ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി തടവിലാക്കപ്പെടുന്നവർ നേരിടുന്ന ദീർഘകാലത്തെ വിചാരണത്തടവെന്ന വലിയ നിയമ വെല്ലുവിളി അടിവരയിടുന്ന ഒരു സുപ്രധാന വിധിയിൽ, ഒഡീഷയിലെ കട്ടക്ക് സെഷൻസ് കോടതി മദ്റസ അധ്യാപകനായ മൗലാനാ അബ്ദുർ റഹ്മാൻ കട്കിയെ വെറുതെവിട്ടത്. രാജ്യമെങ്ങും 2015 ൽ വലിയ കോലാഹലങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കിയ യു.എ.പി.എ കേസിലാണ് ഈ വെറുതെ വിടൽ.
തെളിവുകൾ ഒരെണ്ണം പോലും ഹാജരാക്കാൻ കഴിയാതെ പോയ കേസിൽ വെറുതെ വിട്ടത് സംബന്ധിച്ച് ഒരൊറ്റ മാധ്യമം പോലും വാർത്ത നൽകിയിട്ടില്ല. ജാമിഅ ടൈംസ് പോലെയുള്ള സമാന്തര പ്രാദേശിക മാധ്യമങ്ങൾ അല്ലാതെ.
അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ്(AQIC), ഇന്ത്യൻ മുജാഹിദീൻ (IM)എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 ഡിസംബറിലാണ് ഒഡീഷ, ഡൽഹി പൊലീസുകളുടെ സംയുക്ത സംഘം ജഗത്പൂരിലെ പശ്ചിമകച്ച ഗ്രാമത്തിൽ നിന്ന് മൗലാനാ റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. അനുമതിയില്ലാത്ത മദ്റസ നടത്തുക, ഭീകര സംഘടനകൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക, ഫണ്ട് ശേഖരണം, രാജ്യദ്രോഹം തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റങ്ങൾ.
‼️വിധി പ്രസ്താവിച്ച ജില്ലാ സെഷൻസ് ജഡ്ജി മാനസ് രഞ്ജൻ ബാരിക്, മൗലാനാ റഹ്മാനെതിരെ ചുമത്തിയ എല്ലാ യു.എ.പി.എ കുറ്റങ്ങളിൽ നിന്നും ഐ.പി.സി 124-എ വകുപ്പിൽ നിന്നും അദ്ദേഹത്തെ പൂർണ്ണമായി വെറുതെവിട്ടു. കേസിൽ 46 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടും പ്രൊസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.വിശ്വസനീയമായ തെളിവുകളില്ലാതെ വെറും വാക്കാലുള്ള
ആരോപണങ്ങൾ മാത്രമാണ് പ്രൊസിക്യൂഷൻ മുന്നോട്ട് വെച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.‼️ കൂടാതെ, വിസ്താരത്തിനിടയിൽ മൗലാനാ റഹ്മാൻ നടത്തിയ മദ്റസയിലെ ഒരു വിദ്യാർത്ഥി പോലും ഏതെങ്കിലും നിരോധിത സംഘടനയിൽ ചേർന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു.
പത്ത് വർഷത്തിലധികം ജയിൽവാസം അനുഭവിച്ച ശേഷമാണ് മൗലാനാ റഹ്മാൻ ഒഡീഷയിലെ ഈ കേസിൽ നിന്നും മോചിതനാകുന്നത്. വ്യക്തമായ തെളിവുകളില്ലാതെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തുന്നതിനെക്കുറിച്ചും, വർഷങ്ങൾ നീളുന്ന വിചാരണകൾ വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന കടുത്ത ആഘാതങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് ഈ വിധി വീണ്ടും വഴിതുറന്നിരിക്കുകയാണ്.
- മുബാറക് റാവുത്തർ
No comments:
Post a Comment