അത്.

ആ പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളിലൊരാൾ ആയിരുന്നു ഖാലിദ്.

"അക്രമത്തിന് അക്രമം കൊണ്ട് മറുപടി നൽകില്ല. വിദ്വേഷത്തിന് വിദ്വേഷം കൊണ്ട് മറുപടി നൽകില്ല," അദ്ദേഹം ഒരു പ്രസംഗത്തിൽ ജനക്കൂട്ടത്തോട് പറഞ്ഞു.

"അവർ വിദ്വേഷം പരത്തുകയാണെങ്കിൽ, നാം അതിന് സ്നേഹം കൊണ്ട് മറുപടി നൽകും."

പ്രതിഷേധങ്ങളോട് സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല.

പ്രതിഷേധങ്ങളെ നേരിടാൻ പൊലീസ് മാരകമായ ബലപ്രയോഗം നടത്തി. അതേസമയം, ബിജെപിയുമായി ബന്ധപ്പെട്ട ചില നേതാക്കൾ മുസ്ലിം വിരുദ്ധവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി.

2020 ഫെബ്രുവരിയിൽ ഡൽഹിയിൽ ഏകപക്ഷീയമായ വംശഹത്യ അരങ്ങേറി.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ തലസ്ഥാന നഗരിയിലൂടെ അഴിഞ്ഞാടുകയായിരുന്നു. പള്ളികളും മുസ്ലിം പേരുള്ളവരും സുന്നത്ത് ചെയ്തവരുമാണ് ആക്രമണത്തിൻ്റെ പ്രധാന ലക്ഷ്യമായത്. ചില ഗല്ലികളിൽ മുസ്ലിംകളും തിരിച്ചടിച്ച സംഭവങ്ങളുണ്ടായതായി ലേഖിക പറയുന്നു.

അക്രമം മൂന്ന് ദിവസം നീണ്ടുനിന്നു.

ആകെ മരിച്ച 53 പേരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു.

എന്നാൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രങ്ങളിൽ ബിജെപിയുമായി ബന്ധപ്പെട്ട ഒരാളെയും പ്രതിചേർത്തില്ല. ഹിന്ദുത്വ കലാപകാരികളിൽ വളരെ കുറച്ചുപേരെ മാത്രമാണ് പ്രതികളാക്കിയത്.

പകരം, അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്തുനിന്ന് ഏകദേശം ആയിരം മൈൽ അകലെ ഉണ്ടായിരുന്ന ഉമർ ഖാലിദിനെ കലാപത്തിന്റെ "സൂത്രധാരൻ (mastermind)" ആണെന്ന് കുറ്റപ്പെടുത്തി.

ഖാലിദിനൊപ്പം ഒരു ഡസനിലധികം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും പ്രതിചേർത്തു.

"വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തതിലൂടെ രാജ്യത്തിനെതിരെ മുൻകൂട്ടി തയ്യാറാക്കിയ ആക്രമണം സായുധ കലാപത്തിൻ്റെ രൂപത്തിൽ സംഘടിപ്പിച്ചു" എന്നായിരുന്നു അന്വേഷണ ഏജൻസികളുടെ ആരോപണം.

ഈ കുറ്റാരോപണങ്ങളെ ഖാലിദ് "ഡിസ്റ്റോപ്യൻ" (ഭയാനകമായ സാങ്കൽപ്പിക യാഥാർഥ്യത്തെ ഓർമ്മിപ്പിക്കുന്നത്) എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ഏഴ് മാസങ്ങൾക്ക് ശേഷം പൊലീസ് ഡൽഹിയിലെ അദ്ദേഹത്തിന്റെ കുടുംബവീട്ടിലെത്തി, രാജ്യത്തെ ഏറ്റവും കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ ഉൾപ്പെടെ നിരവധി ഗുരുതര വകുപ്പുകൾ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

അതിന് ശേഷം ഡൽഹി കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ തെളിവുകൾ കെട്ടിച്ചമച്ചതായും സാക്ഷിമൊഴികൾ വ്യാജമായി തയ്യാറാക്കിയതായും ഡൽഹി പൊലീസിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

എന്നാൽ ഈ ആരോപണങ്ങളോട് ഡൽഹി പൊലീസ് പ്രതികരിച്ചിട്ടില്ല.

അതേ കേസിൽ പ്രതികളായ മറ്റ് ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ഉമർ ഖാലിദിൻ്റെ കേസ് ഇന്നും പ്രയാസകരമായ ഒരു നിയമപോരാട്ടമായി തുടരുകയാണ്.

അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വന്ന ജഡ്ജിമാർ പലതവണ കേസ് മാറ്റിവയ്ക്കുകയും, വാദം കേൾക്കുന്നത് നീട്ടുകയും, ചിലർ കേസിൽ നിന്ന് സ്വയം പിന്മാറുകയും ചെയ്തു.

അദ്ദേഹത്തിന്റെ എല്ലാ ജാമ്യാപേക്ഷകളും ഒടുവിൽ തള്ളിക്കളയപ്പെട്ടു.

ഖാലിദിന്റെ കേസിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നാണ് ബിജെപി പറയുന്നത്.

അതേസമയം, അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷകൾ കോടതി തള്ളിയപ്പോഴൊക്കെ ബിജെപി നേതാക്കൾ പരസ്യമായി ആ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.

തുടർച്ചയായി തകർന്നുപോയ മോചനപ്രതീക്ഷകൾ "ഹൃദയം തകർക്കുന്ന അനുഭവമായിരുന്നു" എന്ന് ഖാലിദ് പറയുന്നു.

"പതിയെ പ്രതീക്ഷ തന്നെ മരിച്ചുപോയി. പിടിച്ചുനിൽക്കാൻ പ്രതീക്ഷയില്ലാതാകുമ്പോൾ ജയിലിലെ ജീവിതം അതിജീവിക്കുക അസാധാരണമായി പ്രയാസകരമാകുന്നു. അത് വൈകാരികമായും മാനസികമായും ശാരീരികമായും മനുഷ്യനെ വലിയ തോതിൽ തളർത്തും," അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

വിചാരണ എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ച് ഇന്നും യാതൊരു വ്യക്തതയുമില്ല.

പോലീസ് അന്വേഷണം അവസാനിക്കുമെന്നതിന് വ്യക്തമായ സൂചനകളൊന്നുമില്ലാത്ത സാഹചര്യത്തിൽ വിചാരണ പോലും ആരംഭിക്കാതെ ജയിലിൽ കഴിയേണ്ടിവരുന്നത് തുടരുകയാണ്.

ബിജെപി അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ക്ഷയിച്ചുപോകുന്ന പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന കാര്യത്തിൽ തൻ്റെ നിരാശ ഖാലിദ് മറച്ചുവയ്ക്കുന്നില്ല.

അവരിൽ ചിലർ ജയിലിൽവെച്ചുതന്നെ മരണമടഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആദിവാസി അവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയും അത്തരത്തിൽ ജയിലിൽവെച്ച് മരിച്ചവരിൽ ഉൾപ്പെടുന്നു.

"ആറുവർഷം പിന്നിടുമ്പോൾ, എനിക്ക് ശരിക്കും വലിയ നിരാശയാണ്. ചിലപ്പോൾ ഞാൻ പൂർണമായും ഒറ്റപ്പെട്ടുപോയതുപോലും തോന്നുന്നു," ഖാലിദ് പറഞ്ഞു.

"പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും സിവിൽ സമൂഹ സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെ പേരിൽ സ്വന്തം പൊതുജീവിതം കെട്ടിപ്പടുത്ത പ്രമുഖ പ്രവർത്തകരുടെയും ഈ മൗനമാണ് ഭരണകൂടത്തിന് കൂടുതൽ ധൈര്യം നൽകുന്നത്. അതുവഴി കൂടുതൽ വിമതസ്വരങ്ങളെ ലക്ഷ്യമിടാൻ അവർക്ക് ആത്മവിശ്വാസം ലഭിക്കുന്നു."

രാത്രികളാണ് ജയിലിൽ തനിക്ക് ഏറ്റവും കൂടുതൽ സമാധാനം നൽകുന്നതെന്ന് ഖാലിദ് പറയുന്നു.

സെല്ലിലേക്ക് തിരിച്ചെത്തി വാർഡൻ്റെ താക്കോൽക്കൂട്ടത്തിൻ്റെ കിലുക്കം അകന്നുപോകുമ്പോൾ, തൻ്റെ ചുമരിൽ കുറിച്ചുവെച്ചിരിക്കുന്ന വാക്കുകൾ—ഡയറിയിൽ എഴുതിയ കുറിപ്പുകളിൽ നിന്ന് പകർത്തിയ ചിന്തകൾ—ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരു തവണ വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന് ആശ്വാസം ലഭിക്കുമെന്ന് ഖാലിദ് പറയുന്നു.

കൊളോണിയൽ ഭരണത്തിനെതിരായ വിപ്ലവകാരി ഭഗത് സിങ്ങിൻ്റെ ചിത്രത്തിനരികിൽ, അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകളും ഖാലിദ് ചുമരിൽ എഴുതിവെച്ചിട്ടുണ്ട്:

"തടവിലായിരിക്കുമ്പോഴും സ്വതന്ത്രനായിരിക്കുന്ന ആ ഭ്രാന്തൻ ആത്മാവാണ് ഞാൻ."😌

വിവർത്തനം : മുബാറക് റാവുത്തർ

Wednesday, June 3, 2026

ആന്തരിക ശത്രുവും പ്രാതിനിധ്യ രാഷ്ട്രീയവും

ഹൈതമി ഉസ്താദ് ( Shuaibul Haithami ) സൂചിപ്പിച്ചതുപോലെ, ആധുനിക ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ മാതൃകയിൽ കലഹം, പ്രതിഷേധം, മത്സരം, ഇരബോധം എന്നിവയിൽ കുരുങ്ങിക്കിടക്കുന്നത് മുസ്ലിംകൾക്ക് അനുയോജ്യമായ രാഷ്ട്രീയ സമീപനമല്ല. അവയെല്ലാം ബാഹ്യ ഘടകങ്ങളാണ്. മുസ്ലിംകളുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളുടെ കേന്ദ്രത്തിൽ നിലകൊള്ളേണ്ടത് അവരുടെ ആന്തരിക ശക്തിയും ദൗർബല്യങ്ങളും സംബന്ധിച്ച ബോധ്യമാണ്.


മുസ്ലിമിന്റെ യഥാർത്ഥ ശക്തി സ്രഷ്ടാവിലുള്ള വിശ്വാസമാണ്. അവനോടുള്ള പ്രാർത്ഥനയും അവനിലുള്ള പ്രതീക്ഷയുമാണ് അവന്റെ ജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും നയിക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥയിലായാലും ഫാസിസ്റ്റ് സാഹചര്യത്തിലായാലും ഈ അടിസ്ഥാനത്തിൽ മാറ്റമില്ല.

ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യന്റെ പ്രധാന ശത്രു മറ്റൊരു മനുഷ്യനല്ല; പിശാചാണ്. അസൂയ, പക, കോപം, കാപട്യം, ദുരഹങ്കാരം തുടങ്ങിയ മാനുഷിക തിന്മകളെ ഉത്തേജിപ്പിക്കുന്നത് അവനാണ്. അഴിമതിയുടെയും അനീതിയുടെയും വർഗീയതയുടെയും വംശീയതയുടെയും പിന്നിലെ പ്രേരകശക്തിയും അതുതന്നെ. അതുകൊണ്ട് രാഷ്ട്രീയത്തെയും മനുഷ്യരെയും മുസ്ലിംകൾ ഈ ഉൾക്കാഴ്ചയോടെയാണ് സമീപിക്കേണ്ടത്.

ഭരണാധികാരി മുസ്ലിം ആണെന്നതുകൊണ്ട് മാത്രം നീതി ലഭിക്കുമെന്ന വിശ്വാസം ഇസ്ലാമികമല്ല. മുസ്ലിമായാലും അമുസ്ലിമായാലും നീതിബോധമുള്ളവരിൽ നിന്നാണ് നീതി ലഭിക്കുക. ചരിത്രത്തിൽ മുസ്ലിംകളോട് നീതി പുലർത്തിയ അമുസ്ലിം ഭരണാധികാരികളുമുണ്ട്; ക്രൂരമായി പെരുമാറിയ മുസ്ലിം ഭരണാധികാരികളുമുണ്ട്. ഈ യാഥാർഥ്യം ഭാവിയിലും മാറില്ല.

അതേസമയം, ആന്തരിക ശത്രുവിനെയാണ് പ്രധാനമായി കാണേണ്ടത് എന്നതുകൊണ്ട് ബാഹ്യ രാഷ്ട്രീയ വെല്ലുവിളികളെ അവഗണിക്കണം എന്നർത്ഥമില്ല. മറിച്ച്, കരുണ, സഹാനുഭൂതി, സഹനം, സ്നേഹം, വിട്ടുവീഴ്ച എന്നീ മൂല്യങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രീയത്തെ പുനർവിചിന്തനം ചെയ്യണമെന്നാണ് അതിന്റെ അർഥം.

ജാതി, വർഗം, വംശം തുടങ്ങിയ സ്വത്വരാഷ്ട്രീയങ്ങൾ പലപ്പോഴും “ഒരു ശത്രു”യെ നിർമ്മിച്ചുകൊണ്ടാണ് അനുയായികളെ സംഘടിപ്പിക്കുന്നത്. സവർണനെ ശത്രുവാക്കി ജാതിരാഷ്ട്രീയവും, മുതലാളിയെ ശത്രുവാക്കി വർഗരാഷ്ട്രീയവും, ഇതര വംശങ്ങളെ ശത്രുവാക്കി ഫാസിസ്റ്റ് ദേശീയതയും പ്രവർത്തിക്കുന്നു. മുസ്ലിംകളുടെ രാഷ്ട്രീയസംഘടന ഈ മാതൃകകളിൽ നിന്നു വ്യത്യസ്തമായിരിക്കണം.

“മുസ്ലിംകൾ ഒരു ജാതിയല്ല” എന്ന ഇ.കെ. ഉസ്താദിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. മുസ്ലിംകളുടെ സംഘടനാ തത്വം വിഷയാധിഷ്ഠിതമായിരിക്കണം. മനുഷ്യസ്നേഹം, തുല്യനീതി, സഹവർത്തിത്വം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളിൽ ആരുമായും സഹകരിക്കാൻ അവർ തയ്യാറാകണം.

ഈ വീക്ഷണത്തിന്റെ മറ്റൊരു പ്രധാന പ്രതിഫലനം മനുഷ്യരെക്കുറിച്ചുള്ള പ്രതീക്ഷയാണ്. ഒരു വ്യക്തി സംഘിയാണെന്നോ മുസ്ലിം വിരുദ്ധനാണെന്നോ കരുതി അയാൾക്ക് ഇസ്ലാമിനെ മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കുന്നത് ഇസ്ലാമിക നൈതികതയല്ല. പലപ്പോഴും വിവരക്കേടും തെറ്റിദ്ധാരണയുമാണ് മുൻവിധികളുടെ കാരണം. പ്രത്യേകിച്ച് അൽഗോരിതങ്ങൾ ആളുകളെ അവരുടെ മുൻവിധികൾക്കുള്ളിൽ തന്നെ പൂട്ടിയിടുന്ന ഈ കാലഘട്ടത്തിൽ, തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരോട് സഹാനുഭൂതി പുലർത്തേണ്ട ഉത്തരവാദിത്തം മുസ്ലിംകൾക്കുണ്ട്.

ഇതൊക്കെ പറയുമ്പോൾ മുസ്ലിം പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ ആവശ്യകത നിഷേധിക്കപ്പെടുന്നില്ല. മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനങ്ങൾ ഭരണത്തിൽ മുസ്ലിം പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്നത് “മുസ്ലിംകൾ ഭരിച്ചാലേ മുസ്ലിംകൾക്ക് നീതി ലഭിക്കൂ” എന്ന വിശ്വാസം കൊണ്ടല്ല. അങ്ങനെ കരുതുന്നത് മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പക്വതയെ അവഗണിക്കുന്നതാണ്.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയം പരിശോധിച്ചാൽ അത് വ്യക്തമാണ്. മുസ്ലിം അല്ലാത്ത നിരവധി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും അവരുമായി രാഷ്ട്രീയ സഹകരണം പുലർത്തുകയും ചെയ്ത ചരിത്രം ലീഗിനുണ്ട്.

ഭരണത്തിലെ മുസ്ലിം പ്രാതിനിധ്യം ഒരു സാർവലൗകിക ഇസ്ലാമിക തത്വമല്ല; മറിച്ച് ഇന്ത്യൻ ജനാധിപത്യ യാഥാർഥ്യത്തോടുള്ള ഒരു പ്രായോഗിക പ്രതികരണമാണ്. ഇന്ന് ഇന്ത്യയിലെ അധികാരഘടന വലിയൊരളവിൽ പ്രാതിനിധ്യത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പ്രാതിനിധ്യമുള്ളവർക്ക് മാത്രമാണ് അധികാരഘടനയിൽ ഫലപ്രദമായ പങ്കാളിത്തം സാധ്യമാകുന്നത്. അതുകൊണ്ടാണ് പ്രാതിനിധ്യത്തിനായുള്ള രാഷ്ട്രീയം ആവശ്യമായി വരുന്നത്.

ഇത് ഇസ്ലാമിന്റെ ആദർശ രാഷ്ട്രീയ സങ്കൽപവുമായി തുല്യമല്ല. ഇസ്ലാമിക രാഷ്ട്രീയദർശനത്തിൽ നീതി ഉറപ്പാക്കാൻ പ്രത്യേക പ്രാതിനിധ്യ ക്രമീകരണങ്ങൾ ആവശ്യമില്ല. ദൈവഭയവും ധാർമികബോധവുമുള്ള ഭരണാധികാരികൾ സ്വാഭാവികമായി എല്ലാവർക്കും നീതി നൽകുന്ന സംവിധാനമാണ് അതിന്റെ ആദർശം. എന്നാൽ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥ അങ്ങനെ പ്രവർത്തിക്കുന്നില്ല. അവിടെ നീതി പലപ്പോഴും പ്രാതിനിധ്യത്തിന്റെ അളവിനനുസരിച്ചാണ് വിതരണം ചെയ്യപ്പെടുന്നത്. അതിനാലാണ് പ്രാതിനിധ്യം ഒരു രാഷ്ട്രീയ ആവശ്യമായി മാറുന്നത്.

ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ച ഡോ. അംബേദ്കർ പോലും പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ശക്തമായി വാദിച്ചിരുന്നു. അവഗണിക്കപ്പെട്ട സമൂഹങ്ങൾക്ക് സ്വന്തം ശബ്ദം അധികാരഘടനയിൽ എത്തണമെങ്കിൽ പ്രാതിനിധ്യം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ.

അതിനാൽ മുസ്ലിം പ്രാതിനിധ്യ രാഷ്ട്രീയത്തെ ജാതി-സ്വത്വ രാഷ്ട്രീയവുമായി ലളിതമായി സമീകരിക്കുന്നത് ശരിയല്ല. ആധുനിക ദേശരാഷ്ട്രത്തിന്റെ യാഥാർഥ്യങ്ങളോട് മുസ്ലിംകൾ പ്രായോഗികമായി നടത്തിയ ഒരു പൊരുത്തപ്പെടുത്തലായാണ് അതിനെ കാണേണ്ടത്.

മുസ്ലിംകളുടെ രാഷ്ട്രീയ ദൗത്യം ആത്യന്തികമായി മറ്റുള്ളവരെ ശത്രുവായി നിർവചിക്കലല്ല; നീതി, സഹവർത്തിത്വം, കരുണ, മനുഷ്യസ്നേഹം എന്നീ മൂല്യങ്ങളെ സാമൂഹിക ജീവിതത്തിൽ സ്ഥാപിക്കലാണ്. അതേസമയം, നിലവിലുള്ള ജനാധിപത്യ ഘടനയ്ക്കുള്ളിൽ നീതി ഉറപ്പാക്കാൻ ആവശ്യമായ പ്രാതിനിധ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതും ആ ദൗത്യത്തിന്റെ ഭാഗമാണ്.


ഹൈതമി ഉസ്താദിന്റെ പോസ്റ്റ് ലിങ്ക് :

റഷീദ് ഹുദവി ഉസ്താദിന്റെ ഒറിജിനൽ പോസ്റ്റ് ലിങ്ക് :

(ഇവിടെ എഡിറ്റഡ് വേർഷനാണ് നൽകിയിട്ടുള്ളത്)

യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കരുത്

കേരള രാഷ്ട്രീയ ചരിത്രത്തിൽ 102 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലേറിയത് കേവലം ഒരു ഭരണമാറ്റത്തിന്റെ കഥയല്ല. അത് അഹങ്കാരത്തിനും അധികാര ധാർഷ്ട്യത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ ഒരു താക്കീതും, പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനായുള്ള പ്രതീക്ഷയുടെ പ്രഖ്യാപനവുമായിരുന്നു. മാറിമാറി ഭരിക്കുന്ന മുന്നണികൾക്ക് പലവട്ടം അവസരം നൽകിയ കേരളക്കര, ഇത്തവണ കോൺഗ്രസിന് നൽകിയ ഈ അസാധാരണ ഭൂരിപക്ഷത്തിലൂടെ ഒരു സന്ദേശം കൂടി നൽകി — ജനങ്ങളുടെ വിശ്വാസം നേടാം, പക്ഷേ അത് നിലനിർത്തേണ്ടതും നിങ്ങളാണെന്ന സന്ദേശം.


വി.ഡി. സതീശൻ ഉയർത്തിപ്പിടിച്ച വിനയത്തിന്റെ രാഷ്ട്രീയവും, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരായ മതേതര നിലപാടുമാണ് ഈ ചരിത്രവിജയത്തിന് അടിത്തറയിട്ടത്. എന്നാൽ അധികാരത്തിന്റെ ആദ്യ നാളുകളിൽ തന്നെ ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരും കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ കോപ്രായങ്ങൾ ആ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ തികയും മുമ്പ് തന്നെ, കേരളത്തിൽ പലപ്പോഴായി വർഗീയ വിഷം ചീറ്റിയ സമുദായിക നേതാക്കളുടെ വാതിൽക്കൽ കോൺഗ്രസ് മന്ത്രിമാർ ക്യൂ നിൽക്കുന്ന കാഴ്ച അണികളിലും പൊതുസമൂഹത്തിലും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഒരു പ്രത്യേക ജനവിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയവൻ, മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പോലും മതത്തിന്റെ കണ്ണിലൂടെ കണ്ട് അപമാനിച്ചവൻ, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പറഞ്ഞ് വർഗീയ ഭീതി പരത്തിയവൻ — അങ്ങനെയൊരു വ്യക്തിയുടെ മുന്നിൽ ജനാധിപത്യ സർക്കാരിന്റെ പ്രതിനിധികൾ എത്തിനിൽക്കുമ്പോൾ അതിനെ വെറുമൊരു രാഷ്ട്രീയ സൗഹൃദമായി ചിത്രീകരിക്കാൻ അണികൾക്കോ പൊതുസമൂഹത്തിനോ കഴിയില്ല.

ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത് അധികാരത്തിനുവേണ്ടി ആരുടെയും മുന്നിൽ കീഴടങ്ങാനല്ല; സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മതേതര കേരളത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർശനങ്ങൾ തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പ്രസംഗവേദികളിൽ മതേതരത്വം പറയുകയും, അതേസമയം സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ പോയി കൈകൂപ്പി നിൽക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായും ധാർമ്മികമായും ന്യായീകരിക്കാനാകാത്ത വൈരുധ്യമാണ്.

പാർട്ടിക്ക് ജനങ്ങൾ നൽകിയ വലിയ അംഗീകാരത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, സ്വന്തം ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില മുതിർന്ന നേതാക്കൾ നടത്തുന്ന അണിയറ നീക്കങ്ങളും കാണാതിരിക്കാനാവില്ല. വി.ഡി. സതീശന് ലഭിക്കുന്ന ജനപിന്തുണയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിലരുടെ ഈ തിണ്ണനിരങ്ങൽ എന്ന വിമർശനവും ഉയരുന്നുണ്ട്. സമുദായിക നേതാക്കളുടെ കൊട്ടാരപ്പടികൾ കയറുന്നവർ ഒരു കാര്യം ഓർക്കണം — ഈ വിജയത്തിന്റെ യഥാർത്ഥ ഉടമകൾ നേതാക്കളല്ല; വോട്ട് ചെയ്ത ജനങ്ങളാണ്. ആ സത്യം മറക്കുന്ന നിമിഷം മുതൽ രാഷ്ട്രീയ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കും.

സി.പി.എമ്മിനെ ജനങ്ങൾ ഓഡിറ്റ് ചെയ്തതുപോലെ കോൺഗ്രസിനെയും അവർ ഓഡിറ്റ് ചെയ്യും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്കുകളും അധികാരത്തിലെത്തിയ ശേഷമുള്ള പ്രവൃത്തികളും തമ്മിലുള്ള അകലം ജനങ്ങൾ കൃത്യമായി അളക്കുന്നുണ്ട്. ഇടതുപക്ഷം ചെയ്ത അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാനാണ് ഭാവമെങ്കിൽ, ജനവിധി എന്ന സംരക്ഷണ കവചം അധികനാൾ തുണയ്ക്കില്ല.

തോൽവിയുടെ ആഘാതത്തിൽ ഇനിയും ഉഴലുന്ന ഇടതുപക്ഷം ഇന്ന് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നുണ്ടാകാം. എന്നാൽ ജനങ്ങൾ അവരെ തോൽപ്പിച്ചത് അവരുടെ തെറ്റുകൾക്ക് ശിക്ഷ നൽകാനായിരുന്നു; അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാൻ കോൺഗ്രസിന് അനുമതി നൽകാനല്ല.

രാഷ്ട്രീയ നേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം: ജനവിധി എന്നത് എന്നെന്നേക്കുമായി എഴുതിത്തന്ന ഒരു ശൂന്യ ചെക്കല്ല. അത് നിശ്ചിത കാലാവധിയുള്ള ഒരു വിശ്വാസപത്രമാണ്. അതിനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഭാവിയിലും ജനങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂ.

ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ കേൾക്കുകയും ഓർക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ വീണ്ടും വരും. അന്ന് വിധിയെഴുതുക പ്രസംഗങ്ങൾ കേട്ടല്ല, പ്രവർത്തികൾ വിലയിരുത്തിയാണ്.

അതുകൊണ്ട് കോൺഗ്രസ് നേതൃത്വത്തോട് പറയാനുള്ളത് ഒരു വാക്ക് മാത്രം:

ജനങ്ങൾ നൽകിയ വിശ്വാസത്തിന് മേൽ ദയവായി കരിനിഴൽ വീഴ്ത്തരുത്.

- Mubarak Ravuthar

ആ മൺകുടത്തിലെ വെള്ളം ഇപ്പോൾ നീതിയുടെ അഗ്നിയായി മാറിയിരിക്കുന്നു...

ചില ചിത്രങ്ങൾ ചരിത്രമായി മാറും.

ചില ചിത്രങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങളെക്കാൾ ശക്തമായി ജനങ്ങളുടെ മനസ്സിൽ പതിയും.

ഒരു മകൾ...

സ്വന്തം അച്ഛന്റെ ചിതയ്ക്കരികിൽ...

കൈകളിൽ മൺകുടം...

കണ്ണുകളിൽ തീരാത്ത ദുഃഖം...

ആ ചിത്രം കേരളം കണ്ടതാണ്.

അത് ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഃഖമല്ലായിരുന്നു.

അനീതിക്കെതിരെ ഉയർന്ന ഒരു നിശ്ശബ്ദ നിലവിളിയായിരുന്നു.

അന്ന് ആ പെൺകുട്ടി അറിയുമായിരുന്നില്ല, അവളുടെ കണ്ണീർ ഒരുനാൾ കേരള രാഷ്ട്രീയത്തിന്റെ തന്നെ ചർച്ചാവിഷയമാകുമെന്ന്.

അച്ഛന്റെ മൃതദേഹത്തിനരികിൽ ശിലപോലെ നിന്ന ആ മുഖം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

കാരണം അവിടെ ഒരു ഉദ്യോഗസ്ഥന്റെ മരണം മാത്രമല്ല ഉണ്ടായിരുന്നത്.

ഒരു കുടുംബത്തിന്റെ സുരക്ഷിതത്വം തകർന്നുവീണിരുന്നു.

ഒരു ഭാര്യയുടെ ജീവിതം ശൂന്യമായിരുന്നു.

രണ്ട് പെൺമക്കളുടെ ലോകം ഇരുണ്ടിരുന്നു.

മാസങ്ങൾ കടന്നുപോയി.

വാർത്തകൾ മാറി.

രാഷ്ട്രീയ കാലാവസ്ഥ മാറി.

ഞങ്ങൾക്ക് നീതി എപ്പോൾ കിടുമെന്ന ചോദ്യവുമായി

അവസാനം അവർ ഒരു മുഖ്യമന്ത്രിയുടെ മുന്നിലെത്തി.

അവിടെ അവർ അധികാരത്തിന്റെ അഹങ്കാരം കണ്ടില്ല.

അവരുടെ വേദന കേൾക്കുന്ന ഒരു മനുഷ്യനെയാണ് കണ്ടത്.

വി.ഡി. സതീശന്റെ V D Satheesan  മുന്നിൽ ഇരുന്നപ്പോൾ മഞ്ജുഷ സംസാരിച്ചത് ഒരു കേസിനെക്കുറിച്ചല്ല.

ഒരു ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ ഹൃദയവേദനയായിരുന്നു അത്.

മക്കൾ സംസാരിച്ചത് അന്വേഷണത്തെക്കുറിച്ചല്ല.

അച്ഛനില്ലാത്ത ജീവിതത്തിന്റെ ഭാരത്തെക്കുറിച്ചായിരുന്നു.

ആ നിമിഷം ഒരു രാഷ്ട്രീയ തീരുമാനം മാത്രമല്ല ഉണ്ടായത്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് പുതിയ ജീവൻ ലഭിച്ചു.

ജനങ്ങൾ നേതാക്കളെ ഓർക്കുന്നത് പ്രസംഗങ്ങൾ കൊണ്ടല്ല.

പ്രതിസന്ധിയിൽ ആരുടെ കൂടെ നിന്നു എന്നതുകൊണ്ടാണ്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സത്യം പൂർണമായി പുറത്തുവരുമോ എന്ന് സമയം പറയും.

ആരാണ് ഉത്തരവാദികൾ എന്ന് നിയമം തീരുമാനിക്കും.

പക്ഷേ ഒരു കാര്യം ഇന്ന് വ്യക്തമാണ്.

നീതിക്കായി അലഞ്ഞ ഒരു കുടുംബം ഒടുവിൽ കേൾക്കപ്പെടാൻ തുടങ്ങി.

ആ മക്കളുടെ കണ്ണീരിന് ഇനി ഒരു സർക്കാർ മുഖം തിരിക്കില്ല എന്ന പ്രതീക്ഷ ജനിച്ചു.

അച്ഛന്റെ ചിതയ്ക്കു ചുറ്റും പ്രദക്ഷിണം വെച്ച ആ മൺകുടത്തിലെ വെള്ളം ഇന്ന് നീതിയുടെ അഗ്നിയായി മാറിയിരിക്കുന്നു.

ആ അഗ്നി കെടുത്താനാവില്ല.

കാരണം അത് ഒരു കുടുംബത്തിന്റെ വേദനയിൽ നിന്നാണ് ജനിച്ചത്.

സത്യം പുറത്തുവരുന്നതുവരെ,

നീതി നടപ്പാകുന്നതുവരെ,

ആ കണ്ണീർ കേരളത്തിന്റെ മനഃസാക്ഷിയെ പിന്തുടർന്നുകൊണ്ടേയിരിക്കും.

- മുബാറക് റാവുത്തർ

ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെക്കുന്നവർ

ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെച്ച ചരിത്രമുള്ള ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നു. അധികാരികളെ പ്രീണിപ്പിക്കുന്നവർക്ക് പദവികൾ വെള്ളിത്താലത്തിൽ വെച്ചുനീട്ടുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ജീർണ്ണതയാണ് ഈ ശുപാർശയിലൂടെ ഒരിക്കൽക്കൂടി അനാവൃതമാകുന്നത്.


ഭരണകൂട ദാസ്യത്തിന്റെ തെളിവുകളായി അദ്ദേഹത്തിന്റെ സേവനകാലത്തെ ചില പ്രമുഖ വിധികൾ ഇതാ:

❗മാലേഗാവ് സ്ഫോടനക്കേസ്: 2006-ലെ മാലേഗാവ് സ്ഫോടനക്കേസിൽ അവശേഷിച്ചിരുന്ന അവസാന നാല് പ്രതികൾക്കെതിരെയുള്ള കുറ്റപത്രങ്ങൾ പോലും റദ്ദാക്കി അവരെ വെള്ളപൂശി പുറത്തുവിട്ടു.

❗ആർ.എസ്.എസ് മേധാവിക്ക് പരവതാനി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇസഡ് പ്ലസ് (Z+) സുരക്ഷ നൽകുന്നതിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളിക്കളഞ്ഞു.

❗അദാനിക്ക് സംരക്ഷണ കവചം: കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രീൻ എനർജിയും കൂട്ടാളികളും ഉൾപ്പെട്ട അന്താരാഷ്ട്ര കൈക്കൂലി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്ക് മേൽ കണ്ണടച്ച് തള്ളി.

❗സൊഹ്റാബുദ്ദീൻ കേസ്: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 22 പേരെയും വെറുതെവിട്ട വിചാരണക്കോടതി നടപടി ഒരു ഉളുപ്പുമില്ലാതെ ശരിവെച്ചു.

ഭരണകൂടത്തോടുള്ള നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ വിധേയത്വവും, അതിന് പകരമായി ജഡ്ജിമാർക്ക് ലഭിക്കുന്ന പദവികയറ്റവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്ത് അമ്പരപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. 

ജസ്റ്റിസ് ചന്ദ്രശേഖർ ഇനി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിയമന ഉത്തരവിനായി കാത്തിരിക്കുകയാണ്. ഇയാൾ വിരമിച്ചാൽ ബി.ജെ.പി സർക്കാർ ഇയാളെ രാജ്യസഭാ എംപിയോ, മന്ത്രിയോ, അതുമല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറോ ആക്കി ആദരിക്കുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്?

ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം ഇന്ന് അതിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. നീതിപീഠങ്ങൾ ഭരണാധികാരികളുടെ ചട്ടുകമായി മാറുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുമെന്നത് ചരിത്രമാണ്. നേപ്പാളിലും ബംഗ്ലാദേശിലും നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും ആദ്യം അടി വാങ്ങിക്കൂട്ടിയത് അവിടുത്തെ വിടുപണി ചെയ്ത ജഡ്ജിമാരായിരുന്നു എന്ന യാഥാർത്ഥ്യം ഇന്ത്യൻ ഭരണാധികാരികളും ജുഡീഷ്യറിയും മറക്കാതിരിക്കുന്നത് നന്നായിരിക്കും!

- മുബാറക് റാവുത്തർ

ഫാത്തിമ തഹിലിയയുടെ നിലവിളക്ക് കൊളുത്തൽ

കേരളത്തിലെ പൊതുവേദികളിൽ പതിവായി ഉയരുന്ന ഒരു ചോദ്യമാണ് മുസ്ലിംകൾക്ക് നിലവിളക്ക് കൊളുത്താമോ എന്നത്. അടുത്തിടെ #ഫാത്വിമ_തഹിലിയയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും അതേ വിഷയത്തെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നു. എന്നാൽ ഈ വിഷയം വികാരപരമായ മുദ്രാവാക്യങ്ങളിലൂടെ അല്ല, ഇസ്ലാമിക ഫിഖ്ഹിന്റെയും സാമൂഹിക യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ശാന്തമായാണ് ചര്‍ച്ച ചെയ്യേണ്ടത്.


നിലവിളക്ക് എന്നത് കേരളീയ സമൂഹത്തിൽ ഒരു സാംസ്കാരിക പ്രതീകമായി പലരും കാണുന്ന ഒന്നാണ്. സ്കൂൾ ഉദ്ഘാടനങ്ങൾ, സർക്കാർ പരിപാടികൾ, കലാ-സാംസ്കാരിക വേദികൾ തുടങ്ങി മിക്കവാറും എല്ലാ മതേതര സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടാറുണ്ട്. ജാതി സവർണതയും ബ്രാഹ്മണിക്കൽ സാംസ്കാരികതയും കേരളീയ പൊതുബോധത്തിൽ അത്രയേറെ ആഴത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതിനാൽ, ചില കണേഷുമാരി മുസ്ലിംകൾ നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരമായി അല്ല, മറിച്ച് ഒരു സാമൂഹിക-സാംസ്കാരിക ചടങ്ങിന്റെ ഭാഗമായിട്ടാണ് കാണുന്നത്.

അതേസമയം, ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും വിശ്വാസികളും ഇതിനെ ഹിന്ദു മതത്തിന്റെ ചിഹ്നപരമായ ആചാരവുമായി ബന്ധപ്പെട്ടതായാണ് കാണുന്നത്. ഹിന്ദു ആചാരങ്ങളിലും പൂജാ ചടങ്ങുകളിലും നിലവിളക്കിന് ഉള്ള പ്രാധാന്യം കണക്കിലെടുത്ത്, അതിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെടുന്നു. ഇത് മറ്റൊരു മതത്തെ അപമാനിക്കുന്ന നിലപാടല്ല; മറിച്ച് സ്വന്തം മതപരമായ അതിരുകൾ സംരക്ഷിക്കാനുള്ള സമീപനമാണെന്നും അവർ വിശദീകരിക്കുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മുസ്ലിം പണ്ഡിത സമൂഹത്തിനുള്ളിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിട്ടുണ്ട് എന്നതാണ്. ഇന്നല്ല, ഏറെ കാലമായി മുസ്ലിം ലീഗിലുൾപ്പെടെ കേരളീയ മുസ്ലിം സമൂഹത്തിലെ വിവിധ മത-സാമൂഹിക സംഘടനകളിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും നിലവിളക്ക് കൊളുത്തുന്നവരും അതിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന തരത്തിലുള്ള പരസ്പര വിധിപറച്ചിലിലേക്ക് ചുരുക്കുന്നത് ആരോഗ്യകരമല്ല.

ഇസ്ലാമിൽ നിയ്യത്തിന് വലിയ പ്രാധാന്യമുണ്ട്. “അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല, ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമാണ് നോക്കുന്നത്” എന്ന ഹദീസ് പലപ്പോഴും നിലവിളക്ക് കൊളുത്തുന്നവർ സ്വയംരക്ഷക്കായി ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇസ്ലാമിക നിയമശാസ്ത്രത്തിൽ നിയ്യത്ത് മാത്രം മതിയാകില്ല; പ്രവൃത്തിയുടെ ബാഹ്യരൂപവും സമൂഹം അതിനെ എങ്ങനെ വായിക്കുന്നു എന്നതും പരിഗണിക്കപ്പെടും. അതുകൊണ്ടാണ് ഉലമാക്കൾ ഈ വിഷയത്തിൽ ജാഗ്രത ആവശ്യപ്പെടുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിൽ വിളക്ക് കൊളുത്തുന്നവർക്കും കൊളുത്താതിരിക്കുന്നവർക്കും ഒരുപോലെ അവകാശമുണ്ട്. ഒരാളെ നിർബന്ധിച്ച് വിളക്ക് കൊളുത്തിക്കാനോ, കൊളുത്തിയതിന്റെ പേരിൽ മതവിരുദ്ധരായി മുദ്രകുത്താനോ പാടില്ല.മതവിശ്വാസവും സാംസ്കാരിക സഹവർത്തിത്വവും തമ്മിലുള്ള ഈ സൂക്ഷ്മമായ അതിർത്തികളെ മനസ്സിലാക്കിയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. 

എന്നാൽ മുസ്ലിം ലീഗിലെ ഹരിത ബാച്ചിലെ പെൺതലമുറയെ നയിക്കുന്ന ഒരാളെന്ന നിലയിൽ ലിബറലിസത്തിന്റെ ചതിക്കുഴികളിൽ വീണുപോകാതിരിക്കാനുള്ള വിവേകം ഇനിയെങ്കിലും തഹിലിയും സംഘവും കാണിക്കണം. പുരുഷൻമാരുമായുള്ള അനിയന്ത്രിത സഹവാസം ഉൾപ്പെടെ വിശ്വാസപരമായ വിഷയങ്ങളെയും അതുയർത്തുന്ന പണ്ഡിതരെയും പുച്ഛത്തോടെ കാണുന്ന നവ ഇസ്ലാമിക് ഫെമിനിസം അതിരുവിട്ടാൽ, അത് ചിലപ്പോൾ പാർട്ടിയുടെ സംഘടനാ ഘടനയെ തന്നെ ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിക്കാം.

അതുകൊണ്ട് തഹിലിയയെയും സംഘത്തെയും പാർട്ടി ഘടനയ്ക്കുള്ളിൽ ആശയപരമായും സംഘടനാപരമായും നിയന്ത്രിച്ച് നിർത്താനുള്ള തീരുമാനം ഇനിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം കൈക്കൊള്ളേണ്ടതുണ്ട്.

— Mubarak Ravuthar

മാധ്യമങ്ങളും വിഡി സതീശന്റെ ശൈലിയും

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ മാധ്യമങ്ങളെ നേരിടുന്നത് തന്നെ ഒരു വലിയ പരീക്ഷണമാണ്. പ്രത്യേകിച്ച് 24 മണിക്കൂർ ന്യൂസ് ചാനലുകളും, സോഷ്യൽ മീഡിയ ക്ലിപ്പിംഗുകളും, “ട്രെൻഡ്” രാഷ്ട്രീയം നയിക്കുന്ന ഒരു കാലഘട്ടത്തിൽ ഓരോ വാക്കും രാഷ്ട്രീയ ആയുധമാക്കപ്പെടുമ്പോൾ. അത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി V D Satheesan  മാധ്യമങ്ങളോട് പെരുമാറിയ രീതി പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നിയത്.


പ്രത്യേകിച്ച് ED വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദിച്ച രീതിയും, അതിന് അദ്ദേഹം നൽകിയ പ്രതികരണവും നോക്കുമ്പോൾ, അത് ഒരു രാഷ്ട്രീയ നേതാവിന്റെ മറുപടി മാത്രമല്ല; മാധ്യമ സംസ്കാരത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഒരു പാഠപുസ്തക മാതൃക പോലെയായിരുന്നു.

യാത്ര പോകാൻ വാഹനം കാത്തു നിൽക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തെ മാധ്യമങ്ങൾ വളഞ്ഞു. പതിവുപോലെ “കുത്തിത്തിരിപ്പൻ” ചോദ്യങ്ങൾ. ഒരു വാക്ക് കിട്ടിയാൽ അതിനെ ബ്രേക്കിംഗ് ആക്കി മണിക്കൂറുകൾ ചർച്ച ചെയ്യാൻ തയ്യാറായ ഒരു മാധ്യമ സംസ്കാരം. 

അത്തരം സാഹചര്യത്തിൽ പല നേതാക്കളും അസഹിഷ്ണുത കാണിക്കാറുണ്ട്. ചിലർ കോപിക്കുന്നു. ചിലർ മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു. ചിലർ ചോദ്യം കേൾക്കാതെ നടന്ന് പോകുന്നു. എന്നാൽ വി.ഡി. സതീശൻ എടുത്ത നിലപാട് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

അദ്ദേഹം ക്ഷമയോടെ നിന്നു. ചോദ്യങ്ങൾ കേട്ടു. ചിരിച്ചു. സൗഹൃദം പങ്കുവെച്ചു. ആവശ്യമുള്ളതിൽ മാത്രം മറുപടി നൽകി. ആവശ്യമുള്ളിടത്ത് മാത്രം കൃത്യതയോടെ സംസാരിച്ചു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ വിവാദങ്ങൾക്ക് ഇന്ധനം കൊടുക്കാതെ, മാധ്യമങ്ങൾക്ക് “headline material” ഒരുക്കിക്കൊടുക്കാതെയും അദ്ദേഹം സ്ഥിതിഗതികൾ കൈകാര്യം ചെയ്തു. 

അതാണ് ഒരു രാഷ്ട്രീയ നേതാവ് കാണിക്കേണ്ട പക്വത. അല്ലാതെ മാധ്യമ പ്രവർത്തകരെ അപമാനിക്കുകയോ കടക്കു പുറത്തെന്ന് പറഞ്ഞു ധാർഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കുകയല്ല വേണ്ടതെന്ന് സതീശൻ കൃത്യമായ സന്ദേശം നൽകുകയാണ്.

കാരണം ഇന്നത്തെ രാഷ്ട്രീയത്തിൽ ഒരു വലിയ പ്രശ്നമുണ്ട് —
“എന്തെങ്കിലും പറഞ്ഞാലും വിമർശിക്കും… പറയാതിരുന്നാലും വിമർശിക്കും…” എന്ന അവസ്ഥ.

ഒരു നേതാവ് പ്രതികരിച്ചാൽ അതിൽ നിന്ന് പുതിയ വിവാദം ഉണ്ടാക്കും. പ്രതികരിക്കാതിരുന്നാൽ “ഒളിച്ചോടി”, “മറുപടി ഇല്ല”, “ഭയന്നു” എന്ന രീതിയിൽ ചർച്ചകൾ തുടങ്ങും. അങ്ങനെ വന്നാൽ പലരും നിരന്തരം ഓരോ വിഷയത്തിലും പ്രതികരിച്ച് സ്വയം തന്നെ കുടുക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. എന്നാൽ ചില വിഷയങ്ങളിൽ “പറയാതെ ഇരിക്കുന്നത്” തന്നെ കൂടുതൽ പക്വമായ രാഷ്ട്രീയ നിലപാടാകാം എന്ന ബോധ്യമാണ് വി.ഡി. സതീശന്റെ സമീപനത്തിൽ കാണാനായത്.

മാധ്യമങ്ങളെ ശത്രുക്കളായി കാണാതെയും, അതേ സമയം മാധ്യമങ്ങളുടെ “trap politics” മനസ്സിലാക്കി അതിൽ വീഴാതെയും പെരുമാറുക എന്നത് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ പഠിക്കേണ്ട ഒരു കല തന്നെയാണ്. ഒരു രാഷ്ട്രീയ നേതാവിന് എല്ലാത്തിനും ഉടൻ പ്രതികരിക്കേണ്ട ബാധ്യതയില്ല. ചിലപ്പോൾ മൗനം പോലും ഒരു രാഷ്ട്രീയ ഭാഷയാണ്. എന്നാൽ ആ മൗനം ഒളിച്ചോട്ടമോ ഭയമോ അല്ല, നിയന്ത്രിതമായ രാഷ്ട്രീയ പക്വതയാണ്. അതാണ് നേതൃഗുണം.

ഇന്ന് സോഷ്യൽ മീഡിയ കാലത്ത് ക്ലിപ്പുകൾ മാത്രമാണ് ജീവിക്കുന്നത്. 30 മിനിറ്റ് സംസാരിച്ചതിൽ നിന്ന് 10 സെക്കന്റ് മാത്രം മുറിച്ച് വൈറലാക്കുന്ന സംസ്കാരമാണ് നിലനിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം വാക്കുകൾ എങ്ങനെ ഉപയോഗിക്കണം, എവിടെ നിർത്തണം, എത്ര മാത്രം പറയണം എന്നത് വലിയ രാഷ്ട്രീയ ബോധം ആവശ്യപ്പെടുന്ന കാര്യമാണ്.

അതിനാൽ തന്നെ, മാധ്യമങ്ങളോട് പെരുമാറുന്ന രീതിയിൽ ഇന്ന് വി.ഡി. സതീശൻ കാണിച്ച ശൈലി ഒരു മാതൃകയായി പറയേണ്ടതുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയായാലും, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഇന്നത്തെ സമീപനം വളരെ നിയന്ത്രിതവും പക്വവുമായിരുന്നു.

ഇത് നേതാക്കൾ മാത്രം അല്ല, പൊതുപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും പഠിക്കേണ്ട ഒരു പാഠമാണ് —

ഓരോ ചോദ്യത്തിനും പ്രതികരിക്കേണ്ടതില്ല.
ഓരോ പ്രകോപനത്തിനും കോപിക്കേണ്ടതില്ല.

ചിലപ്പോൾ ഏറ്റവും ശക്തമായ മറുപടി, നിയന്ത്രിതമായ മൗനവും മാന്യമായ പെരുമാറ്റവുമാകാം.

- Mubarak Ravuthar

കാവലാൾ രാവണൻ


യുപിയിലെ ഈദ് ഗാഹുകൾക്ക് മുന്നിൽ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് രാവൺ എംപിയും സംഘവും നൽകിയ കാവൽ, അംബേദ്കർ സ്വപ്നം കണ്ട ജനാധിപത്യ ഇന്ത്യയുടെ ഒരു പുതു യുഗപിറവിയുടെ പ്രഖ്യാപനമാണ്.

ഭീതിയും വർഗീയ കലാപ ഭീഷണിയും സൃഷ്ടിച്ച് മുസ്ലിംകളുടെ ആഘോഷങ്ങളെ പോലും അസ്വസ്ഥമാക്കാൻ ശ്രമിച്ചിരുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് മുന്നിൽ, ഇത്തവണ യുപി മറ്റൊരു ദൃശ്യം കണ്ടു — ഐക്യത്തിന്റെ, പ്രതിരോധത്തിന്റെ, സഹവർത്തിത്വത്തിന്റെ ദൃശ്യം.

ഈദിനോടനുബന്ധിച്ച് വർഷങ്ങളായി ചില മേഖലകളിൽ ആവർത്തിക്കപ്പെട്ടിരുന്ന പ്രകോപന രാഷ്ട്രീയങ്ങളും കലാപ നീക്കങ്ങളും ഒറ്റയടിക്ക് നിലച്ചത് യാദൃശ്ചികമല്ല.

അതിന് പിന്നിൽ രാവൺ സേനയുടെ ആ “കൈകെട്ടി നിൽക്കുന്ന” കാവലിന്റെ സ്വാധീനമുണ്ട്. അത് വെറും സുരക്ഷയല്ല, ഒരു രാഷ്ട്രീയ സന്ദേശമാണ്.

“ദലിത് - മുസ്ലിം ഐക്യം” എന്ന ആശയം പുസ്തകങ്ങളിൽ നിന്നും തെരുവിലേക്കിറങ്ങുമ്പോൾ ഇന്ത്യയുടെ സാമൂഹിക സമവാക്യങ്ങൾ തന്നെ മാറിത്തുടങ്ങും.

അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുക എളുപ്പമല്ലെന്ന് യുപി ഇത്തവണ തെളിയിച്ചു. 🔥

ഭരണഘടനയെ നെഞ്ചോട് ചേർത്ത്, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മനുഷ്യരെ കാത്തുനിൽക്കുന്ന ഓരോ കൈയും ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷയാണ്. ✊🏽

- മുബാറക് റാവുത്തർ

യു.എ.പി.എ കേസിൽ മദ്റസ അധ്യാപകനെ കോടതി വെറുതെവിട്ടു: ഒരു പതിറ്റാണ്ടിലേറെ നീണ്ട തടവുശിക്ഷയ്ക്ക് ശേഷം മോചനം


ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി  തടവിലാക്കപ്പെടുന്നവർ നേരിടുന്ന ദീർഘകാലത്തെ വിചാരണത്തടവെന്ന വലിയ നിയമ വെല്ലുവിളി അടിവരയിടുന്ന ഒരു സുപ്രധാന വിധിയിൽ, ഒഡീഷയിലെ കട്ടക്ക് സെഷൻസ് കോടതി മദ്റസ അധ്യാപകനായ മൗലാനാ അബ്ദുർ റഹ്മാൻ കട്കിയെ വെറുതെവിട്ടത്. രാജ്യമെങ്ങും 2015 ൽ വലിയ കോലാഹലങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കിയ യു.എ.പി.എ കേസിലാണ് ഈ വെറുതെ വിടൽ. 

തെളിവുകൾ ഒരെണ്ണം പോലും ഹാജരാക്കാൻ കഴിയാതെ പോയ കേസിൽ വെറുതെ വിട്ടത് സംബന്ധിച്ച് ഒരൊറ്റ മാധ്യമം പോലും വാർത്ത നൽകിയിട്ടില്ല. ജാമിഅ ടൈംസ് പോലെയുള്ള സമാന്തര പ്രാദേശിക മാധ്യമങ്ങൾ അല്ലാതെ.

അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ്(AQIC), ഇന്ത്യൻ മുജാഹിദീൻ (IM)എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 ഡിസംബറിലാണ് ഒഡീഷ, ഡൽഹി പൊലീസുകളുടെ സംയുക്ത സംഘം ജഗത്പൂരിലെ പശ്ചിമകച്ച ഗ്രാമത്തിൽ നിന്ന് മൗലാനാ റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. അനുമതിയില്ലാത്ത മദ്റസ നടത്തുക, ഭീകര സംഘടനകൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക, ഫണ്ട് ശേഖരണം, രാജ്യദ്രോഹം തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റങ്ങൾ.

‼️വിധി പ്രസ്താവിച്ച ജില്ലാ സെഷൻസ് ജഡ്ജി മാനസ് രഞ്ജൻ ബാരിക്, മൗലാനാ റഹ്മാനെതിരെ ചുമത്തിയ എല്ലാ യു.എ.പി.എ കുറ്റങ്ങളിൽ നിന്നും ഐ.പി.സി 124-എ വകുപ്പിൽ നിന്നും അദ്ദേഹത്തെ പൂർണ്ണമായി വെറുതെവിട്ടു. കേസിൽ 46 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടും പ്രൊസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.വിശ്വസനീയമായ തെളിവുകളില്ലാതെ വെറും വാക്കാലുള്ള 

ആരോപണങ്ങൾ മാത്രമാണ് പ്രൊസിക്യൂഷൻ മുന്നോട്ട് വെച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.‼️ കൂടാതെ, വിസ്താരത്തിനിടയിൽ മൗലാനാ റഹ്മാൻ നടത്തിയ മദ്റസയിലെ ഒരു വിദ്യാർത്ഥി പോലും ഏതെങ്കിലും നിരോധിത സംഘടനയിൽ ചേർന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു.

പത്ത് വർഷത്തിലധികം ജയിൽവാസം അനുഭവിച്ച ശേഷമാണ് മൗലാനാ റഹ്മാൻ ഒഡീഷയിലെ ഈ കേസിൽ നിന്നും മോചിതനാകുന്നത്. വ്യക്തമായ തെളിവുകളില്ലാതെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തുന്നതിനെക്കുറിച്ചും, വർഷങ്ങൾ നീളുന്ന വിചാരണകൾ വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന കടുത്ത ആഘാതങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് ഈ വിധി വീണ്ടും വഴിതുറന്നിരിക്കുകയാണ്.

- മുബാറക് റാവുത്തർ

ഡി.കെ എന്ന രണ്ടക്ഷരം: നെഞ്ചുറപ്പിന്റെ രാഷ്ട്രീയ ചരിത്രം


രാഷ്ട്രീയം എന്നത് അധികാരത്തിന്റെ ഇടനാഴികളിലൂടെ നടക്കുന്ന കസേരപ്പോരുകളുടെ പേരല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കർണാടകത്തിന്റെ രാഷ്ട്രീയ മണ്ണ്. അധികാരത്തിനുവേണ്ടി സ്വന്തം ആത്മാവുപോലും പണയംവെക്കുന്ന കാലത്ത്, ആശയത്തിനും വിശ്വസ്തതയ്ക്കും വേണ്ടി ജീവിതം മുഴുവൻ പൊരുതിയ ഒരു മനുഷ്യന്റെ കഥയാണ് DK Shivakumar  എന്ന പേര് നമ്മോട് പറയുന്നത്.

ഒരു വശത്ത് പ്രതിസന്ധികളിൽ തകരാത്ത ഹിമാലയം പോലൊരു പോരാളി. മറുവശത്ത് രാഷ്ട്രീയ പക്വതയും സഹിഷ്ണുതയും കൈവിടാത്ത സിദ്ധരാമയ്യ എന്ന ജനനായകൻ. ഇരുവരും ചേർന്ന് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത് അധികാര ലോഭത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് പരസ്പര ബഹുമാനത്തിന്റെയും സംഘടനാ വിശ്വസ്തതയുടെയും മഹത്തായ മാതൃകയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രാഷ്ട്രീയം കണ്ടത് വിഭാഗീയതയുടെ ദുരന്തങ്ങളായിരുന്നു. ഛത്തീസ്ഗഡിൽ ആഭ്യന്തര പോര് സർക്കാരിന്റെ കരുത്ത് ചോർത്തി. പഞ്ചാബിൽ നേതൃത്വ തർക്കങ്ങൾ പാർട്ടിയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ഉത്തരാഖണ്ഡിലും ഹരിയാനയിലും ഗ്രൂപ്പിസം കോൺഗ്രസിന് കനത്ത തിരിച്ചടികൾ സമ്മാനിച്ചു.

പക്ഷേ കർണാടകത്തിൽ ആ കഥ ആവർത്തിക്കപ്പെട്ടില്ല.

കാരണം, അവിടെ കോൺഗ്രസിന്റെ അടിത്തറ തകർന്നുവീഴാതിരിക്കാൻ സ്വന്തം നെഞ്ച് മതിലാക്കിയ ഒരു മനുഷ്യനുണ്ടായിരുന്നു — ഡി.കെ. ശിവകുമാർ.

അന്വേഷണ ഏജൻസികളും രാഷ്ട്രീയ പ്രതികാരങ്ങളും ചേർന്ന് വളഞ്ഞിട്ടും, അധികാരത്തിന്റെ ഭീഷണികൾ പിന്തുടർന്നിട്ടും, സ്വന്തം നെഞ്ചിൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി ചേർത്തുപിടിച്ച് അദ്ദേഹം നിന്നു. ഒറ്റപ്പെടലുകളും വേട്ടയാടലുകളും സഹിച്ചുകൊണ്ട് പോലും പാർട്ടിയെ കൈവിടാത്ത ഒരു രാഷ്ട്രീയ വിശ്വസ്തന്റെ അപൂർവ ചരിത്രം.

2019-ൽ അദ്ദേഹത്തിന്റെ ജീവിതം ഇരുണ്ട ഒരു വഴിത്തിരിവിലെത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ അന്വേഷണങ്ങളും അറസ്റ്റും അദ്ദേഹത്തെ തകർക്കാനായിരുന്നു. അമ്പത് ദിവസങ്ങൾ തിഹാർ ജയിലിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടിവന്നു. സ്വന്തം പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് പോലും ജാമ്യം അനുവദിക്കാത്ത ക്രൂരമായ അവസ്ഥ. എതിരാളികൾ ആഘോഷിച്ചു. ഡി.കെ എന്ന അധ്യായം അവസാനിച്ചുവെന്ന് അവർ കരുതി.

പക്ഷേ അവർ മറന്നുപോയിരുന്നു — തീയിൽ കത്തിച്ചാൽ ചാരമാകുന്ന മനുഷ്യരുണ്ട്; അതേ തീയിൽ നിന്ന് ചിറകുവിരിച്ച് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷികളും ഉണ്ട്.

2020-ൽ ഡി.കെ തിരിച്ചുവന്നു.

തളർന്നില്ല. തകർന്നില്ല. പ്രതികാരത്തിന്റെ ഭാഷ പോലും സംസാരിച്ചില്ല.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ ശേഷം, തകർന്നടിഞ്ഞ സംഘടനയെ അദ്ദേഹം വീണ്ടും പുനർനിർമ്മിച്ചു. ഗ്രാമങ്ങളിലും വാർഡുകളിലും നേരിട്ട് ഇറങ്ങി ചെന്ന് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുത്തു. അധികാരത്തിൽ നിന്ന് അകന്നുപോയ ഒരു പാർട്ടിക്ക് വീണ്ടും ജീവൻ നൽകി.

ആ പോരാട്ടത്തിന്റെ ഫലം ഇന്ത്യ കണ്ടത് 2023-ലായിരുന്നു.

കർണാടകത്തിൽ കോൺഗ്രസ് ചരിത്രവിജയം നേടി. ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർന്നു വീണു. അന്ന് വിജയത്തിന്റെ നടുവിൽ ക്യാമറകൾക്ക് മുന്നിൽ നിറ കണ്ണീരോടെ പൊട്ടി കരഞ്ഞു കൊണ്ട് നിന്ന ഡി.കെ പറഞ്ഞ വാക്കുകൾ ഇന്നും പ്രവർത്തകരുടെ ഹൃദയത്തിലുണ്ട്.

“സോണിയാ ഗാന്ധിക്ക് ഞാൻ കൊടുത്ത വാക്കാണിത്… കർണാടക ഞാൻ തിരിച്ചുപിടിച്ചു കൊടുക്കുമെന്ന്. ഞാനാ വാക്ക് പാലിച്ചു.”

അതൊരു രാഷ്ട്രീയ പ്രസംഗമല്ലായിരുന്നു.

ഒരു മനുഷ്യന്റെ വിശ്വസ്തതയുടെ സാക്ഷ്യപത്രമായിരുന്നു.

ഇന്ന് 2026-ലെ ഈ ചരിത്രമുഹൂർത്തത്തിൽ, മൂന്നു വർഷങ്ങളുടെ കാത്തിരിപ്പുകൾക്ക് ശേഷം ആ രാഷ്ട്രീയ നിയോഗം അദ്ദേഹത്തിന്റെ അരികിലെത്തിയെന്ന വികാരമാണ് അണികളിൽ നിറയുന്നത്. അന്വേഷണങ്ങളും വേട്ടയാടലുകളും അധികാര സമ്മർദ്ദങ്ങളും എല്ലാം കടന്നുപോയിട്ടും പാർട്ടിയെയും ആശയത്തെയും ഒരിക്കലും ഒറ്റുകൊടുക്കാത്ത നേതാവായി ഡി.കെ മാറി.

അതുകൊണ്ടാണ് അദ്ദേഹത്തെ “യഥാർത്ഥ കോൺഗ്രസുകാരനായ മനുഷ്യൻ (ദ റിയൽ കോൺഗ്രസ് മാൻ)” എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

ഇതിനിടയിൽ സിദ്ധരാമയ്യയും ഡി.കെ.യും കാട്ടിയ രാഷ്ട്രീയ പക്വതയും പ്രത്യേകം പറയേണ്ടതാണ്. മുഖ്യമന്ത്രി കസേരയ്ക്കായും വിട്ടു നൽകുന്നതിനായും അവർ പരസ്പരം പോരടിച്ചില്ല. ഡി.കെ തന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു. സിദ്ധരാമയ്യയാകട്ടെ, പ്രായവും പുതിയ കാലത്തിന്റെ ആവശ്യവും ഉൾക്കൊണ്ട് പുതിയ തലമുറയ്ക്ക് ഇടം നൽകുന്ന രാഷ്ട്രീയ പക്വത കാട്ടി.

അത് രാഷ്ട്രീയ സംസ്കാരത്തിന്റെ അപൂർവ സൗന്ദര്യമാണ്.

വർഷങ്ങളുടെ കണ്ണീരും ത്യാഗവും വിശ്വസ്തതയും ഒടുവിൽ ഫലം കാണുമ്പോൾ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല.

അത് വിശ്വസ്തതയുടെ വിജയമാണ്.

അതൊരു പോരാട്ടത്തിന്റെ വിജയമാണ്.

അതൊരു രാഷ്ട്രീയ കാവ്യനീതിയാണ്.

തന്ത്രജ്ഞൻ. വിശ്വസ്തൻ. പോരാളി.

ഒരു യഥാർത്ഥ ജനനായകൻ.

കർണാടകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി ഒരു പുതിയ അധ്യായം തുടങ്ങുകയാണ്.

ഡി.കെ എന്ന രണ്ടക്ഷരത്തിൽ നിന്നുള്ള ഒരു യുഗം.

- മുബാറക് റാവുത്തർ -

ചുവപ്പിലെ കാവി നിഴലുകൾ : സി.പി.ഐ.(എം)-ന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധിയും പാർട്ടിയെ വിശ്വസിക്കുന്ന ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അടിമത്തവും

കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം പതിറ്റാണ്ടുകളായി സ്വയം വിശേഷിപ്പിച്ചിരുന്നത് “പുരോഗമന”, “മതേതര”, “ഫാസിസ്റ്റ് വിരുദ്ധ” എന്ന വിശേഷണങ്ങളിലൂടെയാണ്. എന്നാൽ, തെരുവിലെ യാഥാർത്ഥ്യ രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളുടെ മിനുക്കുപണിക്ക് അടിയിൽ മറഞ്ഞുകിടക്കുന്ന ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ കെ രാഗേഷ് നടത്തിയ പരാമർശത്തെ ചുറ്റിപ്പറ്റി ഉയർന്ന ചർച്ചകൾ.

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ആളുകൾ സി.പി.എമ്മിലാണെന്ന് ഒരു ജില്ലാ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കേണ്ടി വരുന്നത്, ഒരു സാധാരണ രാഷ്ട്രീയ പ്രസ്താവനയല്ല. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിൽ പതിറ്റാണ്ടുകളായി വളർന്നുകൊണ്ടിരിക്കുന്ന ആശയപരമായ പൊള്ളുകളുടെ തുറന്ന വെളിപ്പെടുത്തലാണ്.

സി.പി.എം എക്കാലത്തും ഉയർത്തിപ്പിടിച്ചത് “വർഗ രാഷ്ട്രീയം”, “മതനിരപേക്ഷത”, “ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം” തുടങ്ങിയ വലിയ മുദ്രാവാക്യങ്ങളായിരുന്നു. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ പാർട്ടി പ്രവർത്തിക്കുന്ന സാമൂഹിക മനോഭാവം പരിശോധിക്കുമ്പോൾ, അതിന്റെ അടിത്തറ ഒരു ഹിന്ദു ഭൂരിപക്ഷ സാമൂഹിക ബോധത്തിന്റെ പരിധിക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്നതാണെന്ന ബോധ്യം ഇന്ന് കൂടുതൽ ശക്തമാകുകയാണ്.

സംഘപരിവാർ ആശയങ്ങൾ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ മണ്ണ് സി.പി.എം അണികൾക്കിടയിലാണെന്ന് അവരുടെ സ്വന്തം നേതാക്കൾ തന്നെ ആശങ്കപ്പെടുമ്പോൾ, അത് വെറും സംഘടനാപരമായ പ്രശ്നമല്ല. അത് പാർട്ടി ഇത്രയും കാലം നൽകിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പരാജയ പ്രഖ്യാപനമാണ്. ഒരു വശത്ത് ഫാസിസത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും, മറുവശത്ത് സ്വന്തം അണികളിൽ വലിയൊരു വിഭാഗം അതേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് വഴുതിപ്പോകാൻ തയ്യാറായ മനോഭാവം പുലർത്തുകയും ചെയ്യുന്നത്, സി.പി.എമ്മിന്റെ ആശയപരമായ ശൂന്യതയെ തുറന്നുകാട്ടുന്നതാണ്.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം ഇതിലാണ് — സംഘപരിവാറിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം തന്നെ, സാമൂഹികമായി അതേ രാഷ്ട്രീയത്തിന്റെ വികാരഭൂമിയിൽ നിന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മുൻ സി.പി.എം പ്രവർത്തകരുടെ നിര സ്ഥിരമായി വളരുന്നത് യാദൃശ്ചികമല്ല. ആശയപരമായ ദൂരമില്ലാത്തിടത്ത് രാഷ്ട്രീയ കുടിയേറ്റം എളുപ്പമാകുന്നത് സ്വാഭാവികമാണ്.

ഈ യാഥാർത്ഥ്യത്തിന്റെ ഏറ്റവും വലിയ ഇരകൾ ന്യൂനപക്ഷങ്ങളാണ്. പ്രത്യേകിച്ച് മുസ്ലിം നാമധാരികളായ പ്രവർത്തകരും അനുഭാവികളും. തങ്ങളെ ആത്മാർത്ഥമായി ഉൾക്കൊള്ളാൻ പോലും മടിക്കുന്ന ഒരു രാഷ്ട്രീയ ഘടനയെയാണ് അവർ ഇന്നും “മതേതരത്വത്തിന്റെ അവസാന പ്രതീക്ഷ” എന്ന ഭയരാഷ്ട്രീയത്തിന്റെ പേരിൽ പ്രതിരോധിക്കുന്നത്.

അവർക്കു ലഭിക്കുന്നത് യഥാർത്ഥ പങ്കാളിത്തമോ ആശയപരമായ ബഹുമാനമോ അല്ല; മറിച്ച്, തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കപ്പെടുന്ന ഒരു “സെക്യുലർ മുഖംമൂടി” എന്ന സ്ഥാനം മാത്രമാണ്. പാർട്ടിയുടെ അധികാര ഘടനകളിലും സാംസ്കാരിക നേതൃത്വത്തിലും ആശയ നിർണ്ണയ കേന്ദ്രങ്ങളിലും ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് പരിശോധിച്ചാൽ ഈ യാഥാർത്ഥ്യം വ്യക്തമായി കാണാം.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്വഭാവം നിർണ്ണയിക്കപ്പെടുന്നത് അതിന്റെ പ്രമേയങ്ങളിലൂടെയോ സിദ്ധാന്ത പുസ്തകങ്ങളിലൂടെയോ അല്ല; മറിച്ച് അതിന്റെ സാമൂഹിക പെരുമാറ്റത്തിലൂടെയും അണികളുടെ മനോഭാവത്തിലൂടെയും തന്നെയാണ്. ആ പരിശോധനയിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

സംഘപരിവാർ ഭീഷണിയെ സ്ഥിരമായി ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങളിൽ ഭയം സൃഷ്ടിക്കുകയും, അതേ ഭയത്തെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. “ഞങ്ങളെ അല്ലാതെ മറ്റാരും നിങ്ങളെ രക്ഷിക്കില്ല” എന്ന സന്ദേശം ആവർത്തിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി തടവിലാക്കാൻ ശ്രമിക്കുന്ന സംരക്ഷണ അമ്മാവൻ സമീപനം, യഥാർത്ഥ മതേതര രാഷ്ട്രീയമല്ല; അത് ഭയത്തെ ആധാരമാക്കിയ നിയന്ത്രണ രാഷ്ട്രീയമാണ്.

ഇതിന്റെ മറ്റൊരു ഭീഷണികരമായ വശം, ബി.ജെ.പി വളർച്ച തടയാൻ സി.പി.എം പലപ്പോഴും “മൃദു ഹിന്ദുത്വ” നിലപാടുകളിലേക്ക് വഴുതിപ്പോകുന്നു എന്നതാണ്. ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനുള്ള ഈ രാഷ്ട്രീയ കണക്കുകൂട്ടൽ, ന്യൂനപക്ഷങ്ങളെ കൂടുതൽ അനാഥരാക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് സംഘപരിവാറിനെ വിമർശിക്കുകയും, മറുവശത്ത് അതേ രാഷ്ട്രീയത്തിന്റെ സാമൂഹിക വികാരങ്ങളെ സുഖിപ്പിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.

ഇന്ന് ഉയരുന്ന അടിസ്ഥാന ചോദ്യം ഇതാണ് — സംഘപരിവാർ ആശയങ്ങളിൽ നിന്ന് സ്വന്തം അണികളെ പോലും വിമുക്തരാക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനത്തിന്, ഫാസിസത്തിനെതിരെ യഥാർത്ഥ പോരാട്ടം നയിക്കാൻ എങ്ങനെ കഴിയും?

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന പ്രതിസന്ധി വെറും സംഘടനാപരമോ തെരഞ്ഞെടുപ്പ് സംബന്ധമായതോ അല്ല. അത് ആഴത്തിലുള്ള പ്രത്യയശാസ്ത്ര തകർച്ചയാണ്. മുദ്രാവാക്യങ്ങളിലൂടെ മറച്ചുവെക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ശൂന്യത.

അതുകൊണ്ട് തന്നെ, ഇന്നും അന്ധമായ രാഷ്ട്രീയ വിശ്വാസത്തിൽ ആ പാർട്ടിയെ പ്രതിരോധിക്കുന്ന ന്യൂനപക്ഷങ്ങൾ ഒരു അടിസ്ഥാന ആത്മപരിശോധന നടത്തേണ്ട സമയമാണിത്. രാഷ്ട്രീയ അടിമത്തത്തെ “പുരോഗമന ബോധം” എന്ന് തെറ്റിദ്ധരിക്കുന്നിടത്തോളം കാലം, അവർ സ്വന്തം സ്വത്വവും രാഷ്ട്രീയ ശക്തിയും മറ്റൊരാളുടെ അധികാര നിലനിൽപ്പിനായി സമർപ്പിച്ചുകൊണ്ടേയിരിക്കും.

ചരിത്രം ആവർത്തിച്ച് തെളിയിച്ച ഒരു സത്യമുണ്ട് —
ഒരു സമൂഹം സ്വന്തം രാഷ്ട്രീയ സ്വാതന്ത്ര്യം ഭയത്തിന്റെ പേരിൽ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുന്ന നിമിഷം മുതൽ, അവരുടെ ശബ്ദവും സ്വത്വവും ക്രമേണ ഇല്ലാതാകാൻ തുടങ്ങും.

മതേതരത്വത്തിന്റെ പേരിൽ രാഷ്ട്രീയ അന്ധവിശ്വാസം തുടരുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ല; മറിച്ച്, അവരെ സ്ഥിരമായ രാഷ്ട്രീയ ആശ്രിതരാക്കി മാറ്റും. യഥാർത്ഥ രാഷ്ട്രീയ ബോധം എന്നത് ആരെയെങ്കിലും അന്ധമായി പിന്തുടരുന്നതല്ല, മറിച്ച് ആരാണ് തങ്ങളെ ഉപയോഗിക്കുന്നത്, ആരാണ് തങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് എന്നത് തിരിച്ചറിയാനുള്ള ശേഷിയാണ്.

- മുബാറക് റാവുത്തർ -

ഡിജിറ്റൽ ലോകത്തെ അക്രമവാസന : സോഷ്യൽ മീഡിയയും തകരുന്ന മാനസികാരോഗ്യവും

സോഷ്യൽ മീഡിയ ഇന്ന് മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആശയവിനിമയം, വിനോദം, അറിവ് പങ്കുവെക്കൽ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുത്ത ഈ ഡിജിറ്റൽ വേദി, അതേസമയം ചില ആശങ്കാജനകമായ സാമൂഹിക പ്രവണതകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. 


സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കൊലപാതക വാർത്തകൾ പുറത്തുവന്നപ്പോൾ, വെർച്വൽ ലോകത്തിലെ സംഘർഷങ്ങൾ യഥാർത്ഥ ജീവിതത്തിലെ അക്രമങ്ങളായി മാറുന്ന പ്രതിഭാസത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാവുകയാണ്.

ഇത്തരം സംഭവങ്ങളെ ഒരു വ്യക്തിയുടെ കുറ്റകൃത്യമായി മാത്രം കാണാതെ, അതിന് പിന്നിലുള്ള സാമൂഹിക-മാനസിക ഘടകങ്ങളെക്കൂടി പരിശോധിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായങ്ങൾ വളരെ വേഗത്തിൽ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന ഒന്നാണെന്നതാണ്. എന്നാൽ അതേ സൗകര്യം ചിലപ്പോൾ വിദ്വേഷത്തിന്റെയും അപമാനത്തിന്റെയും ആക്രമണാത്മക പെരുമാറ്റങ്ങളുടെയും വേദിയായി മാറുന്നുണ്ട്.

സൈബർ ബുള്ളിയിംഗ്, വ്യക്തിഹത്യ, ട്രോളിംഗ്, കൂട്ടമായി ആക്രമിക്കൽ (online mobbing), നിരന്തരമായ അധിക്ഷേപങ്ങൾ തുടങ്ങിയവ ഇന്ന് പല പ്ലാറ്റ്ഫോമുകളിലും സാധാരണ കാഴ്ചകളാണ്. അജ്ഞാതത്വത്തിന്റെ മറവിൽ പലർക്കും യഥാർത്ഥ ജീവിതത്തിൽ പ്രകടിപ്പിക്കാത്ത ക്രൂരതകൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ ധൈര്യം ലഭിക്കുന്നു.

അഭിപ്രായവ്യത്യാസങ്ങളെ സംവാദമായി കാണുന്നതിനു പകരം വ്യക്തിപരമായ യുദ്ധമായി കാണുന്ന പ്രവണതയും വർധിച്ചുവരുന്നു. ഇതിലൂടെ സമൂഹത്തിൽ അസഹിഷ്ണുതയും പരസ്പര വൈരാഗ്യവും വളരുന്നു.

സോഷ്യൽ മീഡിയയുടെ അടിസ്ഥാന പ്രവർത്തനരീതി തന്നെ മനുഷ്യരുടെ അംഗീകാരത്തിനുള്ള സ്വാഭാവിക ആഗ്രഹത്തെ ഉത്തേജിപ്പിക്കുന്നതാണ്. ലൈക്കുകൾ, ഷെയറുകൾ, ഫോളോവേഴ്സ്, വ്യൂസ് എന്നിവ പലപ്പോഴും വ്യക്തിയുടെ സാമൂഹിക മൂല്യത്തിന്റെ സൂചികകളായി മാറുന്നു.

അംഗീകാരം ലഭിക്കുമ്പോൾ സന്തോഷവും ലഭിക്കാതിരിക്കുമ്പോൾ നിരാശയും അസൂയയും ദേഷ്യവും അനുഭവപ്പെടാം. ചിലർക്ക് ഈ അനുഭവങ്ങൾ വളരെ തീവ്രമാകുകയും സ്വയംനിയന്ത്രണത്തെ ബാധിക്കുകയും ചെയ്യാം.

എല്ലാ അക്രമസംഭവങ്ങൾക്കും പിന്നിൽ മാനസിക രോഗങ്ങളാണെന്ന് പറയുന്നത് തെറ്റാണ്. അതുപോലെ സോഷ്യൽ മീഡിയ ഉപയോഗം നേരിട്ട് വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമാകുന്നു എന്ന വാദത്തിനും മതിയായ തെളിവുകളില്ല.

എന്നാൽ ഇതിനകം തന്നെ വികാരനിയന്ത്രണത്തിൽ ബുദ്ധിമുട്ടുള്ളവരിലും അമിതമായ അംഗീകാരതൃഷ്ണയുള്ളവരിലും സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നവരിലും ഓൺലൈൻ ഇടപെടലുകൾ മാനസിക സമ്മർദ്ദം വർധിപ്പിക്കാനിടയുണ്ട്.

പ്രത്യേകിച്ച്, അമിതമായ അസൂയ, ദേഷ്യം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, സ്വയം മഹത്വവൽക്കരണം, മറ്റുള്ളവരോടുള്ള സഹാനുഭൂതിക്കുറവ്, തിടുക്കത്തിലുള്ള തീരുമാനങ്ങൾ എനിനിവ ഇത്തരം പ്രവണതകൾ ചില സാഹചര്യങ്ങളിൽ കൂടുതൽ ശക്തമാക്കാം.

ഓൺലൈൻ ലോകത്തിലെ അപമാനങ്ങൾ പലപ്പോഴും പൊതുസ്ഥലത്ത് നടക്കുന്ന അപമാനങ്ങളേക്കാൾ ശക്തമായി ചിലർ അനുഭവിക്കുന്നുണ്ട്. കാരണം അവ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സംഭവിക്കുന്നതാണെന്ന തോന്നലാണ് ഉണ്ടാക്കുക.

ഇത്തരം സാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കുറവാണെങ്കിൽ, ഒരു കമന്റ്, ഒരു വീഡിയോ, ഒരു തർക്കം, അല്ലെങ്കിൽ ഒരു ബന്ധം സംബന്ധിച്ച പ്രശ്നം പോലും അമിതമായ പ്രകോപനത്തിന് കാരണമാകാം.

മിക്ക അക്രമസംഭവങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തവ ആയിരിക്കില്ല; മറിച്ച് തീവ്രമായ വികാരാവേശത്തിന്റെ നിമിഷങ്ങളിൽ സംഭവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വികാരനിയന്ത്രണവും മാനസികാരോഗ്യ വിദ്യാഭ്യാസവും ഇന്ന് മുമ്പത്തേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങളായി മാറിയിരിക്കുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഡിജിറ്റൽ പൗരത്വത്തെക്കുറിച്ചുള്ള ബോധവും വളരേണ്ടതുണ്ട്. ഓൺലൈൻ ഇടങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറുക, അഭിപ്രായവ്യത്യാസങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുക, വിദ്വേഷ സംസ്കാരത്തെ ചെറുക്കുക, മാനസികാരോഗ്യ സഹായം തേടുന്നതിനെ സാധാരണവൽക്കരിക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരു കൊലപാതക വാർത്ത നമ്മെ ഞെട്ടിപ്പിക്കുന്നത് ഒരു ജീവൻ നഷ്ടപ്പെട്ടതുകൊണ്ടു മാത്രമല്ല; ആ സംഭവത്തിന് പിന്നിൽ നമ്മുടെ സമൂഹത്തിലെ ചില തകരാറുകളും വെളിവാകുന്നതു കൊണ്ട് കൂടിയാണ്. സോഷ്യൽ മീഡിയ സ്വയം കുറ്റവാളിയല്ല. എന്നാൽ നിയന്ത്രണമില്ലാത്ത വിദ്വേഷവും അസഹിഷ്ണുതയും മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞ ഒരു സാമൂഹിക അന്തരീക്ഷത്തിൽ അതിന് സംഘർഷങ്ങളെ കൂടുതൽ തീവ്രമാക്കാൻ കഴിയും.

അതിനാൽ ഡിജിറ്റൽ സാക്ഷരതയ്‌ക്കൊപ്പം ഡിജിറ്റൽ മാനസികാരോഗ്യം, വികാരനിയന്ത്രണം, സംവാദ സംസ്കാരം എന്നിവയും ഇന്ന് സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. 

✍️ Mubarak Ravuthar

Wednesday, May 27, 2026

മനുഷ്യരെ വെറുക്കാനല്ല സ്നേഹിക്കാൻ ആണ് ഇസ്ലാം

ബാബരി മസ്ജിദ് സംഭവത്തിന് ശേഷം കേരളത്തിൽ ചില വികാരവിളകൾ കൊയ്തെടുത്തത് ഒരു "തീവ്ര സംഘം” ഉയർന്നു വന്നു. തുടക്കത്തിൽ ഓരോ നാട്ടിൽ അവർ ഓരോരോ പേരുകളിൽ അറിയപ്പെട്ടു. പിന്നീടവർ ഒറ്റപ്പേരായി. 

 b
 

ഇരുട്ടിന്റെ മറവിൽ മുസ്ലിം യുവതയെ പീഡന കഥകൾ പറഞ്ഞു പിരികയറ്റി. സംഘികളെ ഇപ്പോ പൊട്ടിക്കും എന്ന അവസ്ഥയിൽ മസിലും പെരുപ്പിച്ച് കവാത്തുമടിച്ചു നടന്ന ആ സംഘം ഒരു കൈവെട്ടും കുറച്ചു കൊലപാതകങ്ങളും നടത്തി പാണ്ടി ലോറിയുടെ മുന്നിൽ അകപ്പെട്ട തവളകളെ പോലെ കാല യവനിക പുൽകി. 

ഇപ്പോഴും എതിർക്കുന്നവരെ വ്യക്തി ഹത്യ നടത്തിയും സൈബർ ബുള്ളിയിംഗ് ചെയ്തും അവശിഷ്ഠ സംഘം സൈബറിടങ്ങളിൽ സിപിഎമ്മിന് വേണ്ടി അടിമപ്പണിയുമായി അവിടവിടെയായി കാണാം. 

‼️ഈ കൂട്ടർ മുസ്ലിം സമൂഹത്തിനകത്ത് വർഷങ്ങളായി പരത്തിയ ഏറ്റവും അപകടകരമായ വിഷങ്ങളിൽ ഒന്നാണ് — സംഘപരിവാർ പ്രവർത്തകരോട് പൂർണമായും ശത്രുത പ്രഖ്യാപിക്കണം എന്ന ആശയം.‼️

ഇപ്പോൾ ഇത് പറയാനുള്ള കാരണം, മുസ്ലിം ലീഗിന്റെ എം.എൽ.എയായ കുറുക്കോളി മൊയ്തീൻ സാഹിബ് ബിജെപി നേതാവായ വി. ഉണ്ണികൃഷ്ണന്റെ താടിയിൽ സ്‌നേഹത്തോടെ പിടിച്ചത് പോലും മഹാ അപരാധമായി ചിത്രീകരിക്കപ്പെടുന്നത് കണ്ടത് കൊണ്ടാണ്. മനുഷ്യരോട് മാനുഷികമായി പെരുമാറുന്നത് പോലും കുറ്റമാക്കുന്ന ഒരു മാനസികാവസ്ഥയിലേക്കാണ് ചിലർ സമൂഹത്തെ തള്ളിവിടാൻ നോക്കുന്നത്.

എന്നാൽ ഇസ്‌ലാമിക വിശ്വാസത്തിലോ പ്രവാചക ചര്യയിലോ എവിടെയാണ് മനുഷ്യരെ ഇങ്ങനെ വെറുക്കാൻ പഠിപ്പിച്ചിട്ടുള്ളത്?

ഇസ്‌ലാം പഠിപ്പിച്ചത് ശത്രുവിന്റെ ആശയത്തെ എതിർക്കാനാണ്; മനുഷ്യനെ തന്നെ ശത്രുവാക്കി മാറ്റാനല്ല. ഖുർആൻ പറയുന്നത് നോക്കൂ: “ജ്ഞാനത്തോടെയും നല്ല ഉപദേശത്തോടെയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൂ.” സൂറത്തു നഹ്ൽ : 125

പ്രബോധനം നടത്തേണ്ട സമൂഹമാണ് മുസ്ലിം സമൂഹം. മനുഷ്യരോട് സംവദിക്കുകയും സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടവരാണ് മുസ്ലിംകൾ. എല്ലാവരെയും ശത്രുക്കളാക്കി മതിലുകൾ പണിയാനല്ല ഇസ്‌ലാം പഠിപ്പിച്ചത്.

പ്രവാചകൻ മുഹമ്മദ് നബി ﷺ പറഞ്ഞിട്ടുണ്ട്:“നിങ്ങളിൽ ഏറ്റവും ഉത്തമനായവൻ നല്ല സ്വഭാവമുള്ളവനാണ്.”സഹീഹുൽ ബുഖാരി

അപ്പോൾ രാഷ്ട്രീയമായും ആശയപരമായും എതിർക്കുന്നവരോട് പോലും മാനുഷികമായി പെരുമാറുന്നതിൽ എന്താണ് അപരാധം?

കാലങ്ങളായി മുസ്ലിം ലീഗിനെ ആക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമാണ് — “സംഘപരിവാറിന് നാരങ്ങ വെള്ളം കൊടുക്കുന്നവർ” എന്നത്. എന്നാൽ യഥാർത്ഥത്തിൽ അതിൽ എന്താണ് തെറ്റ്? ഒരു മനുഷ്യന് വെള്ളം കൊടുക്കുന്നതോ, സംസാരിക്കുന്നതോ, കൈകോർക്കുന്നതോ ഇസ്‌ലാമിന് വിരുദ്ധമായ കാര്യമാണോ?

ഇസ്ലാമിക സമൂഹം ഒരു പ്രബോധിത സമൂഹമാണ്. മനുഷ്യരിലേക്കെത്തേണ്ട സമൂഹമാണ്. സംവാദത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കേണ്ട സമൂഹമാണ്. അല്ലാതെ എല്ലാവരെയും ശത്രുവാക്കി ഒറ്റപ്പെട്ട് ജീവിക്കേണ്ട സമൂഹമല്ല.

യഥാർത്ഥത്തിൽ ഈ തീവ്ര “വാനര സംഘം” നടത്തിയ അവിലും മലരും കുന്തിരിക്കം കച്ചവടത്തിന്റെ ഏറ്റവും വലിയ ദോഷം എന്തെന്നാൽ, മുസ്ലിം സമൂഹവുമായി നിരന്തരം സംവദിച്ചിരുന്ന നിരവധി സാമൂഹിക വിഭാഗങ്ങൾ അകന്നുപോയി എന്നതാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്ത് മുസ്ലിം സമൂഹം നടത്തിയിരുന്ന ഇഫ്താറുകളും ടേബിൾ ടോക്കുകളും സൗഹൃദ സംവാദങ്ങളും പതിയെ ഇല്ലാതാകാൻ കാരണമായതും ഈ തീവ്ര മനോഭാവം തന്നെയാണ്.

ആർ.എസ്.എസുമായി ചർച്ചക്ക് പോകുന്നതും, ശ്രീധരൻ പിള്ളയെ പോലുള്ളവരെ പരിപാടികളിൽ ക്ഷണിക്കുന്നതും വർഷങ്ങളായി ഇവർ എതിർക്കുന്നത് എന്തിനായിരുന്നു? മുസ്ലിം സമൂഹത്തിന്റെ താത്പര്യത്തിനായിരുന്നില്ല അത്. അവരുടെ മാത്രം രാഷ്ട്രീയ-വൈകാരിക കച്ചവടം നിലനിർത്താനായിരുന്നു. എന്നാൽ അതിന്റെ ബാധ്യത മുഴുവൻ കേരളത്തിലെ മുസ്ലിം സമൂഹത്തിനാണ് വന്നു വീണത്.

ഇനിയെങ്കിലും മുസ്ലിം സമൂഹം ഈ തീവ്ര മനോഭാവത്തെ തിരിച്ചറിയണം. മതാന്തര സംവാദങ്ങളും സൗഹൃദങ്ങളും വീണ്ടും ശക്തമാക്കണം. സംഘപരിവാറും അവരുടെ ആശയങ്ങളുമാണ് എതിർക്കപ്പെടേണ്ടത്; അതിൽ പ്രവർത്തിക്കുന്ന ഓരോ മനുഷ്യരും ശത്രുക്കളല്ല എന്ന ബോധ്യം സമൂഹത്തിനുണ്ടാകണം.

കാരണം ഇസ്‌ലാം മനുഷ്യരെ അകറ്റാനുള്ള മതമല്ല; മനുഷ്യരെ ഹൃദയത്തിലേക്ക് അടുപ്പിക്കാനുള്ള ദീനാണ്.

- മുബാറക് റാവുത്തർ -

ഇന്ത്യൻ ജുഡീഷ്യറിയിലെ നെപ്പോട്ടിസം: "കുടുംബവാഴ്ചയുടെ" നിഴലിലെ നീതിപീഠം

ഭരണഘടനയുടെ ആത്മാവിനെയും ജനാധിപത്യത്തിന്റെ ധാർമ്മികബോധത്തെയും സംരക്ഷിക്കേണ്ട ഏറ്റവും സുപ്രധാന സ്ഥാപനമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ. ജനങ്ങൾ തിരഞ്ഞെടുക്കാത്ത ഒരേയൊരു അധികാരകേന്ദ്രമായിട്ടും, അതിന്റെ നിലനിൽപ്പ് സാധ്യമാകുന്നത് ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തിലാണ് “Rule of Law” എന്ന ആശയം നിലകൊള്ളുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ ജുഡീഷ്യറിയെ ചുറ്റിപ്പറ്റി കൂടുതൽ ശക്തമായി ഉയരുന്ന ഒരു ചോദ്യം ഉണ്ട്: സാധാരണക്കാരായ ഒന്നാം തലമുറ അഭിഭാഷകർക്ക് ഇന്ത്യൻ ഉന്നത നീതിന്യായ വ്യവസ്ഥ യഥാർത്ഥത്തിൽ തുറന്നിട്ടുണ്ടോ, അല്ലെങ്കിൽ അത് ക്രമേണ ചില ശക്തമായ നിയമ-നീതിന്യായ കുടുംബങ്ങളുടെ അടഞ്ഞ അധികാരവലയമായി മാറുകയാണോ?


ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സേവനമനുഷ്ഠിക്കുന്ന ജഡ്ജിമാരിൽ ഗണ്യമായൊരു വിഭാഗം നിയമപാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നത് യാദൃശ്ചികമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ ജഡ്ജിമാരുടെ മക്കൾ, പ്രമുഖ അഭിഭാഷകരുടെ ബന്ധുക്കൾ, തലമുറകളായി നിയമരംഗത്ത് സ്വാധീനമുള്ള കുടുംബങ്ങൾ — ഇവരാണ് പലപ്പോഴും ഉന്നത നീതിന്യായ സ്ഥാനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരുന്നത്. ഇത് വ്യക്തിപരമായി ഏതെങ്കിലും ജഡ്ജിയുടെ കഴിവിനെയോ സത്യസന്ധതയെയോ ചോദ്യം ചെയ്യുന്നതല്ല. അവരിൽ പലരും അതീവ പ്രഗത്ഭരും ഭരണഘടനാപരമായ മൂല്യങ്ങളോട് പ്രതിബദ്ധരുമാകാം. പക്ഷേ ഇവിടെ ചോദ്യം വ്യക്തികളെക്കുറിച്ചല്ല; ചോദ്യം വ്യവസ്ഥിതിയെക്കുറിച്ചാണ്.

ആർക്കാണ് മികച്ച സീനിയർ ചേമ്പറുകളിലേക്കുള്ള പ്രവേശനം ലഭിക്കുന്നത്? ആർക്കാണ് ശക്തമായ മെന്റർഷിപ്പ് ലഭിക്കുന്നത്? ആരാണ് കൊളീജിയത്തിന്റെ ശ്രദ്ധയിൽ പെടുന്നത്? ആർക്കാണ് സുപ്രധാന കേസുകളിൽ അവസരങ്ങൾ ലഭിക്കുന്നത്? ആർക്കാണ് അധികാരവലയങ്ങളുമായി സ്വാഭാവിക ബന്ധമുള്ളത്? അതേസമയം, ഒരു ചെറിയ പട്ടണത്തിൽ നിന്ന് വരുന്ന, കുടുംബപാരമ്പര്യമില്ലാത്ത, സാമ്പത്തിക-സാമൂഹിക പിന്തുണയില്ലാത്ത ഒരു ഒന്നാം തലമുറ അഭിഭാഷകന്റെ അവസ്ഥ എന്താണ്? അവനോ അവളോ പലപ്പോഴും ഈ സംവിധാനത്തിന്റെ പുറത്താണ് നിൽക്കുന്നത്.

ഇന്ത്യൻ നിയമവൃത്തങ്ങളിൽ വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്ന ഒരു പ്രയോഗമാണ് “Uncle Judge Syndrome”. ഒരു ജഡ്ജി ഇരിക്കുന്ന അതേ കോടതിയിൽ തന്നെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന സ്വാധീന-സൗഹൃദ അന്തരീക്ഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് താത്പര്യ സംഘർഷത്തിന്റെ സാധ്യതയും അനൗപചാരിക സ്വാധീനവലയങ്ങളും “ഇൻസൈഡർ” ആക്സസും പുറത്തുനിന്നുള്ള അഭിഭാഷകർക്ക് അസമമായ അവസരങ്ങളും സൃഷ്ടിക്കുന്നു. ഏറ്റവും പ്രധാനമായി, ഇത് പൊതുജനങ്ങളുടെ മനസ്സിൽ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു.

2010-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ ഈ പ്രശ്നത്തെ ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റിയിരുന്നു. അതിന് മുമ്പ് തന്നെ ലോ കമ്മീഷൻ ചില നിർണായക ശുപാർശകൾ മുന്നോട്ടുവച്ചിരുന്നു — പ്രത്യേകിച്ച്, അടുത്ത ബന്ധുക്കൾ പ്രാക്ടീസ് ചെയ്യുന്ന കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് ഒഴിവാക്കണമെന്ന ആശയം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും, ഈ വിഷയത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ഇന്നും നടപ്പിലായിട്ടില്ല.

സുപ്രീം കോടതിയിലെ നിരവധി ജഡ്ജിമാർ പ്രമുഖ നിയമ-നീതിന്യായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന നിരീക്ഷണം പൊതുചർച്ചകളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ജസ്റ്റിസ് ബി.വി. നാഗരത്ന മുൻ ചീഫ് ജസ്റ്റിസ് ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ്. ജസ്റ്റിസ് മനോജ് മിശ്ര ദീർഘകാല നിയമപാരമ്പര്യമുള്ള കുടുംബപശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. ജസ്റ്റിസ് വിക്രം നാഥും തലമുറകളായി നിയമരംഗവുമായി ബന്ധപ്പെട്ട കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. അതേസമയം, സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന ജഡ്ജിമാരും ഉണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു അധ്യാപകന്റെ മകനാണെന്നത് പലരും ചൂണ്ടിക്കാണിക്കുന്ന ഉദാഹരണമാണ്. എന്നാൽ ചില ഒറ്റപ്പെട്ട ഉദാഹരണങ്ങൾ കൊണ്ട് വലിയ ഘടനാപരമായ അസമത്വങ്ങളെ മറച്ചുവയ്ക്കാനാകില്ല.

ഈ സംവിധാനത്തെ അനുകൂലിക്കുന്നവർ പറയുന്നത് നിയമകുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് സ്വാഭാവികമായും നിയമരംഗത്തെക്കുറിച്ചുള്ള കൂടുതൽ പരിചയവും exposure-ഉം ഉണ്ടാകുമെന്നാണ്. അതിൽ ഒരു പരിധിവരെ സത്യമുണ്ട്. പക്ഷേ വിമർശകർ ചോദിക്കുന്ന ചോദ്യം അതിലും ആഴമുള്ളതാണ്: എപ്പോഴാണ് exposure ഒരു inherited privilege ആയി മാറുന്നത്? എപ്പോഴാണ് ബന്ധങ്ങളും കുടുംബപാരമ്പര്യവും മറ്റുള്ളവരുടെ അവസരങ്ങളെ വിഴുങ്ങിത്തുടങ്ങുന്നത്? ജനാധിപത്യത്തിൽ നീതി ഒരു കുടുംബപാരമ്പര്യമാകാൻ പാടില്ല. കാരണം നീതിന്യായ വ്യവസ്ഥ വെറും ഒരു തൊഴിൽമേഖലയല്ല — അത് ഭരണഘടനാപരമായ അധികാരമാണ്.

ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം കുടുംബപാരമ്പര്യം മാത്രമല്ല; അതിനെ ചുറ്റിപ്പറ്റിയുള്ള അതാര്യതയാണ്. ഇന്ത്യയിൽ ഇന്നും ജുഡീഷ്യൽ നിയമനങ്ങൾ പൂർണ്ണ സുതാര്യമല്ല. കൊളീജിയം തീരുമാനങ്ങളുടെ മാനദണ്ഡങ്ങൾ വ്യക്തമായിട്ടില്ല. സാമൂഹിക വൈവിധ്യത്തിന്റെ കണക്കുകൾ തുറന്നുപറയുന്നില്ല. കുടുംബബന്ധങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമല്ല. ശക്തമായ recusal norms അപര്യാപ്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുജന സംശയങ്ങൾ വർധിക്കുന്നത് സ്വാഭാവികമാണ്.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് തന്നെ ചില നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിയും. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ബന്ധുക്കളുടെ നിർബന്ധിത വെളിപ്പെടുത്തൽ, അടുത്ത ബന്ധുക്കൾ ഉള്ള അതേ കോടതികളിൽ നിയമനങ്ങൾക്ക് നിയന്ത്രണം, കൊളീജിയം ശുപാർശകളിൽ കൂടുതൽ സുതാര്യത, ഒന്നാം തലമുറ അഭിഭാഷകർക്ക് കൂടുതൽ പ്രാതിനിധ്യം, സാമൂഹിക-പ്രാദേശിക വൈവിധ്യ ഓഡിറ്റുകൾ, ശക്തമായ conflict-of-interest മാർഗ്ഗനിർദ്ദേശങ്ങൾ — ഇവയെല്ലാം നീതിന്യായ സ്വാതന്ത്ര്യത്തെ ദുർബലമാക്കുന്നതല്ല; മറിച്ച്, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്.

ഇന്ത്യയ്ക്ക് വേണ്ടത് വെറും സ്വതന്ത്രമായ ഒരു ജുഡീഷ്യറി മാത്രമല്ല. ജനങ്ങൾക്ക് വിശ്വാസം തോന്നുന്ന, എല്ലാവർക്കും പ്രാപ്യമായ, സാമൂഹികമായി പ്രതിനിധാനമുള്ള, സുതാര്യമായ ഒരു നീതിന്യായ വ്യവസ്ഥയാണ്. കാരണം ജനങ്ങൾ ഒരുദിവസം “നീതി ചില കുടുംബങ്ങളുടെ കൈകളിൽ കുടുങ്ങിയിരിക്കുന്നു” എന്ന് വിശ്വസിക്കാൻ തുടങ്ങുകയാണെങ്കിൽ, നിയമത്തിന്റെ അധികാരം നിലനിന്നാലും നീതിയുടെ നൈതിക ശക്തി തകരും. ജനാധിപത്യത്തിൽ നീതിപീഠം ഒരു കുടുംബവാഴ്ചയാകരുത്. സാധാരണ ജനങ്ങളുടെ മക്കൾക്കും അതിന്റെ വാതിലുകൾ തുല്യമായി തുറന്നിരിക്കണം. അല്ലെങ്കിൽ “Rule of Law” പതിയെ “Rule of Networks” ആയി മാറും.

- മുബാറക് റാവുത്തർ -