Wednesday, May 27, 2026

മനുഷ്യരെ വെറുക്കാനല്ല സ്നേഹിക്കാൻ ആണ് ഇസ്ലാം

ബാബരി മസ്ജിദ് സംഭവത്തിന് ശേഷം കേരളത്തിൽ ചില വികാരവിളകൾ കൊയ്തെടുത്തത് ഒരു "തീവ്ര സംഘം” ഉയർന്നു വന്നു. തുടക്കത്തിൽ ഓരോ നാട്ടിൽ അവർ ഓരോരോ പേരുകളിൽ അറിയപ്പെട്ടു. പിന്നീടവർ ഒറ്റപ്പേരായി. 

 b
 

ഇരുട്ടിന്റെ മറവിൽ മുസ്ലിം യുവതയെ പീഡന കഥകൾ പറഞ്ഞു പിരികയറ്റി. സംഘികളെ ഇപ്പോ പൊട്ടിക്കും എന്ന അവസ്ഥയിൽ മസിലും പെരുപ്പിച്ച് കവാത്തുമടിച്ചു നടന്ന ആ സംഘം ഒരു കൈവെട്ടും കുറച്ചു കൊലപാതകങ്ങളും നടത്തി പാണ്ടി ലോറിയുടെ മുന്നിൽ അകപ്പെട്ട തവളകളെ പോലെ കാല യവനിക പുൽകി. 

ഇപ്പോഴും എതിർക്കുന്നവരെ വ്യക്തി ഹത്യ നടത്തിയും സൈബർ ബുള്ളിയിംഗ് ചെയ്തും അവശിഷ്ഠ സംഘം സൈബറിടങ്ങളിൽ സിപിഎമ്മിന് വേണ്ടി അടിമപ്പണിയുമായി അവിടവിടെയായി കാണാം. 

‼️ഈ കൂട്ടർ മുസ്ലിം സമൂഹത്തിനകത്ത് വർഷങ്ങളായി പരത്തിയ ഏറ്റവും അപകടകരമായ വിഷങ്ങളിൽ ഒന്നാണ് — സംഘപരിവാർ പ്രവർത്തകരോട് പൂർണമായും ശത്രുത പ്രഖ്യാപിക്കണം എന്ന ആശയം.‼️

ഇപ്പോൾ ഇത് പറയാനുള്ള കാരണം, മുസ്ലിം ലീഗിന്റെ എം.എൽ.എയായ കുറുക്കോളി മൊയ്തീൻ സാഹിബ് ബിജെപി നേതാവായ വി. ഉണ്ണികൃഷ്ണന്റെ താടിയിൽ സ്‌നേഹത്തോടെ പിടിച്ചത് പോലും മഹാ അപരാധമായി ചിത്രീകരിക്കപ്പെടുന്നത് കണ്ടത് കൊണ്ടാണ്. മനുഷ്യരോട് മാനുഷികമായി പെരുമാറുന്നത് പോലും കുറ്റമാക്കുന്ന ഒരു മാനസികാവസ്ഥയിലേക്കാണ് ചിലർ സമൂഹത്തെ തള്ളിവിടാൻ നോക്കുന്നത്.

എന്നാൽ ഇസ്‌ലാമിക വിശ്വാസത്തിലോ പ്രവാചക ചര്യയിലോ എവിടെയാണ് മനുഷ്യരെ ഇങ്ങനെ വെറുക്കാൻ പഠിപ്പിച്ചിട്ടുള്ളത്?

ഇസ്‌ലാം പഠിപ്പിച്ചത് ശത്രുവിന്റെ ആശയത്തെ എതിർക്കാനാണ്; മനുഷ്യനെ തന്നെ ശത്രുവാക്കി മാറ്റാനല്ല. ഖുർആൻ പറയുന്നത് നോക്കൂ: “ജ്ഞാനത്തോടെയും നല്ല ഉപദേശത്തോടെയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൂ.” സൂറത്തു നഹ്ൽ : 125

പ്രബോധനം നടത്തേണ്ട സമൂഹമാണ് മുസ്ലിം സമൂഹം. മനുഷ്യരോട് സംവദിക്കുകയും സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടവരാണ് മുസ്ലിംകൾ. എല്ലാവരെയും ശത്രുക്കളാക്കി മതിലുകൾ പണിയാനല്ല ഇസ്‌ലാം പഠിപ്പിച്ചത്.

പ്രവാചകൻ മുഹമ്മദ് നബി ﷺ പറഞ്ഞിട്ടുണ്ട്:“നിങ്ങളിൽ ഏറ്റവും ഉത്തമനായവൻ നല്ല സ്വഭാവമുള്ളവനാണ്.”സഹീഹുൽ ബുഖാരി

അപ്പോൾ രാഷ്ട്രീയമായും ആശയപരമായും എതിർക്കുന്നവരോട് പോലും മാനുഷികമായി പെരുമാറുന്നതിൽ എന്താണ് അപരാധം?

കാലങ്ങളായി മുസ്ലിം ലീഗിനെ ആക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമാണ് — “സംഘപരിവാറിന് നാരങ്ങ വെള്ളം കൊടുക്കുന്നവർ” എന്നത്. എന്നാൽ യഥാർത്ഥത്തിൽ അതിൽ എന്താണ് തെറ്റ്? ഒരു മനുഷ്യന് വെള്ളം കൊടുക്കുന്നതോ, സംസാരിക്കുന്നതോ, കൈകോർക്കുന്നതോ ഇസ്‌ലാമിന് വിരുദ്ധമായ കാര്യമാണോ?

ഇസ്ലാമിക സമൂഹം ഒരു പ്രബോധിത സമൂഹമാണ്. മനുഷ്യരിലേക്കെത്തേണ്ട സമൂഹമാണ്. സംവാദത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കേണ്ട സമൂഹമാണ്. അല്ലാതെ എല്ലാവരെയും ശത്രുവാക്കി ഒറ്റപ്പെട്ട് ജീവിക്കേണ്ട സമൂഹമല്ല.

യഥാർത്ഥത്തിൽ ഈ തീവ്ര “വാനര സംഘം” നടത്തിയ അവിലും മലരും കുന്തിരിക്കം കച്ചവടത്തിന്റെ ഏറ്റവും വലിയ ദോഷം എന്തെന്നാൽ, മുസ്ലിം സമൂഹവുമായി നിരന്തരം സംവദിച്ചിരുന്ന നിരവധി സാമൂഹിക വിഭാഗങ്ങൾ അകന്നുപോയി എന്നതാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്ത് മുസ്ലിം സമൂഹം നടത്തിയിരുന്ന ഇഫ്താറുകളും ടേബിൾ ടോക്കുകളും സൗഹൃദ സംവാദങ്ങളും പതിയെ ഇല്ലാതാകാൻ കാരണമായതും ഈ തീവ്ര മനോഭാവം തന്നെയാണ്.

ആർ.എസ്.എസുമായി ചർച്ചക്ക് പോകുന്നതും, ശ്രീധരൻ പിള്ളയെ പോലുള്ളവരെ പരിപാടികളിൽ ക്ഷണിക്കുന്നതും വർഷങ്ങളായി ഇവർ എതിർക്കുന്നത് എന്തിനായിരുന്നു? മുസ്ലിം സമൂഹത്തിന്റെ താത്പര്യത്തിനായിരുന്നില്ല അത്. അവരുടെ മാത്രം രാഷ്ട്രീയ-വൈകാരിക കച്ചവടം നിലനിർത്താനായിരുന്നു. എന്നാൽ അതിന്റെ ബാധ്യത മുഴുവൻ കേരളത്തിലെ മുസ്ലിം സമൂഹത്തിനാണ് വന്നു വീണത്.

ഇനിയെങ്കിലും മുസ്ലിം സമൂഹം ഈ തീവ്ര മനോഭാവത്തെ തിരിച്ചറിയണം. മതാന്തര സംവാദങ്ങളും സൗഹൃദങ്ങളും വീണ്ടും ശക്തമാക്കണം. സംഘപരിവാറും അവരുടെ ആശയങ്ങളുമാണ് എതിർക്കപ്പെടേണ്ടത്; അതിൽ പ്രവർത്തിക്കുന്ന ഓരോ മനുഷ്യരും ശത്രുക്കളല്ല എന്ന ബോധ്യം സമൂഹത്തിനുണ്ടാകണം.

കാരണം ഇസ്‌ലാം മനുഷ്യരെ അകറ്റാനുള്ള മതമല്ല; മനുഷ്യരെ ഹൃദയത്തിലേക്ക് അടുപ്പിക്കാനുള്ള ദീനാണ്.

- മുബാറക് റാവുത്തർ -

ഇന്ത്യൻ ജുഡീഷ്യറിയിലെ നെപ്പോട്ടിസം: "കുടുംബവാഴ്ചയുടെ" നിഴലിലെ നീതിപീഠം

ഭരണഘടനയുടെ ആത്മാവിനെയും ജനാധിപത്യത്തിന്റെ ധാർമ്മികബോധത്തെയും സംരക്ഷിക്കേണ്ട ഏറ്റവും സുപ്രധാന സ്ഥാപനമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ. ജനങ്ങൾ തിരഞ്ഞെടുക്കാത്ത ഒരേയൊരു അധികാരകേന്ദ്രമായിട്ടും, അതിന്റെ നിലനിൽപ്പ് സാധ്യമാകുന്നത് ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തിലാണ് “Rule of Law” എന്ന ആശയം നിലകൊള്ളുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ ജുഡീഷ്യറിയെ ചുറ്റിപ്പറ്റി കൂടുതൽ ശക്തമായി ഉയരുന്ന ഒരു ചോദ്യം ഉണ്ട്: സാധാരണക്കാരായ ഒന്നാം തലമുറ അഭിഭാഷകർക്ക് ഇന്ത്യൻ ഉന്നത നീതിന്യായ വ്യവസ്ഥ യഥാർത്ഥത്തിൽ തുറന്നിട്ടുണ്ടോ, അല്ലെങ്കിൽ അത് ക്രമേണ ചില ശക്തമായ നിയമ-നീതിന്യായ കുടുംബങ്ങളുടെ അടഞ്ഞ അധികാരവലയമായി മാറുകയാണോ?


ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സേവനമനുഷ്ഠിക്കുന്ന ജഡ്ജിമാരിൽ ഗണ്യമായൊരു വിഭാഗം നിയമപാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നത് യാദൃശ്ചികമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ ജഡ്ജിമാരുടെ മക്കൾ, പ്രമുഖ അഭിഭാഷകരുടെ ബന്ധുക്കൾ, തലമുറകളായി നിയമരംഗത്ത് സ്വാധീനമുള്ള കുടുംബങ്ങൾ — ഇവരാണ് പലപ്പോഴും ഉന്നത നീതിന്യായ സ്ഥാനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരുന്നത്. ഇത് വ്യക്തിപരമായി ഏതെങ്കിലും ജഡ്ജിയുടെ കഴിവിനെയോ സത്യസന്ധതയെയോ ചോദ്യം ചെയ്യുന്നതല്ല. അവരിൽ പലരും അതീവ പ്രഗത്ഭരും ഭരണഘടനാപരമായ മൂല്യങ്ങളോട് പ്രതിബദ്ധരുമാകാം. പക്ഷേ ഇവിടെ ചോദ്യം വ്യക്തികളെക്കുറിച്ചല്ല; ചോദ്യം വ്യവസ്ഥിതിയെക്കുറിച്ചാണ്.

ആർക്കാണ് മികച്ച സീനിയർ ചേമ്പറുകളിലേക്കുള്ള പ്രവേശനം ലഭിക്കുന്നത്? ആർക്കാണ് ശക്തമായ മെന്റർഷിപ്പ് ലഭിക്കുന്നത്? ആരാണ് കൊളീജിയത്തിന്റെ ശ്രദ്ധയിൽ പെടുന്നത്? ആർക്കാണ് സുപ്രധാന കേസുകളിൽ അവസരങ്ങൾ ലഭിക്കുന്നത്? ആർക്കാണ് അധികാരവലയങ്ങളുമായി സ്വാഭാവിക ബന്ധമുള്ളത്? അതേസമയം, ഒരു ചെറിയ പട്ടണത്തിൽ നിന്ന് വരുന്ന, കുടുംബപാരമ്പര്യമില്ലാത്ത, സാമ്പത്തിക-സാമൂഹിക പിന്തുണയില്ലാത്ത ഒരു ഒന്നാം തലമുറ അഭിഭാഷകന്റെ അവസ്ഥ എന്താണ്? അവനോ അവളോ പലപ്പോഴും ഈ സംവിധാനത്തിന്റെ പുറത്താണ് നിൽക്കുന്നത്.

ഇന്ത്യൻ നിയമവൃത്തങ്ങളിൽ വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്ന ഒരു പ്രയോഗമാണ് “Uncle Judge Syndrome”. ഒരു ജഡ്ജി ഇരിക്കുന്ന അതേ കോടതിയിൽ തന്നെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന സ്വാധീന-സൗഹൃദ അന്തരീക്ഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് താത്പര്യ സംഘർഷത്തിന്റെ സാധ്യതയും അനൗപചാരിക സ്വാധീനവലയങ്ങളും “ഇൻസൈഡർ” ആക്സസും പുറത്തുനിന്നുള്ള അഭിഭാഷകർക്ക് അസമമായ അവസരങ്ങളും സൃഷ്ടിക്കുന്നു. ഏറ്റവും പ്രധാനമായി, ഇത് പൊതുജനങ്ങളുടെ മനസ്സിൽ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു.

2010-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ ഈ പ്രശ്നത്തെ ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റിയിരുന്നു. അതിന് മുമ്പ് തന്നെ ലോ കമ്മീഷൻ ചില നിർണായക ശുപാർശകൾ മുന്നോട്ടുവച്ചിരുന്നു — പ്രത്യേകിച്ച്, അടുത്ത ബന്ധുക്കൾ പ്രാക്ടീസ് ചെയ്യുന്ന കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് ഒഴിവാക്കണമെന്ന ആശയം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും, ഈ വിഷയത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ഇന്നും നടപ്പിലായിട്ടില്ല.

സുപ്രീം കോടതിയിലെ നിരവധി ജഡ്ജിമാർ പ്രമുഖ നിയമ-നീതിന്യായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന നിരീക്ഷണം പൊതുചർച്ചകളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ജസ്റ്റിസ് ബി.വി. നാഗരത്ന മുൻ ചീഫ് ജസ്റ്റിസ് ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ്. ജസ്റ്റിസ് മനോജ് മിശ്ര ദീർഘകാല നിയമപാരമ്പര്യമുള്ള കുടുംബപശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. ജസ്റ്റിസ് വിക്രം നാഥും തലമുറകളായി നിയമരംഗവുമായി ബന്ധപ്പെട്ട കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. അതേസമയം, സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന ജഡ്ജിമാരും ഉണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു അധ്യാപകന്റെ മകനാണെന്നത് പലരും ചൂണ്ടിക്കാണിക്കുന്ന ഉദാഹരണമാണ്. എന്നാൽ ചില ഒറ്റപ്പെട്ട ഉദാഹരണങ്ങൾ കൊണ്ട് വലിയ ഘടനാപരമായ അസമത്വങ്ങളെ മറച്ചുവയ്ക്കാനാകില്ല.

ഈ സംവിധാനത്തെ അനുകൂലിക്കുന്നവർ പറയുന്നത് നിയമകുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് സ്വാഭാവികമായും നിയമരംഗത്തെക്കുറിച്ചുള്ള കൂടുതൽ പരിചയവും exposure-ഉം ഉണ്ടാകുമെന്നാണ്. അതിൽ ഒരു പരിധിവരെ സത്യമുണ്ട്. പക്ഷേ വിമർശകർ ചോദിക്കുന്ന ചോദ്യം അതിലും ആഴമുള്ളതാണ്: എപ്പോഴാണ് exposure ഒരു inherited privilege ആയി മാറുന്നത്? എപ്പോഴാണ് ബന്ധങ്ങളും കുടുംബപാരമ്പര്യവും മറ്റുള്ളവരുടെ അവസരങ്ങളെ വിഴുങ്ങിത്തുടങ്ങുന്നത്? ജനാധിപത്യത്തിൽ നീതി ഒരു കുടുംബപാരമ്പര്യമാകാൻ പാടില്ല. കാരണം നീതിന്യായ വ്യവസ്ഥ വെറും ഒരു തൊഴിൽമേഖലയല്ല — അത് ഭരണഘടനാപരമായ അധികാരമാണ്.

ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം കുടുംബപാരമ്പര്യം മാത്രമല്ല; അതിനെ ചുറ്റിപ്പറ്റിയുള്ള അതാര്യതയാണ്. ഇന്ത്യയിൽ ഇന്നും ജുഡീഷ്യൽ നിയമനങ്ങൾ പൂർണ്ണ സുതാര്യമല്ല. കൊളീജിയം തീരുമാനങ്ങളുടെ മാനദണ്ഡങ്ങൾ വ്യക്തമായിട്ടില്ല. സാമൂഹിക വൈവിധ്യത്തിന്റെ കണക്കുകൾ തുറന്നുപറയുന്നില്ല. കുടുംബബന്ധങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമല്ല. ശക്തമായ recusal norms അപര്യാപ്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുജന സംശയങ്ങൾ വർധിക്കുന്നത് സ്വാഭാവികമാണ്.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് തന്നെ ചില നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിയും. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ബന്ധുക്കളുടെ നിർബന്ധിത വെളിപ്പെടുത്തൽ, അടുത്ത ബന്ധുക്കൾ ഉള്ള അതേ കോടതികളിൽ നിയമനങ്ങൾക്ക് നിയന്ത്രണം, കൊളീജിയം ശുപാർശകളിൽ കൂടുതൽ സുതാര്യത, ഒന്നാം തലമുറ അഭിഭാഷകർക്ക് കൂടുതൽ പ്രാതിനിധ്യം, സാമൂഹിക-പ്രാദേശിക വൈവിധ്യ ഓഡിറ്റുകൾ, ശക്തമായ conflict-of-interest മാർഗ്ഗനിർദ്ദേശങ്ങൾ — ഇവയെല്ലാം നീതിന്യായ സ്വാതന്ത്ര്യത്തെ ദുർബലമാക്കുന്നതല്ല; മറിച്ച്, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്.

ഇന്ത്യയ്ക്ക് വേണ്ടത് വെറും സ്വതന്ത്രമായ ഒരു ജുഡീഷ്യറി മാത്രമല്ല. ജനങ്ങൾക്ക് വിശ്വാസം തോന്നുന്ന, എല്ലാവർക്കും പ്രാപ്യമായ, സാമൂഹികമായി പ്രതിനിധാനമുള്ള, സുതാര്യമായ ഒരു നീതിന്യായ വ്യവസ്ഥയാണ്. കാരണം ജനങ്ങൾ ഒരുദിവസം “നീതി ചില കുടുംബങ്ങളുടെ കൈകളിൽ കുടുങ്ങിയിരിക്കുന്നു” എന്ന് വിശ്വസിക്കാൻ തുടങ്ങുകയാണെങ്കിൽ, നിയമത്തിന്റെ അധികാരം നിലനിന്നാലും നീതിയുടെ നൈതിക ശക്തി തകരും. ജനാധിപത്യത്തിൽ നീതിപീഠം ഒരു കുടുംബവാഴ്ചയാകരുത്. സാധാരണ ജനങ്ങളുടെ മക്കൾക്കും അതിന്റെ വാതിലുകൾ തുല്യമായി തുറന്നിരിക്കണം. അല്ലെങ്കിൽ “Rule of Law” പതിയെ “Rule of Networks” ആയി മാറും.

- മുബാറക് റാവുത്തർ -

Monday, May 25, 2026

എന്താണ് ഹിന്ദുത്വ, ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേരുകൾ എവിടെയാണ്?



ഹിന്ദുത്വ എന്നത് ഹിന്ദു മതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഒന്ന് ഇരുപതാം നൂറ്റാണ്ടിലെ ഒരു ഭൂരിപക്ഷാധിപത്യ പ്രസ്ഥാനമാണ്, മറ്റേത് ഒരു പുരാതന വിശ്വാസവും.

എഴുത്ത് : ഹംസ ഗദ്ബാൻ
അൽ ജസീറയിൽ പ്രസിദ്ധീകരിച്ചത്: 22 മെയ് 2026
വിവർത്തനം : മുബാറക് റാവുത്തർ


മെയ് 14-ന്, മധ്യ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഹൈക്കോടതി, ധാർ നഗരത്തിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കമാൽ മൗല മസ്ജിദ് യഥാർത്ഥത്തിൽ ഒരു ഹിന്ദു ദേവിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമായിരുന്നു എന്ന് വിധിച്ചു. രണ്ടു ദിവസത്തിനുശേഷം, ഹിന്ദു തീവ്രവലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കാവി പതാകകൾ ആ സ്ഥലത്തുടനീളം പ്രത്യക്ഷപ്പെട്ടു, പിന്തുണയ്ക്കുന്നവർ അവിടെ ആഘോഷിക്കുകയും നടത്തിയ ആചാരങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഭോജ്ശാല സമുച്ചയം എന്നും അറിയപ്പെടുന്ന കമാൽ മൗല മസ്ജിദ് പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്നു. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഈ ഒരു പള്ളിയിൽ മാത്രം ഒതുങ്ങുന്നതല്ല. തീവ്രവലതുപക്ഷ ഹിന്ദുത്വ പ്രവർത്തകർ രാജ്യമുടനീളം സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട് – ഒരു പ്രത്യേക പള്ളി പണിതത് ക്ഷേത്രത്തിന് മുകളിലാണ് എന്ന് – 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരത്തിലേക്കുള്ള വളർച്ചയോടെ ഇവർക്ക് കൂടുതൽ ധൈര്യം ലഭിച്ചു.

ഹിന്ദുത്വ എന്നറിയപ്പെടുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതാവാണ് മോദി. എന്നാൽ എന്താണ് ഹിന്ദുത്വ പ്രസ്ഥാനം, അത് എങ്ങനെയാണ് ഉയർന്നുവന്നത്?

എന്താണ് ഹിന്ദുത്വ എന്ന വാക്കിന്റെ അർത്ഥം?

ഹിന്ദു മൂല്യങ്ങളുടെ ഒരു പ്രത്യേക വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഇന്ത്യയുടെ സാംസ്കാരികവും ദേശീയവുമായ സ്വത്വത്തെ നിർവ്വചിക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയ-ദേശീയതാ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ. ഇന്ത്യ ഭരണഘടനാപരമായി ഒരു മതേതര രാജ്യമാണ്, എന്നാൽ ഹിന്ദുത്വത്തിന്റെ വക്താക്കൾ രാജ്യം ഹിന്ദു മതത്തെ അതിന്റെ ഔദ്യോഗിക മതമായി സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഹിന്ദുത്വ എന്ന പദത്തിന് രണ്ട് ഭാഷാപരമായ ഭാഗങ്ങളുണ്ട്: ആദ്യത്തേത് "ഹിന്ദു" എന്ന വാക്കാണ്, ഇതിന്റെ ഉത്ഭവം മിക്കവാറും സിന്ധു നദിയുടെ പുരാതന നാമമായ "സിന്ധു" എന്ന സംസ്കൃത വാക്കിൽ നിന്നായിരിക്കാം. ഭാഷാപരമായ ഉപയോഗത്തിന്റെ പരിണാമത്തോടെ, പുരാതന പേർഷ്യക്കാരും മറ്റുള്ളവരും "S" എന്ന അക്ഷരത്തിന് പകരം "H" എന്ന് ഉപയോഗിക്കാൻ തുടങ്ങി, നദിക്ക് അപ്പുറം താമസിക്കുന്ന നിവാസികളെ സൂചിപ്പിക്കാൻ "ഹിന്ദുക്കൾ" എന്ന പദം ഉപയോഗിച്ചു തുടങ്ങി.

രണ്ടാമത്തെ ഭാഗം സംസ്കൃത പ്രത്യയമായ "-ത്വ" (-tva) ആണ്, ഇത് സത്തയെയോ അസ്തിത്വത്തെയോ സൂചിപ്പിക്കുന്നു, അതായത് ഈ പദം അക്ഷരാർത്ഥത്തിൽ "ഹിന്ദു സത്ത" അല്ലെങ്കിൽ "ഹിന്ദു സ്വത്വം അല്ലെങ്കിൽ അസ്തിത്വം" എന്നാണ് അർത്ഥമാക്കുന്നത്.

ഹിന്ദുത്വ എങ്ങനെയാണ് ഉത്ഭവിച്ചത്?

ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളുടെ മതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് ഹിന്ദു ദേശീയത ഉയർന്നുവന്നത്, എന്നാൽ ഇത് പെട്ടെന്നുതന്നെ ഹിന്ദു മതത്തിന്റെ ഒരു പ്രത്യേക വ്യാഖ്യാനത്തിലൂടെ ഇന്ത്യൻ സ്വത്വത്തെ വീക്ഷിക്കുന്ന ഒരു ഭൂരിപക്ഷാധിപത്യ പ്രത്യയശാസ്ത്രമായി വളർന്നു. അതിന്റെ പ്രാരംഭ വർഷങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള ഹിന്ദു-മുസ്ലിം സംഘർഷങ്ങളുമായി ഒത്തുപോയി, ഇത് 1947-ൽ സ്വാതന്ത്ര്യലബ്ധിയോടെ ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തിലും മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ രൂപീകരിക്കുന്നതിലും കലാശിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും പ്രത്യയശാസ്ത്രജ്ഞനുമായ വിനായക് സവർക്കർ 1923-ൽ പ്രസിദ്ധീകരിച്ച എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ (Essentials of Hindutva) എന്ന ലഘുലേഖയിലാണ് "ഹിന്ദുത്വ" എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പ്രദേശം, സംസ്കാരം, ചരിത്രപരമായ പാരമ്പര്യം എന്നിവയുടെ ഐക്യത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു സ്വത്വത്തിന്റെ ഒരു കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്, അതോടൊപ്പം ഇന്ത്യയെ ഹിന്ദുക്കളുടെ പിതൃഭൂമിയായും പുണ്യഭൂമിയായും കണക്കാക്കുകയും ചെയ്തു.

ഈ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ, ചില ഹിന്ദുത്വ സിദ്ധാന്തകർ വാദിച്ചത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യൻ രാഷ്ട്രത്തിൽ പൂർണ്ണമായ അവകാശമില്ലെന്നാണ്, കാരണം അവരുടെ പുണ്യസ്ഥലങ്ങൾ ഇന്ത്യക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത് – ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും, യുണൈറ്റഡ് കിംഗ്ഡം പോലുള്ള പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൂടുതൽ ക്രിസ്ത്യാനികൾ ഇവിടെയുണ്ടെങ്കിലും.

സവർക്കർ ഒരു വിവാദ പുരുഷനായിരുന്നു, ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു: ആൻഡമാൻ ദ്വീപുകളിലെ കുപ്രസിദ്ധമായ ജയിലിൽ നിന്ന് തന്നെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ബ്രിട്ടീഷുകാർക്ക് കത്തുകൾ എഴുതിയത് പരസ്യമായ കാര്യമാണ്.

ആശയത്തിൽ നിന്ന് പ്രസ്ഥാനത്തിലേക്ക്

1925-ഓടെ, ആദ്യകാല ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ കേശവ് ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സ്ഥാപിച്ചു – ഇതിന്റെ ഏകദേശ പരിഭാഷ നാഷണൽ വോളന്റിയർ ഓർഗനൈസേഷൻ എന്നാണ് – ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാതൃസംഘടനയാണ്.

പ്രാദേശിക സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമാണ് ആർ.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കാലക്രമേണ, മതപരമായ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പ്രസിദ്ധീകരണം, വിദ്യാർത്ഥി രാഷ്ട്രീയം, ട്രേഡ് യൂണിയൻ മേഖലകൾ വരെ വ്യാപിച്ചുകിടക്കുന്ന അനുബന്ധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഒരു ശൃംഖലയായി അത് വികസിച്ചു.

അതിന്റെ ചില ആദ്യകാല നേതാക്കൾ തങ്ങളുടെ എഴുത്തുകളിൽ യൂറോപ്യൻ ഫാസിസ്റ്റുകളെയും അവർ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളോട് പെരുമാറിയ രീതിയെയും പരസ്യമായി പ്രശംസിച്ചിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം, 1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് പ്രസ്ഥാനം കടുത്ത സമ്മർദ്ദം നേരിട്ടു: ഗാന്ധിയുടെ കൊലയാളി മുൻ ആർ.എസ്.എസ് അംഗമായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപകനായ സവർക്കറും കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും, പ്രോസിക്യൂഷന് അദ്ദേഹത്തിനെതിരെ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ ഒടുവിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

പിന്നീട്, ഈ പ്രസ്ഥാനം രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിയുകയും 1951-ൽ ഒരു പാർട്ടി സ്ഥാപിക്കുകയും ചെയ്തു, ഇത് പിന്നീട് 1980-ൽ ഭാരതീയ ജനതാ പാർട്ടിയായി (ബി.ജെ.പി) പരിണമിച്ചു.

അയോധ്യ നഗരത്തിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയതിലൂടെ 1980-കളിലും 1990-കളിലും ഈ പാർട്ടിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി.

1992-ൽ ആർ.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധപ്പെട്ട പ്രവർത്തകർ പള്ളി പൊളിച്ചത് രാജ്യത്തുടനീളം വലിയ തോതിലുള്ള വർഗീയ അക്രമങ്ങൾക്ക് കാരണമായി.

ആ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, 1996-ൽ ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആദ്യമായി കേന്ദ്ര അധികാരത്തിൽ വന്നു, എന്നാൽ അവർ ആശ്രയിച്ചിരുന്ന സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 13 ദിവസത്തിനുള്ളിൽ ആ സർക്കാർ തകർന്നു.

1998-ൽ അത് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും ഇത്തവണ 13 മാസത്തിനുശേഷം ഭരണം നഷ്ടപ്പെട്ടു. 1999-ൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരികയും ചെയ്തു.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ ശക്തിയായ കോൺഗ്രസ് പാർട്ടി അവരെ പരാജയപ്പെടുത്തുന്ന 2004 വരെ, അഞ്ച് വർഷം തികച്ചു ഭരിച്ച ഒരു സഖ്യ സർക്കാരിന് അത് നേതൃത്വം നൽകി. 1984-ന് ശേഷം ഏതൊരു പാർട്ടിക്കും ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ജനവിധി നേടി മോദി 2014-ൽ അധികാരത്തിൽ വരുന്നത് വരെ കോൺഗ്രസ് ഒരു പതിറ്റാണ്ട് കാലം ഭരിച്ചു.

ചിന്തയും പ്രത്യയശാസ്ത്രവും

ഇന്ത്യൻ സ്വത്വം അടിസ്ഥാനപരമായി വേരൂന്നിയിരിക്കുന്നത് ഹിന്ദു സംസ്കാരത്തിലും നാഗരികതയിലുമാണെന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രം അവകാശപ്പെടുന്നു.

ഇസ്ലാമിക, മുഗൾ ഭരണകാലഘട്ടങ്ങൾ ഹിന്ദു പൈതൃകത്തെ ദുർബലപ്പെടുത്തിയ ഒരു കാലഘട്ടമായി ചിത്രീകരിക്കുന്ന ചരിത്ര വിവരണങ്ങളെയാണ് ഈ പ്രത്യയശാസ്ത്രം ആശ്രയിക്കുന്നത്, അത് ഹിന്ദു സ്വത്വത്തിന്റെ പുനഃസ്ഥാപനത്തിനും പൊതുമണ്ഡലത്തിൽ അതിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു.

അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ ഇവ ഉൾപ്പെടുന്നു: ചരിത്രത്തെ ഒരു ഹിന്ദു ദേശീയ വീക്ഷണകോണിൽ നിന്ന് പുനർവായിക്കുക, ഇന്ത്യയെ ഒരു പവിത്രമായ നാഗരിക അസ്തിത്വമായി കാണുക, ഹിന്ദു പാരമ്പര്യമുള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്നവരെ അവരുടെ പൂർവ്വിക മതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഹ്വാനം ചെയ്യുക, പശുക്കൾ, സംസ്കൃത ഭാഷ തുടങ്ങിയ പ്രതീകങ്ങൾക്ക് ദേശീയ പദവി നൽകുക.

വിമർശകർ ഒരു ദേശീയ രാഷ്ട്രീയ പദ്ധതി എന്ന നിലയിലുള്ള ഹിന്ദുത്വത്തെയും, ഒരു മതവും ആത്മീയ തത്ത്വചിന്തയുമെന്ന നിലയിലുള്ള ഹിന്ദു മതത്തെയും വേർതിരിച്ചു കാണുന്നു; ആദ്യത്തേത് മതത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, ഹിന്ദു മതത്തിന്റെ പ്രധാന തത്വങ്ങളായി കാലങ്ങളായുള്ള സഹിഷ്ണുത, അഹിംസ തുടങ്ങിയ മൂല്യങ്ങൾക്ക് അത് വിരുദ്ധമാകുമെന്നും അവർ വാദിക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയ പ്രയോഗത്തിൽ

ബി.ജെ.പി അധികാരത്തിൽ വന്നതോടെ ഹിന്ദുത്വ ക്രമേണ രാഷ്ട്രീയ, നിയമനിർമ്മാണ മേഖലകളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അതിന്റെ തത്വങ്ങൾ രാജ്യത്തെ നിയമങ്ങളിലും പൊതുനയങ്ങളിലും സാമൂഹിക ചർച്ചകളുടെ സ്വഭാവത്തിലും പ്രതിഫലിക്കാൻ തുടങ്ങി.

ഈ നയങ്ങൾ ദേശീയ സ്വത്വം നിലനിർത്തുന്നുവെന്ന് അനുകൂലികൾ വാദിക്കുമ്പോൾ, അവ മതപരവും സാംസ്കാരികവുമായ ബഹുസ്വരതയെ തകർക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു.

ഈ നടപടികളിൽ ഏറ്റവും ശ്രദ്ധേയമായത് 2019-ൽ ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതാണ്, ഇത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകിയിരുന്നതായിരുന്നു.

കൂടാതെ, അയൽരാജ്യങ്ങളിൽ നിന്നുള്ള ചില കുടിയേറ്റക്കാർക്ക് മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് വേഗത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ) ആ വർഷം പാസാക്കി. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കാനും അവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്താനും ഭീഷണിയുയർത്തുന്ന ദേശീയ പൗരത്വ രജിസ്റ്ററിനൊപ്പം (എൻ.ആർ.സി) ഇത് 2024 മാർച്ചിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.

ഈ കാഴ്ചപ്പാടിന്റെ സ്വാധീനം ചില സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമനിർമ്മാണങ്ങളിലേക്കും വ്യാപിച്ചു, പശുഹത്യക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, മതപരിവർത്തനവും അന്തർമത വിവാഹങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുക, ന്യൂനപക്ഷങ്ങൾക്കായുള്ള ചില വ്യക്തിനിയമങ്ങൾക്ക് പകരമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ആഹ്വാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾ എന്നിവർക്കെതിരെയുള്ള അക്രമങ്ങളിലും ഭീഷണിപ്പെടുത്തലുകളിലും ഉൾപ്പെട്ടിട്ടുള്ള ബജ്റംഗ് ദൾ പോലുള്ള ഹിന്ദു ദേശീയതാ ഗ്രൂപ്പുകളുടെ ഉദയവുമായി ഹിന്ദുത്വ ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും പശുക്കളുമായോ മതപരിവർത്തനവുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ.

1999 ജനുവരിയിൽ, ബി.ജെ.പി ദേശീയതലത്തിൽ അധികാരത്തിലിരുന്നപ്പോൾ, ബജ്റംഗ് ദൾ പ്രവർത്തകർ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കാറിൽ ഉറങ്ങിക്കിടക്കുമ്പോൾ ജീവനോടെ കത്തിച്ചു കൊന്നു.

കൂടാതെ 2002-ൽ പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മോദി ഇരിക്കെ, ഇപ്പോഴും തർക്കത്തിലിരിക്കുന്ന സാഹചര്യത്തിൽ ഒരു കൂട്ടം ഹിന്ദു തീർത്ഥാടകർ ട്രെയിനിൽ ജീവനോടെ വെന്തുമരിച്ചതിനെത്തുടർന്ന്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം കൂട്ടക്കൊലകളിലൊന്നിന് ഗുജറാത്ത് സാക്ഷ്യം വഹിച്ചു.

2014 മുതൽ പശുക്കളെ അറുക്കാൻ കൊണ്ടുപോയി എന്ന് ആരോപിച്ച് ഡസൻ കണക്കിന് മുസ്ലീങ്ങളെ തല്ലിക്കൊന്നതിൽ ആർ.എസ്.എസുമായി പ്രത്യയശാസ്ത്രപരമായി പൊരുത്തപ്പെടുന്ന ഇന്ത്യൻ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ പ്രതിക്കൂട്ടിലായിട്ടുണ്ട്. മിക്കവാറും എല്ലാ കേസുകളിലും, കൊലയാളികളാരും ശിക്ഷിക്കപ്പെട്ടിട്ടില്ല, പല സന്ദർഭങ്ങളിലും ഇരകളുടെ കുടുംബങ്ങളാണ് കുറ്റാരോപണങ്ങൾ നേരിട്ടത്.

Saturday, May 23, 2026

സൂപ്പർപവർ സ്വപ്നങ്ങളും തകർന്ന യാഥാർത്ഥ്യങ്ങളും

ഇന്ത്യയെ “സൂപ്പർപവർ” ആക്കുമെന്ന മോദി ഭരണത്തിന്റെ വലിയ സ്വപ്നങ്ങൾ ആഗോള യാഥാർത്ഥ്യങ്ങളുടെ മുന്നിൽ എത്ര ദുർബലമാണെന്ന് വീണ്ടും തെളിയിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തലുകൾ. ബ്രിട്ടീഷ് പത്രമായ ദി ടെലഗ്രാഫ് പുറത്തിറക്കിയ റിപ്പോർട്ട് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.


ഇറാനുമായി ബന്ധപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ഒരു പ്രാദേശിക യുദ്ധമായി മാത്രം നിൽക്കുന്നില്ല; അതിന്റെ സാമ്പത്തിക-ഭൂരാഷ്ട്രീയ ആഘാതം ഇന്ത്യ പോലുള്ള രാജ്യങ്ങളെയും കനത്ത രീതിയിൽ ബാധിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയും ആഗോള നിക്ഷേപ പ്രവാഹങ്ങളുമാണ് ആശ്രയിക്കുന്നത്. യുദ്ധാവസ്ഥ ശക്തമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നു, രൂപയുടെ മൂല്യം ഇടിയുന്നു, ഇന്ധനവിലയും ജീവിതച്ചെലവും ഉയരുന്നു.

ഇതിലും ശ്രദ്ധേയമായത് ഭൂരാഷ്ട്രീയ തലത്തിലുള്ള മാറ്റങ്ങളാണ്. അമേരിക്കയുടെ നയങ്ങൾ ഇന്ത്യയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമെന്ന ധാരണയിൽ ബിജെപി വർഷങ്ങളായി “ന്യൂ ഇന്ത്യ”യുടെ കഥ നിർമ്മിച്ചു. എന്നാൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ സ്ഥിരമായ സൗഹൃദങ്ങളോ വികാരങ്ങളോ ഇല്ല; താൽപര്യങ്ങൾ മാത്രമാണ് നിർണായകം. ഇന്ന് അമേരിക്കയ്ക്ക് ആവശ്യമായിടത്ത് ചൈനയോടും പാകിസ്ഥാനോടും പോലും കൂടുതൽ അടുപ്പം പുലർത്താൻ മടിയില്ല.

മോദി സർക്കാരിന്റെ വിദേശനയ പ്രചാരണങ്ങളിൽ ഇന്ത്യയെ ഉയർന്നുവരുന്ന മഹാശക്തിയായി അവതരിപ്പിച്ചെങ്കിലും, ഒരു ആഗോള പ്രതിസന്ധി വന്നപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആശ്രിത സ്വഭാവവും നയങ്ങളുടെ പരിമിതിയും വീണ്ടും പുറത്തുവന്നു. “സൂപ്പർപവർ” എന്നത് വെറും സ്റ്റേഡിയം ഷോകളും വിദേശ യാത്രകളുമല്ല; സാമ്പത്തിക സ്ഥിരത, സ്വതന്ത്ര വിദേശനയം, ആഭ്യന്തര സാമൂഹിക ഐക്യം, ശക്തമായ ഉൽപാദന അടിസ്ഥാനങ്ങൾ എന്നിവയുടെ സംയോജനമാണ്.

ഇതോടൊപ്പം യുവതലമുറയുടെ രാഷ്ട്രീയ മനോഭാവത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്. ഒരുകാലത്ത് സോഷ്യൽ മീഡിയ ദേശീയതയുടെ ആവേശത്തിൽ ബിജെപിയെ പിന്തുണച്ചിരുന്ന ജെൻസിയിലെ ഒരു വിഭാഗം ഇന്ന് പ്രതിപക്ഷ രാഷ്ട്രീയത്തോടും പ്രത്യേകിച്ച് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ഭാഷയോടും കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നതായി കാണാം. 

തൊഴിൽരഹിതത്വം, വിദ്യാഭ്യാസ പ്രതിസന്ധി, സാമ്പത്തിക അസമത്വം, ഭരണകൂടത്തിന്റെ കേന്ദ്രീകൃത സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉയർത്തുന്ന വിമർശനങ്ങൾ യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടുന്നുവെന്ന രാഷ്ട്രീയ സൂചനകൾ ശക്തമാണ്. “സിസ്റ്റത്തെ ചോദ്യം ചെയ്യുന്ന ശബ്ദം” എന്ന പ്രതിച്ഛായയിൽ അദ്ദേഹത്തെ കാണുന്ന ഒരു മനോഭാവം ജെൻസിയിലെ ഭാഗങ്ങളിൽ വളരുന്നു. 

“കോക്രോച്ച് ജനത പാർട്ടി” പോലുള്ള പരിഹാസ രാഷ്ട്രീയ പ്രയോഗങ്ങൾ പോലും ആ അസന്തോഷത്തിന്റെ സാംസ്കാരിക പ്രകടനങ്ങളായി മാറുകയാണ്. ഇത് വെറും വ്യക്തിപരമായ ഇമേജ് മാറ്റമല്ല; പ്രചാരണ ദേശീയതയിൽ നിന്ന് സാമൂഹ്യ-സാമ്പത്തിക യാഥാർത്ഥ്യങ്ങളിലേക്കുള്ള യുവതലമുറയുടെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചന കൂടിയാണ്.

പ്രചാരണങ്ങളുടെയും ഇമേജ് മാനേജ്മെന്റിന്റെയും അതിർത്തിക്ക് പുറത്തേക്ക് രാജ്യം കടന്നിരിക്കുകയാണ്. ലോക രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിക്കണമെങ്കിൽ ആഭ്യന്തര ജനാധിപത്യ ശക്തിയും സാമ്പത്തിക ആത്മവിശ്വാസവും സാമൂഹിക വിശ്വാസവുമാണ് അടിസ്ഥാനമാകേണ്ടത്. അതില്ലാതെ “സൂപ്പർപവർ ഇന്ത്യ” എന്ന മുദ്രാവാക്യം എത്ര ശക്തമായി ആവർത്തിച്ചാലും യാഥാർത്ഥ്യം ഒടുവിൽ സ്വന്തം ഭാഷയിൽ മറുപടി പറയും.

- മുബാറക് റാവുത്തർ -

Friday, May 22, 2026

ജാതിവിരുദ്ധ രാഷ്ട്രീയം: അടയാളപ്പെടുത്തലുകളിൽ നിന്ന് ഘടനകളിലേക്ക്

ആന്റി ഇസ്ലാമോഫോബിയ ആക്ടിവിസ്റ്റുകൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും തെറിവിളികളും സംഘടിതമായ സൈബർ ആക്രമണങ്ങളും ഉണ്ടായിട്ടും, അതിനൊന്നും വഴങ്ങാതെ അവർ വളരെ സ്ഥിരതയോടെ ഇസ്ലാമോഫോബിയയെ ഒരു സാമൂഹിക-രാഷ്ട്രീയ വംശീയതാ പദ്ധതിയായി നിർവചിച്ചുകൊണ്ടിരിക്കുകയാണ്. എഴുത്തുകളിലൂടെയും ചർച്ചകളിലൂടെയും അക്കാദമിക് ഇടപെടലുകളിലൂടെയും താഴെത്തട്ടിലുള്ള കാമ്പെയ്‌നുകളിലൂടെയും അവർ സമൂഹത്തിൽ ഒരു ബോധം സൃഷ്ടിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായാണ് ഇന്ന് “ഇസ്ലാമോഫോബിയ” എന്ന പദം തന്നെ പൊതുചർച്ചകളിൽ ഇടം പിടിക്കുകയും, മുസ്ലിം വിരുദ്ധതയെ വെറും അഭിപ്രായ വ്യത്യാസമല്ലാതെ ഒരു വ്യവസ്ഥാപിത പ്രചാരണ ഘടനയായി കാണാനുള്ള ചിന്ത രൂപപ്പെടുകയും ചെയ്തത്.


പക്ഷേ, ഇപ്പോൾ ജാതി വാലുകളെ കുറിച്ചുള്ള ചർച്ചകൾ നോക്കുമ്പോൾ അതേ രാഷ്ട്രീയ ഗൗരവം പലപ്പോഴും കാണാനില്ല. അത് ഒരു ജാതിവിരുദ്ധ രാഷ്ട്രീയ ചർച്ചയായി വളരേണ്ടതിനു പകരം, “മേനോൻ യഥാർത്ഥ ജാതി വാലാണോ?”, “നമ്പൂതിരിപ്പാട് technically ജാതിപ്പേരാണോ?”, “അത് കുടുംബപ്പേരല്ലേ?” എന്നിങ്ങനെ കേവല വാഗ്വാദങ്ങളിലേക്ക് ചുരുങ്ങുകയാണ്. ജാതിയെ ശക്തമായി ചോദ്യം ചെയ്യേണ്ട ചർച്ചകൾ, ഒടുവിൽ ജാതിപ്പേരുകളുടെ സത്യാവസ്ഥ തേടുന്ന ഉപരിപ്ലവമായ authenticity debate ആയി മാറുന്നു.

ഇത് യഥാർത്ഥത്തിൽ വളരെ ദയനീയമായ അവസ്ഥയാണ്. കാരണം, ഒരു ജാതിവിരുദ്ധ രാഷ്ട്രീയം എന്നത് വ്യക്തികളുടെ പേരുകളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ജാതി എങ്ങനെയാണ് സമൂഹത്തിൽ അധികാരം, പ്രിവിലേജ്, പ്രാതിനിധ്യം, അവസരങ്ങൾ ലഭ്യമാകൽ, അപമാനം, മാറ്റിനിർത്തൽ എന്നിവ നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഘടനാപരമായ വിമർശനമാണ് അതിന്റെ കേന്ദ്രം.

എന്നാൽ ഇവിടെ നടക്കുന്നത് അതിന്റെ നേരെ വിപരീതമാണ് — “ഞങ്ങളുടെ നേതാവിന്റെ വാൽ ജാതി വാലല്ല”, “അവരുടെതാണ് യഥാർത്ഥ ജാതി വാൽ” എന്ന തരത്തിലുള്ള fan defense രാഷ്ട്രീയമാണ്. അതിലൂടെ ജാതിയെ വിമർശിക്കേണ്ട ഇടത്ത്, ജാതി അടയാളങ്ങളെ തന്നെ നോർമലൈസ് ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുകയാണ് നടക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ പ്രശ്നം, സമൂഹത്തിൽ ജാതിയെക്കുറിച്ചുള്ള വിമർശനാത്മക ബോധം വളരുന്നില്ല എന്നതാണ്. മറിച്ച് ഓരോ രാഷ്ട്രീയ/സാമുദായിക ഗ്രൂപ്പുകളും തങ്ങളുടെ നേതാക്കളുടെ caste markers നെ സ്വാഭാവികവൽക്കരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുകയാണ്. അതിലൂടെ ജാതി ഒരു പ്രശ്നമല്ല, മറിച്ച് സംരക്ഷിക്കേണ്ട ഒരു identity ആണെന്ന ധാരണയാണ് വീണ്ടും ശക്തമാകുന്നത്.

ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം, ജാതിവിരുദ്ധ രാഷ്ട്രീയം എന്നത് “ആരാണ് കൂടുതൽ ജാതിവാദി?” എന്ന് കണ്ടെത്താനുള്ള മത്സരമല്ല എന്നതാണ്. അത് ജാതി എന്ന സാമൂഹിക അധികാര ഘടനയെ dismantle ചെയ്യാനുള്ള രാഷ്ട്രീയ-സാംസ്കാരിക ഇടപെടലാണ്. അതിന് ആവശ്യമായത് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവും, സ്വന്തം സാമൂഹിക privilege നെപ്പോലും വിമർശനാത്മകമായി പരിശോധിക്കാനുള്ള സത്യസന്ധതയുമാണ്.

പക്ഷേ പലപ്പോഴും ചർച്ചകൾ ആ ദിശയിലേക്ക് പോകാതെ, “ഞങ്ങളുടെ ഭാഗം ശുദ്ധമാണ്” എന്ന് തെളിയിക്കാനുള്ള PR exercise ആയി മാറുന്നു. അത് വിമോചന രാഷ്ട്രീയമല്ല; വെറും image management മാത്രമാണ്.

ജാതി വാലിനെതിരായ ചർച്ചകൾ ഒരു വ്യക്തിയുടെ പേരിനെക്കുറിച്ചുള്ള courtroom argument ആയി ചുരുങ്ങരുത്. ജാതി എങ്ങനെയാണ് ഇന്നും സാമൂഹിക ബന്ധങ്ങളിലും, രാഷ്ട്രീയ പ്രാതിനിധ്യങ്ങളിലും, സാംസ്കാരിക അധികാരങ്ങളിലും പ്രവർത്തിക്കുന്നത് എന്ന വലിയ ചോദ്യത്തിലേക്ക് അത് വികസിക്കേണ്ടതുണ്ട്.

അല്ലാത്തപക്ഷം, ഈ മുഴുവൻ discourse സോഷ്യൽ മീഡിയയിലെ ഒരു shouting match ആയി മാത്രം അവസാനിക്കും; സമൂഹത്തിൽ യാതൊരു transformative impact ഉം ഉണ്ടാക്കാതെ.

-mubarak_ravuthar-

Wednesday, May 20, 2026

കേരളീയ മുസ്ലീം സ്ത്രീത്വത്തിന്റെ രാഷ്ട്രീയ അതിജീവനം

തട്ടം ഇട്ട അവകാശവാദങ്ങളും സവർണ അസ്വസ്ഥതകളും: 
കേരളീയ മുസ്ലീം സ്ത്രീത്വത്തിന്റെ രാഷ്ട്രീയ അതിജീവനം

കേരളത്തിന്റെ നവോത്ഥാന-രാഷ്ട്രീയ ചരിത്രത്തിൽ മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും രണ്ട് അതിരുകൾക്കിടയിലാണ് കുടുങ്ങിക്കിടക്കാറുള്ളത്; ഒന്നുകിൽ യാഥാസ്ഥിതികതയുടെ ചട്ടക്കൂടിൽ അവരെ ഒതുക്കുക, അല്ലെങ്കിൽ ഇരവാദത്തിന്റെ ഭാഷയിൽ മാത്രം അവരെ അവതരിപ്പിക്കുക. എന്നാൽ ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ, ഈ നാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളോട് പൊരുതി സ്വന്തം ഇടം നേടിയെടുത്ത മുസ്ലീം വനിതകളുടെ ശക്തമായ അതിജീവന ചരിത്രമാണ് നമുക്ക് കാണാനാകുന്നത്.


1957-ൽ കെ.ഒ. ആയിഷ ബായിയും 1960-ൽ എ. നഫീസത്ത് ബീവിയും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയപ്പോൾ അത് വെറും വ്യക്തിഗത നേട്ടങ്ങൾ മാത്രമായിരുന്നില്ല. സാമൂഹികമായി പിന്നാക്കം നിർത്തപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിലെ സ്ത്രീകൾ അധികാര ഘടനകളുടെ കേന്ദ്രത്തിലേക്ക് കടന്നുവരുന്ന ചരിത്ര മുഹൂർത്തമായിരുന്നു അത്. 2026-ൽ ഷാനിമോൾ ഉസ്മാൻ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സമകാലിക സാഹചര്യം വരെയെത്തുമ്പോൾ, ആ ചരിത്രം എത്ര നീണ്ട ഇടവേളകളിലൂടെയും എത്ര വലിയ പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയതെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ഇരട്ട വെല്ലുവിളികളുടെ രാഷ്ട്രീയം,....

കേരളത്തിൽ ഒരു മുസ്ലീം വനിത പൊതുരംഗത്തേക്ക് കടന്നുവരുമ്പോൾ അവർക്ക് ഒരേസമയം രണ്ട് തലങ്ങളിലുള്ള പ്രതിരോധങ്ങളാണ് തീർക്കേണ്ടി വരുന്നത്. ഒരു ഭാഗത്ത് സമുദായത്തിനകത്തെ പുരുഷാധിപത്യ ചട്ടക്കൂടുകളെയും പരമ്പരാഗത വിലക്കുകളെയും മറികടക്കേണ്ടി വരുമ്പോൾ, മറുഭാഗത്ത് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക മുൻവിധികളെയും സ്റ്റീരിയോടൈപ്പുകളെയും തകർക്കേണ്ടി വരുന്നു.

മുസ്ലീം സ്ത്രീകളെ എപ്പോഴും “അടിച്ചമർത്തപ്പെട്ടവരും”, “അറിവില്ലാത്തവരും”, “വീടിന്റെ ചുവരുകൾക്കുള്ളിൽ പൂട്ടപ്പെട്ടവരും” ആയി മാത്രം അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സമാന്തര പൊതുബോധം കേരളത്തിലുമുണ്ട്. ഈ മുൻവിധികളെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസം നേടിയ, നിയമബിരുദം കരസ്ഥമാക്കിയ, പൊതുരംഗങ്ങളിൽ ഭയമില്ലാതെ ശബ്ദമുയർത്തിയ മുസ്ലീം സ്ത്രീകൾ മുന്നോട്ട് വന്നത്. കെ.ഒ. ആയിഷ ബായിയും എ. നഫീസത്ത് ബീവിയും അതിന്റെ ആദ്യകാല പ്രതീകങ്ങളായിരുന്നു. അവർ പൊതുജീവിതത്തിലേക്ക് നടന്നു കയറിയത് അന്നത്തെ സാമൂഹിക ബോധ്യങ്ങളോട് തന്നെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു.

പ്രാതിനിധ്യത്തോടുള്ള അസഹിഷ്ണുത.....

കേരളത്തിൽ മുസ്ലീം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അവരുടെ അധികാര പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ ഉയരുമ്പോൾ അസ്വസ്ഥതകളും വരേണ്യമായ പ്രതികരണങ്ങളും ശക്തമാകുന്ന ഒരു യാഥാർത്ഥ്യം നമുക്ക് കാണാം.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുമ്പോൾ അതിനെ പലപ്പോഴും “പ്രീണനം” എന്ന തരംതാണ ഭാഷയിൽ വിശേഷിപ്പിക്കുന്ന പ്രവണത ഇന്നും ചാനൽ മുറികളിലും പൊതുവിടങ്ങളിലും ദൃശ്യമാണ്. പ്രത്യേകിച്ച് ഒരു മുസ്ലീം വനിത സ്വന്തം സ്വത്വവും സാംസ്കാരിക വ്യക്തിത്വവും മറച്ചുവെക്കാതെ, ആത്മവിശ്വാസത്തോടെ രാഷ്ട്രീയ നിലപാടുകളുമായി പൊതുരംഗത്ത് നിലകൊള്ളുമ്പോൾ ആ അസഹിഷ്ണുത കൂടുതൽ പ്രകടമാകാറുണ്ട്.

ഇത് വ്യക്തികൾക്കെതിരെയുള്ള താൽക്കാലിക വിമർശനം മാത്രമല്ല; മറിച്ച്, അധികാര ഘടനകളിൽ ആരെല്ലാം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ചും ആരുടെയെല്ലാം ശബ്ദമാണ് കേൾക്കേണ്ടത് എന്നതിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള സാമൂഹിക മുൻവിധികളുടെ പ്രകടനവുമാണ്. എ. നഫീസത്ത് ബീവിയ്ക്ക് ശേഷം മറ്റൊരു മുസ്ലീം വനിതയ്ക്ക് സമാനമായ ഉയർന്ന ഭരണഘടനാ സ്ഥാനത്തേക്ക് എത്താൻ ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു എന്നത് കേരളത്തിലെ അധികാര ഘടനകളിലെ സാമൂഹിക അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഷാനിമോൾ ഉസ്മാൻ Shanimol Osman : പ്രതീകാത്മകതയ്ക്കപ്പുറം.....

ഷാനിമോൾ ഉസ്മാനെ പോലുള്ള നേതാക്കൾ ഒരു സമൂഹത്തിനുള്ള കേവലം 'ടോക്കൺ' (Token) പ്രതിനിധാനമല്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ നിന്ന് ആരംഭിച്ച്, കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ നേരിട്ട്, ദേശീയ തലത്തിലെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിലേക്ക് സ്വന്തം കഴിവിനാൽ എത്തിയ വ്യക്തിത്വമാണവർ.

മുസ്ലീം സ്ത്രീകളെക്കുറിച്ച് പൊതുസമൂഹം നിർമ്മിച്ചുവെച്ചിട്ടുള്ള ഒട്ടേറെ സ്റ്റീരിയോടൈപ്പുകളെ തകർത്തുകൊണ്ടാണ് അവർ പൊതുരംഗത്ത് ഉറച്ചുനിന്നത്. തങ്ങളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ പൊതുരംഗത്ത് ശക്തമായ നേതൃപാടവം കാട്ടാൻ കഴിയുമെന്ന് അവർ തെളിയിക്കുന്നു. അവരുടെ ഈ മുന്നേറ്റം വരുംതലമുറയിലെ ആയിരക്കണക്കിന് മുസ്ലീം പെൺകുട്ടികൾക്ക് രാഷ്ട്രീയത്തിലും ഭരണരംഗത്തിലും നയരൂപീകരണ മേഖലയിലും സജീവമാകാൻ വലിയ പ്രചോദനമായി മാറും.

അവസാനമായി......

സ്ത്രീ സ്വാതന്ത്ര്യത്തെയും തുല്യതയെയും കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന കേരളം, മുസ്ലീം സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അവകാശവാദങ്ങളെയും സംശയത്തോടെയോ അസ്വസ്ഥതയോടെയോ കാണുന്ന സമീപനം പുനഃപരിശോധിക്കേണ്ട സമയമാണിത്. നവോത്ഥാനം എന്നത് പ്രസംഗങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല; അത് അധികാരത്തിന്റെ തുല്യമായ പങ്കുവെപ്പിലൂടെ മാത്രമേ യാത്ഥാർത്ഥ്യമാകൂ.

അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെടുന്നത് വർഗീയതയല്ല — അത് ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണ്. 1957-ലും 1960-ലും കേരളം തുറന്നിട്ട ജനാധിപത്യത്തിന്റെ വാതിലുകൾ കൂടുതൽ വിശാലമാക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ സമൂഹത്തിനുണ്ട്. മുസ്ലീം സ്ത്രീകളുടെ മുന്നേറ്റത്തെ കേവലം പ്രതീകാത്മകമായി കാണാതെ, കേരളീയ ജനാധിപത്യത്തിന്റെ യഥാർത്ഥ വികാസമായി കാണാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്.

-മുബാറക് റാവുത്തർ-

ചരിത്രത്തെ ആയുധമാക്കുന്നവർ സ്വന്തം ഭൂതകാലവും വായിക്കണം!

"8 വയസിന് മുകളിൽ വിവാഹം കഴിക്കാത്ത ഹിന്ദു പെൺകുട്ടിയെ കണ്ടെത്തുക അപൂർവമായിരുന്നു” — ചരിത്രത്തെ ആയുധമാക്കുന്നവർ സ്വന്തം ഭൂതകാലവും വായിക്കണം!


ചരിത്രത്തെ സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി തിരഞ്ഞെടുത്ത് വായിക്കുന്നവർക്കും, സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെ വെള്ളപൂശിക്കൊണ്ട് മറ്റുസമൂഹങ്ങളെ മാത്രം വിരൽചൂണ്ടുന്നവർക്കുമായി ചില ചരിത്രസത്യങ്ങൾ ഓർമ്മിപ്പിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യം ഇന്നത്തെ ആധുനിക മൂല്യങ്ങളിലേക്ക് എത്തിയത് വളരെ ദീർഘമായ സാമൂഹിക പോരാട്ടങ്ങളിലൂടെയാണ്. അനേകം മനുഷ്യരുടെ ചോരയും കണ്ണീരും പ്രതിരോധവും ചേർന്നാണ് ഇന്നത്തെ അവകാശങ്ങൾ രൂപപ്പെട്ടത്.

പക്ഷേ ചരിത്രത്തെ വക്രീകരിച്ച് മറ്റുള്ളവരെ മാത്രം കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ ആദ്യം 1885-ലെ ഈ ഔദ്യോഗിക രേഖ വായിക്കണം.

📌 1885-ലെ ഔദ്യോഗിക രേഖ എന്താണ് പറയുന്നത്?

1885 ജനുവരി 29-ന് ഹൈദരാബാദ് അസൈൻഡ് ഡിസ്ട്രിക്ടിലെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ ബാജാബ രാമചന്ദ്ര പ്രധാൻ സർക്കാർ രേഖയിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

«“Ten years ago it was very rare to find a girl above the age of 8 years who was not married.”»

അർത്ഥം — ആ കാലഘട്ടത്തിന് പത്ത് വർഷം മുൻപ് വരെ, 8 വയസിന് മുകളിലുള്ള വിവാഹം കഴിക്കാത്ത പെൺകുട്ടിയെ കണ്ടെത്തുക അപൂർവമായിരുന്നു.

ഇത് ഒരു സാധാരണ അഭിപ്രായമല്ല. അന്നത്തെ സാമൂഹിക-വിദ്യാഭ്യാസ അവസ്ഥ വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥന്റെ ഔദ്യോഗിക നിരീക്ഷണമാണ്.

സവർണ്ണ ഹൈന്ദവ സമൂഹത്തിൽ pre-puberty marriage എത്രത്തോളം സാധാരണവൽക്കരിക്കപ്പെട്ടിരുന്നുവെന്നതിന് ഇത് വ്യക്തമായ രേഖയാണ്.

📌 ഉന്നത ജാതിയിലെ പ്രമുഖരുടെ വിവാഹ യാഥാർത്ഥ്യങ്ങൾ

ചരിത്രത്തിൽ മാതൃകകളായി അവതരിപ്പിക്കപ്പെടുന്ന പല പ്രമുഖരുടെയും വിവാഹ പ്രായം പരിശോധിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാകും:

• Nanasaheb Peshwa — 40-ആം വയസിൽ 8–9 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു.

• Gopalrao Patvardhan — 35-ആം വയസിൽ 9 വയസുകാരിയെ വിവാഹം ചെയ്തു.

• Mahadji Shinde — 65-ആം വയസിൽ 12 വയസുകാരിയെ വിവാഹം ചെയ്തു.

• Bajirao II — 40-ആം വയസിൽ 8–9 വയസുള്ള പെൺകുട്ടികളെ വിവാഹം ചെയ്തു.

Anandibai Joshi ഒൻപതാം വയസിലാണ് ഇരുപതുകാരനായ Gopalrao Joshiയെ വിവാഹം കഴിച്ചത്.

Jyotirao Phuleക്ക് 13 വയസുള്ളപ്പോഴാണ് 9 വയസുകാരിയായ Savitribai Phuleയെ വിവാഹം കഴിച്ചത്.

ഇന്ന് ഇത് ഞെട്ടിക്കുന്നതായിരിക്കാം. പക്ഷേ അന്നത്തെ സമൂഹത്തിൽ ഇത് സാധാരണവൽക്കരിക്കപ്പെട്ട യാഥാർത്ഥ്യമായിരുന്നു.

📌 മാറ്റം വന്നത് എങ്ങനെ?

ഈ അനാചാരങ്ങൾക്കെതിരെ പോരാടിയത് “പുറത്തുനിന്നുള്ളവർ” അല്ല.

അതേ സമൂഹത്തിനുള്ളിൽ നിന്നുയർന്ന സാമൂഹിക പരിഷ്കർത്താക്കളായിരുന്നു.

Raja Ram Mohan Roy, Ishwar Chandra Vidyasagar, Jyotirao Phule, Savitribai Phule, B. R. Ambedkar തുടങ്ങിയവർ ബാലവിവാഹം, സതി, വിധവ പീഡനം, ജാതി അടിച്ചമർത്തൽ എന്നിവയ്‌ക്കെതിരെ പോരാടി.

അവരുടെ പോരാട്ടങ്ങളുടെ ഫലമായാണ് നിയമപരമായ മാറ്റങ്ങൾ വന്നത്:

• 1860 (IPC): ലൈംഗിക സമ്മത പ്രായം — 10 വയസ്

• 1891 (Age of Consent Act): 12 വയസായി ഉയർത്തി

Bal Gangadhar Tilak ഉൾപ്പെടെയുള്ള യാഥാസ്ഥിതികർ ഇതിനെ ശക്തമായി എതിർത്തിരുന്നു.

• 1929 (ശാരദ ആക്ട്): പെൺകുട്ടികളുടെ വിവാഹ പ്രായം 14 ആക്കി, ആൺകുട്ടികളുടെത് 18 ആക്കി.

പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ B. R. Ambedkar മുന്നോട്ട് വെച്ച Hindu Code Bill സ്ത്രീ അവകാശങ്ങൾക്ക് വലിയ നിയമ അടിത്തറയായി.

📌 ചരിത്രം നമ്മെ പഠിപ്പിക്കുന്നത്

1. എല്ലാ സമൂഹങ്ങളിലും ഓരോ കാലഘട്ടങ്ങളിലും ഇത്തരം വിവാഹങ്ങൾ നടന്നിട്ടുണ്ട്.
ഒരു സമൂഹത്തെ മാത്രം ചരിത്രപരമായ സംഗതിയിൽ കുറ്റപ്പെടുത്താൻ സാധിക്കില്ല.

2. വിമർശനാതീതമായി ഒന്നുമില്ല.
മതമോ ആചാരമോ സമൂഹമോ കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമാകണം.

വാൽക്കഷണം:

ചരിത്രത്തെ മറ്റുള്ളവരെ ആക്രമിക്കാനുള്ള ആയുധമാക്കുന്നതിന് മുൻപ് — സ്വന്തം ചരിത്രത്തിന്റെ കറുത്ത ഏടുകളും സത്യസന്ധമായി വായിക്കാൻ തയ്യാറാകണം.

ഭൂതകാല തെറ്റുകളെ തിരുത്തി മുന്നേറുന്ന സമൂഹങ്ങളാണ് യഥാർത്ഥത്തിൽ സംസ്കാരമുള്ളത്.

മറ്റുള്ളവരെ മാത്രം കുറ്റപ്പെടുത്തി സ്വയം വിശുദ്ധരാകാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല.

-മുബാറക് റാവുത്തർ-

വിഷനാവുകളെ നിയന്ത്രിക്കണം; നീതി ഉറപ്പാക്കുന്ന ഭരണം ഉണ്ടാകണം!


കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങൾ ഇന്ന് അപകടകരമായ ഒരു വഴിത്തിരിവിലാണ്. ആശയങ്ങളെയും നയങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങൾക്ക് പകരം, സമുദായങ്ങളെ മുഴുവനായി സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന വംശീയ-ജാതീയ ഭാഷകൾ സാധാരണവൽക്കരിക്കപ്പെടുകയാണ്. വെള്ളാപ്പള്ളി നടേശന്റെ പുതിയ പ്രസ്താവനയും ഇതേ രാഷ്ട്രീയ പ്രവണതയുടെ ഭാഗമായാണ് കാണേണ്ടത്.


ഈ നാട്ടിൽ ഏറ്റവും ക്രൂരമായ വംശീയ ആക്രമണങ്ങൾക്ക് ഇരയാകുന്ന വിഭാഗം മുസ്ലിം സമൂഹമാണ് എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. പേരും വേഷവും ഭക്ഷണശീലങ്ങളും മതാചാരങ്ങളും വരെ ലക്ഷ്യമാക്കി മുസ്ലിംകളെ നിരന്തരം സംശയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മോബ് ലിഞ്ചിംഗുകൾ, ബുൾഡോസർ രാഷ്ട്രീയം, സാമ്പത്തിക ബഹിഷ്കരണ ആഹ്വാനങ്ങൾ, വ്യാജ പ്രചാരണങ്ങൾ — ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല; സംഘടിതമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രകടനങ്ങളാണ്.

അതേസമയം, ഈ രാജ്യത്ത് ഏറ്റവും ക്രൂരമായ ജാതീയ ഹിംസകൾക്ക് ഇരയാകുന്നത് ദളിത്-ആദിവാസി സമൂഹങ്ങളാണ്. ഭൂമി നിഷേധം, വിദ്യാഭ്യാസ വിവേചനം, സാമൂഹിക അപമാനം, സ്ഥാപനാത്മക അവഗണന, കൊലപാതകങ്ങൾ വരെ നീളുന്ന നൂറ്റാണ്ടുകളായുള്ള അധികാര ഘടന ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മുസ്ലിംകൾ, ദളിതർ, ആദിവാസികൾ — ഈ മൂന്ന് വിഭാഗങ്ങളും ഇന്നും സിസ്റ്റത്തിന്റെ ഏറ്റവും കടുത്ത വിവേചനങ്ങൾക്ക് ഇരയാകുന്നവരാണ്. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ നേരിടേണ്ട രാഷ്ട്രീയ-സാമൂഹിക നേതാക്കളിൽ ചിലർ ചെയ്യുന്നത് എന്താണ്? പ്രശ്നത്തിന്റെ വേരുകളെ ചോദ്യം ചെയ്യുന്നതിന് പകരം, അതിന്റെ ഇരകളെയാണ് വീണ്ടും ലക്ഷ്യമിടുന്നത്.

സംഘി രാഷ്ട്രീയവും, ക്രിസംഘി ഭാഷയും, വെള്ളാപ്പള്ളിയാദികളുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളും ഈ നാടിന്റെ സോഷ്യൽ ഫാബ്രിക്കിന് ഏൽപ്പിച്ച പരിക്ക് ചെറുതല്ല. കേരളം അഭിമാനത്തോടെ പറയുന്ന മതസൗഹൃദവും സഹവർത്തിത്വവും ഇത്തരം വിഷഭാഷകൾ നിരന്തരം തകർക്കുകയാണ്.

ഇവിടെ ഇടതുഭരണകൂടത്തിന്റെ പരാജയവും ചൂണ്ടിക്കാണിക്കണം. വംശീയ-ജാതീയ ആക്രമണങ്ങൾ തടയുന്നതിലും, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലും, വിവേചന ഘടനകളെ ചോദ്യം ചെയ്യുന്നതിലും ഭരണകൂടം പലപ്പോഴും പരാജയപ്പെട്ടു. പുരോഗമന വാക്കുകൾ മാത്രം മതിയാവില്ല — അത് ഭരണത്തിൽ പ്രതിഫലിക്കണം.

ഇവിടെയാണ് മുസ്ലിം ലീഗിനെ “അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ അവശിഷ്ടം” എന്ന് വിശേഷിപ്പിക്കുന്ന പ്രസ്താവനയുടെ അപകടം കൂടുതൽ വ്യക്തമാകുന്നത്. അത് ചരിത്രത്തെ ലഘൂകരിക്കുന്ന രാഷ്ട്രീയ പ്രസ്താവന മാത്രമല്ല; ഒരു സമുദായത്തിന്റെ ജനാധിപത്യ രാഷ്ട്രീയ പ്രതിനിധിത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമവുമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപം കൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഭജന രാഷ്ട്രീയത്തിന്റെ തുടർച്ചയായി അല്ല, ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയായിട്ടാണ് വളർന്നത്.

ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാ സഭയിലെത്തിക്കുന്നതിൽ ബംഗാളിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണ നിർണായകമായിരുന്നു എന്നത് ചരിത്ര രേഖകളിൽ ഉണ്ട്. കേരളത്തിൽ ലീഗിന്റെ വളർച്ച വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിട്ട മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധിത്വ ആവശ്യത്തിൽ നിന്നാണ് ഉണ്ടായത്.

ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ ഗുരുവിന്റെ സന്ദേശവും ഓർക്കണം. ആ സന്ദേശം സമൂഹങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കാനല്ല — നീതിയോടെയും സമത്വത്തോടെയും ജീവിക്കാൻ പഠിപ്പിക്കുന്നതാണ്.

നാളെ ആരാണ് ഭരിക്കുന്നത് എന്നതിലുപരി, ആ സർക്കാർ മുസ്ലിംകൾക്കും ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള വംശീയ-ജാതീയ ആക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ജനാധിപത്യവാദികൾ വിലയിരുത്തേണ്ട ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മാനദണ്ഡം.

വികസനത്തിന്റെ കണക്കുകൾ പറയുന്നത് എളുപ്പമാണ്.
പക്ഷേ ചരിത്രം ഓർക്കുക നീതി ഉറപ്പാക്കിയ ഭരണങ്ങളെയാണ്.

അതുകൊണ്ട് പുതിയ ഭരണത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണന വിഷനാവുകളെ നിയന്ത്രിക്കുന്നതിലാകണം; നീതി ഉറപ്പാക്കുന്ന ഭരണം ഉണ്ടാകണം!

-മുബാറക് റാവുത്തർ

“ഭാര്യ” എന്ന ലേബലിലേക്ക് ചുരുക്കപ്പെടുന്ന രാഷ്ട്രീയം


കെ.എ. തുളസിയെന്ന വ്യക്തിയെ റദ്ദ് ചെയ്യാൻ നോക്കുന്ന സവർണ പാട്രിയാർക്കൽ കമ്മ്യൂണിസ്റ്റ് മനോഭാവം

കേരളത്തിന്റെ പുതിയ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അതോടൊപ്പം കേരളം ചർച്ച ചെയ്യേണ്ടി വരുന്നത് രാഷ്ട്രീയ വിയോജിപ്പുകളുടെ മാന്യതയല്ല; മറിച്ച് ഇവിടുത്തെ പുരോഗമന മണ്ണിൽ ഇപ്പോഴും വേരൂന്നി നിൽക്കുന്ന സവർണ പാട്രിയാർക്കൽ മനോഭാവത്തിന്റെ ദയനീയ മുഖമാണ്. ഒരു സ്ത്രീ രാഷ്ട്രീയ പ്രവർത്തകയുടെ പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനത്തെയും, കാമ്പസ് കാലം മുതലുള്ള സംഘടനാ ജീവിതത്തെയും, തിരഞ്ഞെടുപ്പ് അനുഭവങ്ങളെയും ഒന്നാകെ മായ്ച്ചുകളഞ്ഞ് അവരെ കേവലം “മറ്റൊരാളുടെ ഭാര്യ” എന്ന ഒറ്റ തിരിച്ചറിയലിലേക്ക് ചുരുക്കാൻ ഇവിടെ ഒരു സംഘടിത സൈബർ കൂട്ടായ്മ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു.

പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായതുകൊണ്ടാണ് തുളസി ടീച്ചർക്ക് മന്ത്രിസ്ഥാനം ലഭിച്ചതെന്ന തരത്തിലുള്ള വിലകുറഞ്ഞ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലെ ചില ഇടതുപക്ഷ ഇടങ്ങളിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. ഈ ആരോപണങ്ങളുടെ ഏറ്റവും വലിയ ദുരന്തം, അവ രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം ഒരു സ്ത്രീയുടെ സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വത്തെയും കഠിനാധ്വാനത്തെയും പൂർണ്ണമായി നിഷേധിക്കുന്നു എന്നതാണ്. ഒരു ദലിത് വനിത സ്വന്തം കഴിവിനാൽ രാഷ്ട്രീയത്തിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ അതിനെ അംഗീകരിക്കാൻ മടിക്കുന്ന ഈ മനോഭാവം ജനാധിപത്യ ബോധത്തിന് തീരാക്കളങ്കമാണ്.

ചരിത്ര വസ്തുതകൾ പരിശോധിച്ചാൽ തുളസി ടീച്ചറുടെ രാഷ്ട്രീയം വി.കെ. ശ്രീകണ്ഠനുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ലെന്ന് വ്യക്തമാണ്. 2004-ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. എന്നാൽ അതിന് വർഷങ്ങൾക്ക് മുൻപേ തന്നെ കെ.എ. തുളസി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. 2000-ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ച അവർ, 2001-ൽ ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2004-ൽ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിലും അവർ ജനവിധി തേടി.

ചുരുക്കത്തിൽ, ഒരു ജില്ലാ പഞ്ചായത്ത് അംഗമായും നിയമസഭ-ലോക്സഭ സ്ഥാനാർത്ഥിയായും വ്യക്തമായ രാഷ്ട്രീയ വിലാസം നേടിയ ശേഷമാണ് അവർ വിവാഹിതയാകുന്നത്. അതായത്, “ഒരു നേതാവിന്റെ ഭാര്യ” എന്ന ആനുകൂല്യത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയല്ല കെ.എ. തുളസി. സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ജനകീയ അടിത്തറയിലൂടെയും ഉയർന്നുവന്ന നേതാവാണ് അവർ.

നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്ര അധ്യാപികയും പ്രിൻസിപ്പലുമായിരുന്ന അവർ, വിദ്യാർത്ഥി ജീവിതം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോട് ചേർന്നുനിന്ന വ്യക്തിയാണ്. അക്കാദമിക് ലോകത്ത് സജീവമായിരിക്കുമ്പോഴും രാഷ്ട്രീയ പ്രവർത്തനം കൈവിടാതെ മുന്നോട്ട് പോയ അവർ പിന്നീട് സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. തുടർന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗമായും അവർ ഉയർന്നു.

മൂന്ന് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ച ഒരു നേതാവിനെ ഇന്ന് “ശുപാർശ രാഷ്ട്രീയം” എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെ ബോധപൂർവ്വം കൊലചെയ്യുന്നതിന് തുല്യമാണ്.

അതിലുമേറെ ശ്രദ്ധിക്കേണ്ടത് — തുളസി ടീച്ചർ വിജയിച്ചത് ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്നല്ല. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെട്ട കോങ്ങാട് മണ്ഡലത്തിലാണ് അവർ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന, മത്സരിക്കാൻ പോലും പല പ്രമുഖരും മടിച്ച മണ്ഡലത്തിലാണ് പാർട്ടി തുളസി ടീച്ചറെ രംഗത്തിറക്കിയത്. അവിടെ അവർ നേടിയ വിജയം കുടുംബ രാഷ്ട്രീയത്തിന്റെ നേട്ടമല്ല; വ്യക്തിപരമായ രാഷ്ട്രീയ വിശ്വാസ്യതയുടെയും ജനങ്ങൾ അവരുടെ പൊതുപ്രവർത്തനത്തിന് നൽകിയ അംഗീകാരത്തിന്റെയും ഫലമാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ജില്ലകളിലൊന്നായ പാലക്കാടിനെ പ്രതിനിധീകരിക്കുന്ന, അക്കാദമിക് പശ്ചാത്തലവും പൊതുപ്രവർത്തന പരിചയവും ഒരുപോലെയുള്ള ഒരു നേതാവിനെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാക്കുമ്പോൾ അതിനെ “ഭാര്യാ പരിഗണന” എന്ന് ഒതുക്കുന്നത് ജനാധിപത്യ വിധിയെയും കോങ്ങാട്ടിലെ വോട്ടർമാരെയും ഒരുപോലെ അപമാനിക്കുന്നതാണ്.

ഇവിടെ കൂടുതൽ ഗൗരവമുള്ള ഒരു രാഷ്ട്രീയ ചോദ്യം അവശേഷിക്കുന്നുണ്ട്. സ്വയം പുരോഗമന രാഷ്ട്രീയത്തിന്റെ കുത്തകാവകാശികളായി അവതരിപ്പിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചില സൈബർ ഇടങ്ങളിൽ ആവർത്തിച്ച് കാണുന്നത് എന്തുകൊണ്ടാണ് ഇത്തരം സവർണ പാട്രിയാർക്കൽ ഭാഷ? ഒരു ദലിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വനിതാ നേതാവിന്റെ രാഷ്ട്രീയ യാത്രയെ സ്വതന്ത്രമായി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മനോഭാവം എന്താണ് സൂചിപ്പിക്കുന്നത്?

സ്ത്രീയെ സ്വതന്ത്ര രാഷ്ട്രീയ വ്യക്തിത്വമായി കാണാൻ കഴിയാത്തതും, ദലിത് പ്രതിനിധാനങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നതുമായ ഈ കപട പുരോഗമന സാമൂഹിക ബോധം ഇടതുപക്ഷത്തിനുള്ളിൽ വളരുമ്പോൾ, അതിന്റെ രാഷ്ട്രീയ നേട്ടം കൊയ്യുന്നത് പലപ്പോഴും ഭാരതീയ ജനതാ പാർട്ടിയും രാഷ്‌ട്രീയ സ്വയംസേവക സംഘവും ഉയർത്തുന്ന ദലിത്-മുസ്ലിം വിരുദ്ധ ധ്രുവീകരണ രാഷ്ട്രീയമാണ്. ബ്രാഹ്മണിക്കൽ സാമൂഹിക അധികാര ഘടനകളെ ചോദ്യം ചെയ്യേണ്ട ഇടങ്ങളിൽ തന്നെ അതിന്റെ ഭാഷ ആവർത്തിക്കപ്പെടുമ്പോൾ, അത് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതിസന്ധി മാത്രമല്ല — സംഘപരിവാർ രാഷ്ട്രീയത്തിന് സാമൂഹിക സ്വീകാര്യത സൃഷ്ടിക്കുന്ന അപകടകരമായ പ്രവണത കൂടിയാണ്.

എതിരാളികളെ നേരിടാൻ ചരിത്രത്തെ വളച്ചൊടിക്കേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ രാഷ്ട്രീയ ചരിത്രത്തെ മുഴുവൻ മായ്ച്ച് അവരെ കേവലം *“ഭാര്യ”*യാക്കി ചുരുക്കുന്ന രാഷ്ട്രീയം പുരോഗമനമല്ല. അത് പാട്രിയാർക്കിയുടെ ഏറ്റവും പഴയ ജീർണ്ണിച്ച ഭാഷയുടെ പുതിയ ഡിജിറ്റൽ പതിപ്പ് മാത്രമാണ്.

ജനാധിപത്യ കേരളം അതിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- Mubarak Ravuthar

ബീമാപ്പള്ളി വെടിവെപ്പ്: കേരളത്തിന്റെ മനസ്സാക്ഷിയെ ചുട്ടുകരിച്ച ഭരണകൂട ഭീകരതയ്ക്ക് 17 വർഷം



2009 മെയ് 17.
കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ ഒരിക്കലും മായാത്ത രക്തക്കറയായി രേഖപ്പെടുത്തിയ ദിനം.


‘പാവങ്ങളുടെ പാർട്ടി’, ‘തൊഴിലാളികളുടെ പാർട്ടി’, ‘ന്യൂനപക്ഷ സംരക്ഷകർ’ എന്ന് സ്വയം വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലിരിക്കെ, നിരായുധരായ തീരദേശ ജനതയ്ക്ക് നേരെ പോലീസ് വെടിയുതിർന്ന ക്രൂരതയ്ക്ക് ഇന്ന് 17 വർഷങ്ങൾ തികയുന്നു.

ആറ് മനുഷ്യജീവനുകൾ.
നിരവധി പരിക്കേറ്റവർ.
നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ.

ബീമാപ്പള്ളി വെടിവെപ്പ് ഒരു “നിയമ-സമാധാന പ്രശ്നം” മാത്രമായിരുന്നില്ല. അത് അധികാരത്തിന്റെ അഹങ്കാരവും കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഹിംസയും എത്ര ഭീകരമാകാമെന്ന് കേരളം കണ്ട ദിനമായിരുന്നു.

പോലീസിൽ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ നിന്ന ഭരണകൂടം, ജനങ്ങളുടെ പ്രതിഷേധത്തിന് മറുപടിയായി തെരഞ്ഞെടുത്തത് സംഭാഷണമല്ല — തോക്കായിരുന്നു.

ലാത്തിച്ചാർജില്ല.
കണ്ണീർവാതകമില്ല.
മുന്നറിയിപ്പില്ല.
നേരെ നെഞ്ചിലേക്കുള്ള വെടിയായിരുന്നു.

സെയ്താലി (24), അഹമ്മദലി (45), അബ്ദുൽ ഹമീദ് (27), ബാദുഷ (34), അബ്ദുൽ ഗനി (55), ഫിറോസ് (16) —
ഈ പേരുകൾ ചരിത്രത്തിലെ കണക്കുകൾ അല്ല. ഭരണകൂടത്തിന്റെ വെടിയേറ്റ് വീണ മനുഷ്യജീവിതങ്ങളാണ്.

ഇതിലും ഭീകരമായത്, പിന്നീട് നടന്ന രാഷ്ട്രീയ ന്യായീകരണങ്ങളായിരുന്നു.

സംഭവത്തെ “വർഗീയ സംഘർഷം” ആയി ചിത്രീകരിച്ച് പോലീസിന്റെ നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചു. യഥാർത്ഥ ചോദ്യങ്ങളെ മറച്ച്, ഇരകളെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ച രാഷ്ട്രീയ-മാധ്യമ സമീപനങ്ങൾ കേരളം കണ്ടു.

എന്നാൽ സത്യം മറയില്ല:

ബീമാപ്പള്ളി ഒരു കലാപമല്ലായിരുന്നു.
അത് കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ ഹിംസയുടെ തുറന്ന പ്രകടനമായിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ മുസ്ലിം സമൂഹത്തോട് ഭരണകൂടം എത്ര എളുപ്പത്തിൽ ക്രൂരമാകുന്നുവെന്നതിന്റെ ഉദാഹരണമായി ബീമാപ്പള്ളി ഇന്നും നിലകൊള്ളുന്നു.

17 വർഷങ്ങൾ കഴിഞ്ഞിട്ടും ചില ചോദ്യങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു:

• എന്തുകൊണ്ട് വെടിവെപ്പിന് ഉത്തരവിട്ടവർ ശിക്ഷിക്കപ്പെട്ടില്ല?
• എന്തുകൊണ്ട് ഇരകൾക്ക് പൂർണ്ണ നീതി ലഭിച്ചില്ല?
• എന്തുകൊണ്ട് രാഷ്ട്രീയ കേരളം ഇന്നും ഈ രക്തക്കറയെക്കുറിച്ച് മൗനം പാലിക്കുന്നു?
• പ്രതിഷേധിക്കുന്ന പാവപ്പെട്ട ജനങ്ങളോട് മറുപടി വെടിവെക്കലാണോ?

ചരിത്രം മറക്കില്ല.
ബീമാപ്പള്ളി മറക്കില്ല.
നീതിക്കായുള്ള ഓർമ്മകൾ മായുകയും ഇല്ല.

വെടിയേറ്റ് വീണ സഹോദരങ്ങളുടെ സ്മരണകൾ ജ്വലിച്ച് നിൽക്കട്ടെ.....
ഭരണകൂട ഭീകരതകൾക്കെതിരായ സമരം തുടരും......

— Mubarak Ravuthar

വിദ്വേഷത്തിന്റെ രാഷ്ട്രീയം തകർക്കുന്നത് സാധാരണക്കാരന്റെ അടുക്കളയാണ്


ബംഗാളിലെ ഒരു ഗ്രാമീണ കാലിച്ചന്ത.
അവിടെ കന്നുകാലികളെ വളർത്തി ജീവിക്കുന്ന ഒരു സാധാരണ ഹിന്ദു സ്ത്രീ.

ബലി പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ലക്ഷങ്ങൾ കടം വാങ്ങിയാണ് അവർ എല്ലാ കൊല്ലത്തേതും പോലെ ഇത്തവണയും കന്നുകാലികളെ വളർത്തിയത്. ആ മൃഗങ്ങളെ വാങ്ങാൻ വരുന്നതാകട്ടെ മുസ്‌ലിം വ്യാപാരികളും.


ബലി പെരുന്നാൾ സയമത്ത് ബംഗാളിലെ പ്രധാന കാഴ്ചയാണ് കാലികളെ വിൽക്കാൻ നിൽക്കുന്നത് ഹിന്ദു കുടുംബങ്ങളും വാങ്ങാൻ എത്തുന്നത് മുസ്ലിം സഹോദരങ്ങളും.

അവർക്കിടയിൽ പ്രശ്നമൊന്നുമില്ല. നൂറ്റാണ്ടുകളായി അവർക്കിടയിലുള്ളത് വിശ്വാസത്തിന്റെ കച്ചവട ബന്ധമാണ്.

പക്ഷേ സംങപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം ബിജെപിയുടെ രൂപത്തിൽ അവിടെ കടന്നുവന്നപ്പോൾ കഥ മാറി.

മതവിദ്വേഷം വിറ്റ് അധികാരത്തിലെത്തിയ രാഷ്ട്രീയം,  ഹിന്ദുക്കൾ മുസ്ലിംകൾക്ക് കന്നുകാലി വിൽക്കുന്നത് പോലും തടയാൻ തുടങ്ങി.

ഫലമോ?

കാലിച്ചന്തകൾ ശൂന്യമായി.
വാങ്ങാൻ ആളില്ലാതായി.
കർഷകർ കടത്തിൽ മുങ്ങി.
സാധാരണ കുടുംബങ്ങളുടെ അടുക്കള പ്രതിസന്ധിയിലായി.

ഇതാണ് വിദ്വേഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം

വോട്ട് ചോദിക്കുമ്പോൾ
"ഹിന്ദു സംരക്ഷണം" എന്ന് ഉറക്കെ വിളിക്കും.

അധികാരത്തിൽ എത്തിയാൽ
ഹിന്ദു കർഷകന്റെ വരുമാനം തകർക്കും.
ഹിന്ദു വ്യാപാരിയുടെ മാർക്കറ്റ് ഇല്ലാതാക്കും.
ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ പോലും ഇടപെടും.

യുപി, ബിഹാർ തുടങ്ങി ഒടുവിൽ മണിപ്പൂർ വരെ — മതധ്രുവീകരണ രാഷ്ട്രീയം സമൂഹങ്ങളെ എങ്ങനെ അസ്ഥിരമാക്കുന്നുവെന്ന് രാജ്യം പലവട്ടം കണ്ടതാണ്.

ആ സ്ത്രീയുടെ വാക്കുകൾ വെറുമൊരു പരാതി അല്ല —
ഈ രാജ്യത്തോടുള്ള മുന്നറിയിപ്പാണ്:

"മുസ്ലീങ്ങൾ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല…
ദയവായി ഞങ്ങളുടെ ഉപജീവനം തകർക്കരുത്..." വിഡിയോ താഴെ👇

ഓർക്കുക —

വെറുപ്പിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകൾ ജയിച്ചേക്കാം.
പക്ഷേ അത് ഒരിക്കലും ജനങ്ങളുടെ വയറു നിറയ്ക്കില്ല.

മതത്തിന്റെ പേരിൽ കെട്ടിപ്പൊക്കുന്ന മതിലുകൾക്കടിയിൽ
അവസാനം ചതഞ്ഞുതീരുന്നത് സാധാരണ ഹിന്ദുവും മുസ്ലിമും തന്നെയാണ്.

- Mubarak Ravuthar

ഏകശിലാ ദേശീയതയും സാംസ്കാരിക അടിച്ചേൽപ്പിക്കലും: ഇന്ത്യയുടെ ബഹുസ്വരത നേരിടുന്ന പുതിയ വെല്ലുവിളികൾ


ഇന്ത്യ എന്ന ആശയം ഒരൊറ്റ ഭാഷയുടേയോ, മതത്തിന്റേയോ, സംസ്കാരത്തിന്റേയോ മേൽ പണിതതല്ല. അനവധി ഭാഷകളും വിശ്വാസങ്ങളും ജീവിതരീതികളും ചരിത്രാനുഭവങ്ങളും ചേർന്നാണ് ഇന്ത്യ എന്ന ബഹുസ്വര സങ്കൽപ്പം രൂപപ്പെട്ടത്. ഈ വൈവിധ്യങ്ങളെ ഒരുമിച്ച് നിർത്തിയിരിക്കുന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത, തുല്യത, വ്യക്തിസ്വാതന്ത്ര്യം എന്നീ മൂല്യങ്ങളാണ്.


എന്നാൽ സമീപകാലത്തായി രാജ്യത്ത് ശക്തിപ്രാപിക്കുന്ന ചില രാഷ്ട്രീയ-സാംസ്കാരിക പ്രവണതകൾ ഈ അടിത്തറയെ തന്നെ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയായി V D Satheesan  സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം അതിന്റെ പൂർണ്ണരൂപത്തിൽ ആലപിക്കപ്പെട്ടതിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത് ഒരു ചടങ്ങ് സംബന്ധമായ ചെറിയ വിവാദമല്ല; ഇന്ത്യയെ ഒരു പ്രത്യേക സാംസ്കാരിക രൂപകത്തിലേക്ക് ചുരുക്കാനുള്ള വലിയ രാഷ്ട്രീയ പദ്ധതിയാണ്.

ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് പദ്യങ്ങൾ മാത്രമാണ്. കാരണം അതിന് ശേഷമുള്ള ഭാഗങ്ങൾ പ്രകൃതിസുന്ദരിയായ മാതൃഭൂമിയെ സ്തുതിക്കുന്നതിൽ നിന്ന് മാറി വ്യക്തമായ മതപ്രതീകങ്ങളിലേക്ക് കടക്കുന്നു.

"ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ..."
"കമലാ കമലദള വിഹാരിണീ..."
"വാണീ വിദ്യാദായിനീ..."

ഇവിടെ രാജ്യം ദുർഗ്ഗയായും ലക്ഷ്മിയായും സരസ്വതിയായും രൂപാന്തരപ്പെടുന്നു. ഇത് വ്യക്തികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിമർശനമല്ല. ഇന്ത്യയിൽ ഹിന്ദു മതപരമായ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് അവയുടെ സ്വന്തം സ്ഥാനം ഉണ്ട്. പക്ഷേ ഒരു പ്രത്യേക മതസങ്കൽപ്പത്തെ മുഴുവൻ രാജ്യത്തിന്റെ ഔദ്യോഗിക പ്രതീകമാക്കി മാറ്റുമ്പോൾ പ്രശ്നം ഉയരുന്നു.

മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകളും ബൗദ്ധരും ജൈനരും നിരീശ്വരവാദികളും ഉൾപ്പെടുന്ന ഒരു രാജ്യത്ത്, എല്ലാവരും ഒരേ മതപ്രതീകത്തിലൂടെ ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന പ്രതീക്ഷ സ്വാഭാവികമായും ആശങ്കകൾ സൃഷ്ടിക്കും. അതിനെ ചോദ്യം ചെയ്യുന്നവരെ ഉടൻ “രാജ്യവിരുദ്ധർ” എന്ന മുദ്രകുത്തുന്നത് ജനാധിപത്യ സംവാദത്തെ തകർക്കുന്ന പ്രവണതയാണ്.

ഇതോടൊപ്പം മറ്റൊരു അപകടകരമായ പ്രവണതയും ശക്തമാകുന്നു — നിർബന്ധിത ദേശസ്നേഹം.

രാജ്യത്തെ സ്നേഹിക്കുന്നത് ഇപ്പോൾ ഒരു ആഭ്യന്തര വികാരം മാത്രമല്ല; അത് നിർബന്ധിത പൊതുപ്രകടനമാക്കാനുള്ള ശ്രമങ്ങൾ വർധിക്കുന്നു.

“എഴുന്നേറ്റ് നിൽക്കൂ.”
“പാടൂ.”
“ചൊല്ലൂ.”
“തെളിയിക്കൂ.”

ഇതാണ് ഇപ്പോൾ ദേശീയതയുടെ പുതിയ ഭാഷയായി മാറുന്നത്.

Bijoe Emmanuel vs State of Kerala കേസിൽ സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിരുന്നു — ഒരു പൗരന്റെ മനസ്സാക്ഷിയിലേക്കോ വിശ്വാസത്തിലേക്കോ ഭരണകൂടം കടന്നുകയറാനാവില്ല. ദേശസ്നേഹം നിർബന്ധിത പ്രകടനത്തിലൂടെ അളക്കാനാവില്ല എന്ന്.

എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ചില തീവ്ര വലതുപക്ഷ പ്രൊഫൈലുകൾ ഈ നിർബന്ധിത സാംസ്കാരിക പ്രകടനങ്ങളെ ആഘോഷിക്കുന്നതും വിമർശകരെ പരിഹസിക്കുന്നതും കാണാം. Sreejith Panickar  പോലുള്ള പൊട്ടൻഷ്യൽ സംഘി ഹിന്ദുത്വ പ്രൊഫൈലുകൾ ഇത്തരം സംഭവങ്ങളെ “സ്വാഭാവിക ദേശസ്നേഹം” എന്ന രീതിയിൽ അവതരിപ്പിച്ച് മുസ്ലിം വംശീയ വിദ്വേഷ ഓർഗാസം അനുഭവിച്ച് ആനന്ദം കൊള്ളുമ്പോൾ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടുതൽ ഗുരുതരമാകുന്നുണ്ട്. കാരണം ഇത് വെറും അഭിപ്രായപ്രകടനം മാത്രമല്ല — ന്യൂനപക്ഷ ആശങ്കകളെ അസാധുവാക്കുന്ന പൊതുബോധം നിർമ്മിക്കാനുള്ള ശ്രമമാണ്.

ഇന്ത്യയെ ശക്തമാക്കുന്നത് ഏകതയുടെ പേരിലുള്ള ഏകവർണ്ണ സാംസ്കാരിക ഏകീകരണമല്ല. ഇന്ത്യയുടെ കരുത്ത് അതിന്റെ വ്യത്യസ്തതകളെ അംഗീകരിക്കുന്ന ശേഷിയിലാണ്.

ഒരു രാജ്യം അതിലെ പൗരന്മാരെ ഒരേ പോലെ പാടിക്കൊണ്ടോ, ഒരേ രീതിയിൽ പ്രാർത്ഥിപ്പിച്ചുകൊണ്ടോ ശക്തമാകുന്നില്ല. മറിച്ച് ഓരോ പൗരന്റെയും വിശ്വാസ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമ്പോഴാണ് അത് ശക്തമാകുന്നത്.

ദേശസ്നേഹം എന്നത് ഭരണകൂടം നിർദേശിക്കുന്ന ശൈലിയിൽ ഒരു ഗാനം പാടുന്നതല്ല.
ദേശസ്നേഹം എന്നത് ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കുന്നതാണ്.

ആ ആത്മാവ് ബഹുസ്വരതയാണ്.
അതിനെ ഏകശിലാ ദേശീയതയുടെ പേരിൽ തകർക്കാൻ അനുവദിക്കരുത്.

- Mubarak Ravuthar

വന്ദേമാതരം : പ്രായോഗിക സമര-നിയമ പോരാട്ടങ്ങളില്ലാത്ത പണ്ഡിത പ്രസ്താവനകൾ വെറുംവാക്കുകൾ മാത്രം

"വന്ദേമാതരം മുസ്ലിംകൾക്ക് പാടാൻ കഴിയില്ല” എന്നത് പതിറ്റാണ്ടുകളായി പണ്ഡിത സംഘടനകൾ ആവർത്തിക്കുന്ന നിലപാടാണ്. അത് തൗഹീദിന് വിരുദ്ധമാണെന്നും പറയുന്നു.


പക്ഷേ ഒരു ചോദ്യം ബാക്കിയാകുന്നു:

ശരിക്കും അത് വിശ്വാസപരമായി അത്ര ഗൗരവമുള്ള വിഷയമാണെങ്കിൽ, പിന്നെ അതിനെ സർക്കാർ സംവിധാനങ്ങളിലൂടെ നിർബന്ധമാക്കുമ്പോൾ അതിനെതിരെ ശക്തമായ നിയമ പോരാട്ടങ്ങളും ജനാധിപത്യ സമരങ്ങളും എവിടെയാണ്?

കോടതിയെ സമീപിക്കാതെ, ഭരണഘടനാപരമായ വെല്ലുവിളികൾ ഉയർത്താതെ, പൊതുസമൂഹത്തിൽ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കാതെ വെറും പ്രസ്താവനകളിലൂടെ സാധാരണ വിശ്വാസികളെ വികാരപരമായി ചൂടാക്കുന്നതിൽ എന്ത് കാര്യമുണ്ട്?

ഒന്നുകിൽ പറയണം:
“ഇത് അടിസ്ഥാനപരമായ വിശ്വാസ പ്രശ്നമാണ്. അതിനാൽ ഞങ്ങൾ അതിനെ നിയമപരമായും രാഷ്ട്രീയമായും എതിർക്കും.”

അല്ലെങ്കിൽ തുറന്നു പറയണം:
“ഇത് വ്യക്തിപരമായ ഒരു മതപരമായ തിരഞ്ഞെടുപ്പാണ്.”

ഈ രണ്ടിനും ഇടയിൽ നിന്നുകൊണ്ട്,
വികാരപ്രസംഗങ്ങൾ നടത്തുകയും യാതൊരു പ്രായോഗിക പ്രതിരോധവും നടത്താതിരിക്കുകയും ചെയ്യുന്നത് വിശ്വാസി സമൂഹത്തോടുള്ള ആത്മാർത്ഥ സമീപനമല്ല. അവരെ അനാവശ്യമായ വൈകാരിക പ്രപഞ്ചങ്ങളുടെ പടുകുഴികളിൽ ചാടിക്കൽ മാത്രമാണത്.

വിശ്വാസ കാര്യങ്ങളിൽ വ്യക്തത മാത്രം പോര,
ആർജവവും വേണം.

Mubarak Ravuthar

അധികാരത്തിന്റെ കന്മതിലുകളിൽ വീണ്ടും ഒരു ജനാധിപത്യ വെളിച്ചം...

പത്തു വർഷത്തോളം പ്രതിഷേധങ്ങളുടെ കനൽച്ചൂടിനെയും ജനകീയ ശബ്ദങ്ങളെയും തടഞ്ഞുനിർത്തിയ സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് വീണ്ടും തുറക്കപ്പെടുമ്പോൾ, അത് വെറുമൊരു ഇരുമ്പ് കവാടത്തിന്റെ ചലനമല്ല. കേരളത്തിന്റെ ജനാധിപത്യ ബോധത്തിന് വീണ്ടുകിട്ടിയ വലിയൊരു പ്രതീകാത്മക നിമിഷമാണ്.

അനന്തപുരിയിലെ പഴയ മാധ്യമപ്രവർത്തക കാലത്തിന്റെ ഓർമ്മകൾ ഈ നിമിഷത്തിൽ മനസ്സിലേക്ക് ഇരച്ചെത്തുകയാണ്. സെക്രട്ടറിയേറ്റിന്റെ തൊട്ടുപിന്നിലെ ഓഫീസിലിരുന്ന് വാർത്തകൾ നെയ്തിരുന്ന ആ നാളുകൾ... വൈകുന്നേരത്തെ ഡ്യൂട്ടിക്ക് കയറും മുൻപ് സ്റ്റാച്യുവിന്റെ തിരുമുറ്റത്ത് ചിലവഴിച്ച രാവിലകൾ. അന്ന് ഈ ഗേറ്റ് സ്വാഭാവികമായി തുറന്നുകിടക്കുമായിരുന്നു. ജനങ്ങളും ജീവനക്കാരും സമരക്കാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഒത്തുചേരുന്ന, ജീവസ്സുറ്റ ഒരു ജനാധിപത്യ ഇടമായിരുന്നു അത്. ആ കാഴ്ച വീണ്ടും തിരികെവരുന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷമുണ്ട്.


ഒരുകാലത്ത് “സമര കവാടം” എന്ന് കേരളം പ്രണയത്തോടെ വിളിച്ച ആ ഗേറ്റ് അടച്ചുപൂട്ടിയപ്പോൾ, യഥാർത്ഥത്തിൽ അടഞ്ഞുപോയത് ഒരു പ്രവേശന മാർഗ്ഗം മാത്രമായിരുന്നില്ല. അത് അധികാരത്തെയും ജനങ്ങളെയും തമ്മിൽ വേർതിരിക്കാൻ ആഗ്രഹിച്ച ഒരു രാഷ്ട്രീയ മനോഭാവത്തിന്റെ പ്രഖ്യാപനമായിരുന്നു. പ്രതിഷേധങ്ങളെയും സമരങ്ങളെയും മുദ്രാവാക്യങ്ങളെയും ജനാധിപത്യത്തിന്റെ ജീവവായുവായി കാണുന്നതിന് പകരം, വെറും 'അസൗകര്യങ്ങൾ' മാത്രമായി ഭരണകൂടം കണ്ട കറുത്ത കാലത്തിന്റെ അടയാളം.

പിണറായി സർക്കാർ അധികാരത്തിലെത്തിയ ഏതാനും ആഴ്ചകൾക്കുള്ളിലാണ് നോർത്ത് ഗേറ്റ് അടച്ചത്. അതിശയകരമെന്നു പറയട്ടെ, “സമര പാരമ്പര്യം” എന്നും “ജനകീയ പോരാട്ടം” എന്നും എപ്പോഴും അഭിമാനത്തോടെ പ്രസംഗിക്കുന്ന ഇടത് അനുകൂല സംഘടനകൾ പോലും അന്ന് അതിനെതിരെ ശബ്ദമുയർത്തിയില്ല. സമര രാഷ്ട്രീയത്തിന്റെ ചോരയും നീരും കുടിച്ച് വളർന്നവർക്ക് പോലും, അധികാരത്തിന്റെ കന്മതിലുകൾക്ക് മുന്നിൽ നിശബ്ദത പാലിക്കാനേ കഴിഞ്ഞുള്ളൂ.

ഇപ്പോൾ, ആ കവാടം വീണ്ടും തുറക്കപ്പെടുന്നു. പോലീസ് ബാരിക്കേഡുകൾ നീങ്ങുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം നോർത്ത് ഗേറ്റ് വഴി പുറത്തേക്ക് പോകുന്ന ചിത്രം കേവലമൊരു വിഐപി വാഹനത്തിന്റെ യാത്രയല്ല; അധികാരത്തിന്റെ അടച്ചിട്ട വാതിലുകൾ ജനങ്ങൾക്കായി തുറക്കപ്പെടണം എന്ന ജനാധിപത്യ സന്ദേശം കൂടിയാണ്.

സമരങ്ങൾക്ക് ഇനിയും ഇടമുണ്ടാകണം. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് വാതിലുകൾ തുറന്നിരിക്കണം. ജനാധിപത്യത്തിൽ പ്രതിഷേധം ഒരു കുറ്റമല്ല; അധികാരത്തിന്റെ അപ്രമാദിത്വത്തെ തിരുത്താനുള്ള ഏറ്റവും ശക്തമായ സാമൂഹിക സംവിധാനമാണ്. അധികാരം ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ അത് അഹങ്കാരമായി മാറും. ജനങ്ങളുടെ ശബ്ദം കേൾക്കുമ്പോഴാണ് അത് ഉത്തരവാദിത്തമായി നിലനിൽക്കുന്നത്.

എന്നാൽ, ഒരു ഗേറ്റ് തുറന്നത് കൊണ്ട് മാത്രം കാര്യമായില്ല. മുഖ്യമന്ത്രിയുടെ ഓഫീസും ഇനി ജനങ്ങൾക്ക് മുന്നിൽ തുറക്കപ്പെടേണ്ടതുണ്ട്.

ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ തുടർന്നുവന്ന മനോഹരമായ ഒരു ജനകീയ ഭരണരീതിയുണ്ടായിരുന്നു ഇവിടെ. ഉച്ചയ്ക്ക് ശേഷം, പരിഹരിക്കപ്പെടാത്ത സങ്കടങ്ങളുമായി വരുന്ന സാധാരണ മനുഷ്യർക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി പറയാനുള്ള അവസരം. അവസാന പ്രതീക്ഷയായി സാധാരണക്കാരൻ ഓടിയെത്തുന്ന ഒരു ജനാധിപത്യ അഭയകേന്ദ്രമായിരുന്നു അത്. നിർഭാഗ്യവശാൽ പിണറായി സർക്കാർ അത് അവസാനിപ്പിച്ചു.

പകരം വന്ന “സുതാര്യ കേരളം”, “സി.എം പോർട്ടൽ” തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പലപ്പോഴും വെറുമൊരു പ്രഹസനമായി മാറി. കൃത്യമായ തെളിവുകളില്ലാത്ത വ്യാജപരാതികൾ കൊണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാക്കാനും, വ്യാജ പരിസ്ഥിതി ലോബികളും പരാതി മാഫിയകളും അതിന്റെ ഗുണഭോക്താക്കളാവാനുമാണ് അത് ഉപകരിച്ചത്.

അതേസമയം തന്നെ, സാധാരണ ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ആ സി.എം ഓഫീസിലേക്ക്, വിവിധ “അനൗദ്യോഗിക ശക്തികൾ” ചുവന്ന ബോർഡുകളും സ്വാധീനവും ഉപയോഗിച്ച് സ്വതന്ത്രമായി കയറിയിറങ്ങുന്ന കാഴ്ചയും കേരളം കണ്ടു! പൊതുജനങ്ങൾക്ക് അടഞ്ഞ വാതിലുകൾ, ഇടനിലക്കാർക്ക് തുറന്ന വഴികൾ — അതായിരുന്നു കഴിഞ്ഞ കാലത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം.

അതുകൊണ്ട് തന്നെ, നോർത്ത് ഗേറ്റ് വീണ്ടും തുറന്നതിനെ ഒരു നല്ല തുടക്കമായി കാണാം.

സെക്രട്ടറിയേറ്റിന്റെ വാതിലുകൾ തുറക്കട്ടെ...
ജാലകങ്ങൾ തുറക്കട്ടെ...
ജനങ്ങളുടെ ശബ്ദം ആ അകത്തളങ്ങളിലേക്ക് ഇരച്ചുകയറട്ടെ.

കാരണം, ജനാധിപത്യം ഒരിക്കലും സുരക്ഷാ വേലിക്കെട്ടുകളിലല്ല ജീവിക്കുന്നത്; അത് ജനങ്ങളുടെ വിശ്വാസത്തിലാണ് ശ്വസിക്കുന്നത്.

- മുബാറക് റാവുത്തർ

Tuesday, May 12, 2026

ഗസ്സയുടെ കണ്ണീരും, ഖുദ്സിന്റെ പ്രതീക്ഷയും, ശാമിന്റെ മാറ്റങ്ങളും

ബെയ്റൂതിന്റെ ഹൃദയത്തിൽ ഉയർന്ന ആ ബാനർ; മാറിക്കൊണ്ടിരിക്കുന്ന മധ്യപൗരസ്ത്യ രാഷ്ട്രീയത്തിന്റെ പുതിയ പ്രഖ്യാപനങ്ങളാണ്.

അഹമ്മദ് അൽ-ഷറയുടെയും ശൈഖ് അസീറിന്റെയും ചിത്രങ്ങൾ ബെയ്റൂതിന്റെ തെരുവുകളിൽ ഉയർന്നത് ലെബനനിലെ സുന്നി സമൂഹത്തിന്റെ ഒരു വികാരപ്രകടനം മാത്രമായി കാണാനാവില്ല. അത് വർഷങ്ങളായി അടിച്ചമർത്തപ്പെട്ട രാഷ്ട്രീയ ആഗ്രഹങ്ങളുടെ പുനർജന്മവും, പുതിയ മേഖലാ ശക്തിസമവാക്യങ്ങളുടെ രൂപീകരണവും, ഫലസ്തീൻ പ്രതിരോധ രാഷ്ട്രീയത്തിന്റെ പുതിയ ദിശയും ഒരേസമയം വ്യക്തമാക്കുന്ന ദൃശ്യമാണ്.

വെറും രണ്ട് വർഷം മുൻപ് വരെ ബെയ്റൂത് ഹിസ്ബുല്ലയുടെ ശക്തമായ സ്വാധീനത്തിനകത്തായിരുന്നു. ഇറാന്റെ പ്രാദേശിക രാഷ്ട്രീയ തന്ത്രങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ലെബനൻ മാറിയിരുന്നു. ഫലസ്തീൻ പോരാട്ടത്തിന്റെ പേരിൽ സംസാരിക്കാനുള്ള ഏക അവകാശം തങ്ങൾക്കാണെന്ന രീതിയിൽ ഇറാനും ഹിസ്ബുല്ലയും അവരുടെ സഖ്യങ്ങളും രാഷ്ട്രീയ ആഖ്യാനം നിർമ്മിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ സുന്നി നേതൃത്വങ്ങളെ തുറന്നുപിന്തുണയ്ക്കുന്നത് ബെയ്റൂതിലും ദമാസ്കസിലും രാഷ്ട്രീയമായി വലിയ റിസ്കായിരുന്നു.

എന്നാൽ സിറിയയിലെ മാറ്റങ്ങൾ എല്ലാം തലകീഴാക്കി. ബശ്ശാറുൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയും അതിന് ശേഷം അഹമ്മദ് അൽ-ഷറയുടെ ഉയർച്ചയും സിറിയയെ മാത്രമല്ല, മുഴുവൻ മേഖലയെയും സ്വാധീനിച്ചു. സിറിയയിൽ പുതിയ ഭരണ ക്രമം രൂപപ്പെട്ടതോടെ ലെബനനിലെ പഴയ ശിയാ ശക്തികേന്ദ്രങ്ങൾ ക്ഷയിക്കാൻ തുടങ്ങി.

ഇതിന് പിന്നാലെ ലെബനനും സിറിയയും തമ്മിൽ പരസ്പര സഹകരണം ആരംഭിച്ചു. അതിന്റെ അവസാന ഉദാഹരണം ആണ് തടവുകാരുടെ കൈമാറ്റ കരാർ. വർഷങ്ങളായി ജയിലുകളിൽ കഴിയേണ്ടിവന്ന നൂറുകണക്കിന് സിറിയൻ തടവുകാർ മോചിതരായി. അതിർത്തി സുരക്ഷയിൽ പുതിയ ധാരണകൾ രൂപപ്പെട്ടു. കാണാതായ ലെബനീസ് പൗരന്മാരെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. ഈ എല്ലാ മാറ്റങ്ങളും ലെബനനിലെ സുന്നി സമൂഹത്തിന് പുതിയ ആത്മവിശ്വാസം നൽകുകയാണ്.

എന്നാൽ കഥ ലെബനനിലോ സിറിയയിലോ അവസാനിക്കുന്നില്ല. ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനം ഫലസ്തീനിലാണ്.

ദശാബ്ദങ്ങളായി ഫലസ്തീൻ വിഷയത്തെ ശിയാ അച്ചുതണ്ടിന്റെ രാഷ്ട്രീയ ആയുധമായി മാത്രം അവതരിപ്പിക്കാൻ ശ്രമങ്ങൾ നടന്നു വരുന്നു. ഗസ്സയിലെ ഓരോ യുദ്ധവും അവരുടെ പ്രാദേശിക സ്വാധീനം വർധിപ്പിക്കാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്.

അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന പുതിയ സുന്നി രാഷ്ട്രീയ ബ്ലോക്ക് ഫലസ്തീൻ വിഷയത്തെ വീണ്ടും അറബ് ജനതയുടെ വിശാലമായ ചോദ്യമായി ഉയർത്തുകയാണ്.

അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അഹമ്മദ് അൽ-ഷറ ഗസ്സയ്ക്കായി ശക്തമായി സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തത്തെക്കുറിച്ചും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. അത് വെറും നയതന്ത്ര പ്രസംഗമല്ലായിരുന്നു; പുതിയ രാഷ്ട്രീയ ദിശയുടെ സൂചനയായിരുന്നു.

അതിലും കൂടുതൽ ശ്രദ്ധ നേടിയത് ഹമാസിന്റെ പ്രതികരണമാണ്. മുമ്പ് സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് ബശ്ശാർ ഭരണകൂടവുമായി ബന്ധം മോശമായിരുന്ന ഹമാസ്, ഇപ്പോൾ അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തെ സ്വാഗതം ചെയ്യുകയാണ്. ഹമാസ് നേതാക്കളുടെ പ്രതികരണങ്ങളിലും ഫലസ്തീൻ പ്രതിരോധ സംഘടനകളുടെ പ്രസ്താവനകളിലും ഈ മാറ്റം വ്യക്തമായി കാണാം.

ഹമാസ് മാത്രമല്ല, മറ്റ് ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനങ്ങളും പുതിയ സിറിയൻ രാഷ്ട്രീയ സാഹചര്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. കാരണം അവർക്ക് മനസ്സിലായിരിക്കുന്നു — ഫലസ്തീൻ വിമോചന പോരാട്ടം ഒരു വിഭാഗത്തിന്റെ മാത്രം രാഷ്ട്രീയ ഏകാധിപത്യത്തിലൊതുക്കാനാവില്ലെന്ന്.

ഖുദ്സിന്റെ മോചനം എന്ന ആശയം വീണ്ടും പുതിയ ഭാഷയിൽ സംസാരിക്കപ്പെടുകയാണ്. മുമ്പ് മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന പല വാഗ്ദാനങ്ങളും ഇപ്പോൾ പുതിയ സഖ്യങ്ങളുടെയും രാഷ്ട്രീയ പുനർനിർമ്മാണത്തിന്റെയും ഭാഗമായി ചർച്ചയാകുന്നു. സുന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും പുതിയ രാഷ്ട്രീയ കൂട്ടായ്മകളും ഈ ചർച്ചയെ ശക്തിപ്പെടുത്തുന്നു.

ബെയ്റൂതിലെ തെരുവുകളിൽ ഉയർന്ന ആ ചിത്രങ്ങൾ അതുകൊണ്ടാണ് അത്ര സാധാരണമല്ലാത്തത്.

അത് ഒരു നഗരത്തിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമാണ്.

അത് സിറിയയുടെ പുതിയ കാലഘട്ടത്തിന്റെ പ്രഖ്യാപനമാണ്.

അത് ലെബനനിലെ സുന്നി രാഷ്ട്രീയ തിരിച്ചുവരവിന്റെ സന്ദേശമാണ്.

അത് ഫലസ്തീൻ പ്രതിരോധത്തിന്റെ പുതിയ വഴിത്തിരിവിന്റെ സൂചനയാണ്.

അത് ഖുദ്സിനെക്കുറിച്ചുള്ള പുതിയ പ്രതീക്ഷയുടെ ശബ്ദമാണ്.

ചരിത്രം ചിലപ്പോൾ യുദ്ധഭൂമികളിൽ എഴുതപ്പെടും.
ചിലപ്പോൾ കരാറുകളിലൂടെ എഴുതപ്പെടും.
ചിലപ്പോൾ ജയിലുകൾ തുറക്കപ്പെടുമ്പോൾ എഴുതപ്പെടും.

പക്ഷേ ചിലപ്പോൾ…

ഒരു നഗരത്തിന്റെ തെരുവിൽ ഉയരുന്ന ഒരു ബാനറിലൂടെ പോലും ചരിത്രം പുതിയ അധ്യായം ആരംഭിക്കും.

ഗസ്സയുടെ കണ്ണീരും, ഖുദ്സിന്റെ പ്രതീക്ഷയും, ശാമിന്റെ മാറ്റങ്ങളും — ഇവയെല്ലാം ചേർന്ന് പുതിയൊരു ചരിത്രം ഇവിടെ പിറക്കുകയാണ്.

-മുബാറക് റാവുത്തർ