തട്ടം ഇട്ട അവകാശവാദങ്ങളും സവർണ അസ്വസ്ഥതകളും:
കേരളീയ മുസ്ലീം സ്ത്രീത്വത്തിന്റെ രാഷ്ട്രീയ അതിജീവനം
കേരളത്തിന്റെ നവോത്ഥാന-രാഷ്ട്രീയ ചരിത്രത്തിൽ മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും രണ്ട് അതിരുകൾക്കിടയിലാണ് കുടുങ്ങിക്കിടക്കാറുള്ളത്; ഒന്നുകിൽ യാഥാസ്ഥിതികതയുടെ ചട്ടക്കൂടിൽ അവരെ ഒതുക്കുക, അല്ലെങ്കിൽ ഇരവാദത്തിന്റെ ഭാഷയിൽ മാത്രം അവരെ അവതരിപ്പിക്കുക. എന്നാൽ ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ, ഈ നാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളോട് പൊരുതി സ്വന്തം ഇടം നേടിയെടുത്ത മുസ്ലീം വനിതകളുടെ ശക്തമായ അതിജീവന ചരിത്രമാണ് നമുക്ക് കാണാനാകുന്നത്.
1957-ൽ കെ.ഒ. ആയിഷ ബായിയും 1960-ൽ എ. നഫീസത്ത് ബീവിയും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയപ്പോൾ അത് വെറും വ്യക്തിഗത നേട്ടങ്ങൾ മാത്രമായിരുന്നില്ല. സാമൂഹികമായി പിന്നാക്കം നിർത്തപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിലെ സ്ത്രീകൾ അധികാര ഘടനകളുടെ കേന്ദ്രത്തിലേക്ക് കടന്നുവരുന്ന ചരിത്ര മുഹൂർത്തമായിരുന്നു അത്. 2026-ൽ ഷാനിമോൾ ഉസ്മാൻ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സമകാലിക സാഹചര്യം വരെയെത്തുമ്പോൾ, ആ ചരിത്രം എത്ര നീണ്ട ഇടവേളകളിലൂടെയും എത്ര വലിയ പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയതെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ഇരട്ട വെല്ലുവിളികളുടെ രാഷ്ട്രീയം,....
കേരളത്തിൽ ഒരു മുസ്ലീം വനിത പൊതുരംഗത്തേക്ക് കടന്നുവരുമ്പോൾ അവർക്ക് ഒരേസമയം രണ്ട് തലങ്ങളിലുള്ള പ്രതിരോധങ്ങളാണ് തീർക്കേണ്ടി വരുന്നത്. ഒരു ഭാഗത്ത് സമുദായത്തിനകത്തെ പുരുഷാധിപത്യ ചട്ടക്കൂടുകളെയും പരമ്പരാഗത വിലക്കുകളെയും മറികടക്കേണ്ടി വരുമ്പോൾ, മറുഭാഗത്ത് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക മുൻവിധികളെയും സ്റ്റീരിയോടൈപ്പുകളെയും തകർക്കേണ്ടി വരുന്നു.
മുസ്ലീം സ്ത്രീകളെ എപ്പോഴും “അടിച്ചമർത്തപ്പെട്ടവരും”, “അറിവില്ലാത്തവരും”, “വീടിന്റെ ചുവരുകൾക്കുള്ളിൽ പൂട്ടപ്പെട്ടവരും” ആയി മാത്രം അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സമാന്തര പൊതുബോധം കേരളത്തിലുമുണ്ട്. ഈ മുൻവിധികളെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസം നേടിയ, നിയമബിരുദം കരസ്ഥമാക്കിയ, പൊതുരംഗങ്ങളിൽ ഭയമില്ലാതെ ശബ്ദമുയർത്തിയ മുസ്ലീം സ്ത്രീകൾ മുന്നോട്ട് വന്നത്. കെ.ഒ. ആയിഷ ബായിയും എ. നഫീസത്ത് ബീവിയും അതിന്റെ ആദ്യകാല പ്രതീകങ്ങളായിരുന്നു. അവർ പൊതുജീവിതത്തിലേക്ക് നടന്നു കയറിയത് അന്നത്തെ സാമൂഹിക ബോധ്യങ്ങളോട് തന്നെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു.
പ്രാതിനിധ്യത്തോടുള്ള അസഹിഷ്ണുത.....
കേരളത്തിൽ മുസ്ലീം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അവരുടെ അധികാര പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ ഉയരുമ്പോൾ അസ്വസ്ഥതകളും വരേണ്യമായ പ്രതികരണങ്ങളും ശക്തമാകുന്ന ഒരു യാഥാർത്ഥ്യം നമുക്ക് കാണാം.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുമ്പോൾ അതിനെ പലപ്പോഴും “പ്രീണനം” എന്ന തരംതാണ ഭാഷയിൽ വിശേഷിപ്പിക്കുന്ന പ്രവണത ഇന്നും ചാനൽ മുറികളിലും പൊതുവിടങ്ങളിലും ദൃശ്യമാണ്. പ്രത്യേകിച്ച് ഒരു മുസ്ലീം വനിത സ്വന്തം സ്വത്വവും സാംസ്കാരിക വ്യക്തിത്വവും മറച്ചുവെക്കാതെ, ആത്മവിശ്വാസത്തോടെ രാഷ്ട്രീയ നിലപാടുകളുമായി പൊതുരംഗത്ത് നിലകൊള്ളുമ്പോൾ ആ അസഹിഷ്ണുത കൂടുതൽ പ്രകടമാകാറുണ്ട്.
ഇത് വ്യക്തികൾക്കെതിരെയുള്ള താൽക്കാലിക വിമർശനം മാത്രമല്ല; മറിച്ച്, അധികാര ഘടനകളിൽ ആരെല്ലാം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ചും ആരുടെയെല്ലാം ശബ്ദമാണ് കേൾക്കേണ്ടത് എന്നതിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള സാമൂഹിക മുൻവിധികളുടെ പ്രകടനവുമാണ്. എ. നഫീസത്ത് ബീവിയ്ക്ക് ശേഷം മറ്റൊരു മുസ്ലീം വനിതയ്ക്ക് സമാനമായ ഉയർന്ന ഭരണഘടനാ സ്ഥാനത്തേക്ക് എത്താൻ ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു എന്നത് കേരളത്തിലെ അധികാര ഘടനകളിലെ സാമൂഹിക അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ഷാനിമോൾ ഉസ്മാൻ Shanimol Osman : പ്രതീകാത്മകതയ്ക്കപ്പുറം.....
ഷാനിമോൾ ഉസ്മാനെ പോലുള്ള നേതാക്കൾ ഒരു സമൂഹത്തിനുള്ള കേവലം 'ടോക്കൺ' (Token) പ്രതിനിധാനമല്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ നിന്ന് ആരംഭിച്ച്, കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ നേരിട്ട്, ദേശീയ തലത്തിലെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിലേക്ക് സ്വന്തം കഴിവിനാൽ എത്തിയ വ്യക്തിത്വമാണവർ.
മുസ്ലീം സ്ത്രീകളെക്കുറിച്ച് പൊതുസമൂഹം നിർമ്മിച്ചുവെച്ചിട്ടുള്ള ഒട്ടേറെ സ്റ്റീരിയോടൈപ്പുകളെ തകർത്തുകൊണ്ടാണ് അവർ പൊതുരംഗത്ത് ഉറച്ചുനിന്നത്. തങ്ങളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ പൊതുരംഗത്ത് ശക്തമായ നേതൃപാടവം കാട്ടാൻ കഴിയുമെന്ന് അവർ തെളിയിക്കുന്നു. അവരുടെ ഈ മുന്നേറ്റം വരുംതലമുറയിലെ ആയിരക്കണക്കിന് മുസ്ലീം പെൺകുട്ടികൾക്ക് രാഷ്ട്രീയത്തിലും ഭരണരംഗത്തിലും നയരൂപീകരണ മേഖലയിലും സജീവമാകാൻ വലിയ പ്രചോദനമായി മാറും.
അവസാനമായി......
സ്ത്രീ സ്വാതന്ത്ര്യത്തെയും തുല്യതയെയും കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന കേരളം, മുസ്ലീം സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അവകാശവാദങ്ങളെയും സംശയത്തോടെയോ അസ്വസ്ഥതയോടെയോ കാണുന്ന സമീപനം പുനഃപരിശോധിക്കേണ്ട സമയമാണിത്. നവോത്ഥാനം എന്നത് പ്രസംഗങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല; അത് അധികാരത്തിന്റെ തുല്യമായ പങ്കുവെപ്പിലൂടെ മാത്രമേ യാത്ഥാർത്ഥ്യമാകൂ.
അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെടുന്നത് വർഗീയതയല്ല — അത് ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണ്. 1957-ലും 1960-ലും കേരളം തുറന്നിട്ട ജനാധിപത്യത്തിന്റെ വാതിലുകൾ കൂടുതൽ വിശാലമാക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ സമൂഹത്തിനുണ്ട്. മുസ്ലീം സ്ത്രീകളുടെ മുന്നേറ്റത്തെ കേവലം പ്രതീകാത്മകമായി കാണാതെ, കേരളീയ ജനാധിപത്യത്തിന്റെ യഥാർത്ഥ വികാസമായി കാണാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്.
-മുബാറക് റാവുത്തർ-
No comments:
Post a Comment