കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങൾ ഇന്ന് അപകടകരമായ ഒരു വഴിത്തിരിവിലാണ്. ആശയങ്ങളെയും നയങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങൾക്ക് പകരം, സമുദായങ്ങളെ മുഴുവനായി സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന വംശീയ-ജാതീയ ഭാഷകൾ സാധാരണവൽക്കരിക്കപ്പെടുകയാണ്. വെള്ളാപ്പള്ളി നടേശന്റെ പുതിയ പ്രസ്താവനയും ഇതേ രാഷ്ട്രീയ പ്രവണതയുടെ ഭാഗമായാണ് കാണേണ്ടത്.
ഈ നാട്ടിൽ ഏറ്റവും ക്രൂരമായ വംശീയ ആക്രമണങ്ങൾക്ക് ഇരയാകുന്ന വിഭാഗം മുസ്ലിം സമൂഹമാണ് എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. പേരും വേഷവും ഭക്ഷണശീലങ്ങളും മതാചാരങ്ങളും വരെ ലക്ഷ്യമാക്കി മുസ്ലിംകളെ നിരന്തരം സംശയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മോബ് ലിഞ്ചിംഗുകൾ, ബുൾഡോസർ രാഷ്ട്രീയം, സാമ്പത്തിക ബഹിഷ്കരണ ആഹ്വാനങ്ങൾ, വ്യാജ പ്രചാരണങ്ങൾ — ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല; സംഘടിതമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രകടനങ്ങളാണ്.
അതേസമയം, ഈ രാജ്യത്ത് ഏറ്റവും ക്രൂരമായ ജാതീയ ഹിംസകൾക്ക് ഇരയാകുന്നത് ദളിത്-ആദിവാസി സമൂഹങ്ങളാണ്. ഭൂമി നിഷേധം, വിദ്യാഭ്യാസ വിവേചനം, സാമൂഹിക അപമാനം, സ്ഥാപനാത്മക അവഗണന, കൊലപാതകങ്ങൾ വരെ നീളുന്ന നൂറ്റാണ്ടുകളായുള്ള അധികാര ഘടന ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മുസ്ലിംകൾ, ദളിതർ, ആദിവാസികൾ — ഈ മൂന്ന് വിഭാഗങ്ങളും ഇന്നും സിസ്റ്റത്തിന്റെ ഏറ്റവും കടുത്ത വിവേചനങ്ങൾക്ക് ഇരയാകുന്നവരാണ്. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ നേരിടേണ്ട രാഷ്ട്രീയ-സാമൂഹിക നേതാക്കളിൽ ചിലർ ചെയ്യുന്നത് എന്താണ്? പ്രശ്നത്തിന്റെ വേരുകളെ ചോദ്യം ചെയ്യുന്നതിന് പകരം, അതിന്റെ ഇരകളെയാണ് വീണ്ടും ലക്ഷ്യമിടുന്നത്.
സംഘി രാഷ്ട്രീയവും, ക്രിസംഘി ഭാഷയും, വെള്ളാപ്പള്ളിയാദികളുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളും ഈ നാടിന്റെ സോഷ്യൽ ഫാബ്രിക്കിന് ഏൽപ്പിച്ച പരിക്ക് ചെറുതല്ല. കേരളം അഭിമാനത്തോടെ പറയുന്ന മതസൗഹൃദവും സഹവർത്തിത്വവും ഇത്തരം വിഷഭാഷകൾ നിരന്തരം തകർക്കുകയാണ്.
ഇവിടെ ഇടതുഭരണകൂടത്തിന്റെ പരാജയവും ചൂണ്ടിക്കാണിക്കണം. വംശീയ-ജാതീയ ആക്രമണങ്ങൾ തടയുന്നതിലും, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലും, വിവേചന ഘടനകളെ ചോദ്യം ചെയ്യുന്നതിലും ഭരണകൂടം പലപ്പോഴും പരാജയപ്പെട്ടു. പുരോഗമന വാക്കുകൾ മാത്രം മതിയാവില്ല — അത് ഭരണത്തിൽ പ്രതിഫലിക്കണം.
ഇവിടെയാണ് മുസ്ലിം ലീഗിനെ “അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ അവശിഷ്ടം” എന്ന് വിശേഷിപ്പിക്കുന്ന പ്രസ്താവനയുടെ അപകടം കൂടുതൽ വ്യക്തമാകുന്നത്. അത് ചരിത്രത്തെ ലഘൂകരിക്കുന്ന രാഷ്ട്രീയ പ്രസ്താവന മാത്രമല്ല; ഒരു സമുദായത്തിന്റെ ജനാധിപത്യ രാഷ്ട്രീയ പ്രതിനിധിത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമവുമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപം കൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഭജന രാഷ്ട്രീയത്തിന്റെ തുടർച്ചയായി അല്ല, ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയായിട്ടാണ് വളർന്നത്.
ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാ സഭയിലെത്തിക്കുന്നതിൽ ബംഗാളിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണ നിർണായകമായിരുന്നു എന്നത് ചരിത്ര രേഖകളിൽ ഉണ്ട്. കേരളത്തിൽ ലീഗിന്റെ വളർച്ച വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിട്ട മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധിത്വ ആവശ്യത്തിൽ നിന്നാണ് ഉണ്ടായത്.
ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ ഗുരുവിന്റെ സന്ദേശവും ഓർക്കണം. ആ സന്ദേശം സമൂഹങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കാനല്ല — നീതിയോടെയും സമത്വത്തോടെയും ജീവിക്കാൻ പഠിപ്പിക്കുന്നതാണ്.
നാളെ ആരാണ് ഭരിക്കുന്നത് എന്നതിലുപരി, ആ സർക്കാർ മുസ്ലിംകൾക്കും ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള വംശീയ-ജാതീയ ആക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ജനാധിപത്യവാദികൾ വിലയിരുത്തേണ്ട ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മാനദണ്ഡം.
വികസനത്തിന്റെ കണക്കുകൾ പറയുന്നത് എളുപ്പമാണ്.
പക്ഷേ ചരിത്രം ഓർക്കുക നീതി ഉറപ്പാക്കിയ ഭരണങ്ങളെയാണ്.
അതുകൊണ്ട് പുതിയ ഭരണത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണന വിഷനാവുകളെ നിയന്ത്രിക്കുന്നതിലാകണം; നീതി ഉറപ്പാക്കുന്ന ഭരണം ഉണ്ടാകണം!
-മുബാറക് റാവുത്തർ
No comments:
Post a Comment