ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ മാധ്യമങ്ങളെ നേരിടുന്നത് തന്നെ ഒരു വലിയ പരീക്ഷണമാണ്. പ്രത്യേകിച്ച് 24 മണിക്കൂർ ന്യൂസ് ചാനലുകളും, സോഷ്യൽ മീഡിയ ക്ലിപ്പിംഗുകളും, “ട്രെൻഡ്” രാഷ്ട്രീയം നയിക്കുന്ന ഒരു കാലഘട്ടത്തിൽ ഓരോ വാക്കും രാഷ്ട്രീയ ആയുധമാക്കപ്പെടുമ്പോൾ. അത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി V D Satheesan മാധ്യമങ്ങളോട് പെരുമാറിയ രീതി പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നിയത്.
പ്രത്യേകിച്ച് ED വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദിച്ച രീതിയും, അതിന് അദ്ദേഹം നൽകിയ പ്രതികരണവും നോക്കുമ്പോൾ, അത് ഒരു രാഷ്ട്രീയ നേതാവിന്റെ മറുപടി മാത്രമല്ല; മാധ്യമ സംസ്കാരത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഒരു പാഠപുസ്തക മാതൃക പോലെയായിരുന്നു.
യാത്ര പോകാൻ വാഹനം കാത്തു നിൽക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തെ മാധ്യമങ്ങൾ വളഞ്ഞു. പതിവുപോലെ “കുത്തിത്തിരിപ്പൻ” ചോദ്യങ്ങൾ. ഒരു വാക്ക് കിട്ടിയാൽ അതിനെ ബ്രേക്കിംഗ് ആക്കി മണിക്കൂറുകൾ ചർച്ച ചെയ്യാൻ തയ്യാറായ ഒരു മാധ്യമ സംസ്കാരം.
അത്തരം സാഹചര്യത്തിൽ പല നേതാക്കളും അസഹിഷ്ണുത കാണിക്കാറുണ്ട്. ചിലർ കോപിക്കുന്നു. ചിലർ മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു. ചിലർ ചോദ്യം കേൾക്കാതെ നടന്ന് പോകുന്നു. എന്നാൽ വി.ഡി. സതീശൻ എടുത്ത നിലപാട് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
അദ്ദേഹം ക്ഷമയോടെ നിന്നു. ചോദ്യങ്ങൾ കേട്ടു. ചിരിച്ചു. സൗഹൃദം പങ്കുവെച്ചു. ആവശ്യമുള്ളതിൽ മാത്രം മറുപടി നൽകി. ആവശ്യമുള്ളിടത്ത് മാത്രം കൃത്യതയോടെ സംസാരിച്ചു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ വിവാദങ്ങൾക്ക് ഇന്ധനം കൊടുക്കാതെ, മാധ്യമങ്ങൾക്ക് “headline material” ഒരുക്കിക്കൊടുക്കാതെയും അദ്ദേഹം സ്ഥിതിഗതികൾ കൈകാര്യം ചെയ്തു.
അതാണ് ഒരു രാഷ്ട്രീയ നേതാവ് കാണിക്കേണ്ട പക്വത. അല്ലാതെ മാധ്യമ പ്രവർത്തകരെ അപമാനിക്കുകയോ കടക്കു പുറത്തെന്ന് പറഞ്ഞു ധാർഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കുകയല്ല വേണ്ടതെന്ന് സതീശൻ കൃത്യമായ സന്ദേശം നൽകുകയാണ്.
കാരണം ഇന്നത്തെ രാഷ്ട്രീയത്തിൽ ഒരു വലിയ പ്രശ്നമുണ്ട് —
“എന്തെങ്കിലും പറഞ്ഞാലും വിമർശിക്കും… പറയാതിരുന്നാലും വിമർശിക്കും…” എന്ന അവസ്ഥ.
ഒരു നേതാവ് പ്രതികരിച്ചാൽ അതിൽ നിന്ന് പുതിയ വിവാദം ഉണ്ടാക്കും. പ്രതികരിക്കാതിരുന്നാൽ “ഒളിച്ചോടി”, “മറുപടി ഇല്ല”, “ഭയന്നു” എന്ന രീതിയിൽ ചർച്ചകൾ തുടങ്ങും. അങ്ങനെ വന്നാൽ പലരും നിരന്തരം ഓരോ വിഷയത്തിലും പ്രതികരിച്ച് സ്വയം തന്നെ കുടുക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. എന്നാൽ ചില വിഷയങ്ങളിൽ “പറയാതെ ഇരിക്കുന്നത്” തന്നെ കൂടുതൽ പക്വമായ രാഷ്ട്രീയ നിലപാടാകാം എന്ന ബോധ്യമാണ് വി.ഡി. സതീശന്റെ സമീപനത്തിൽ കാണാനായത്.
മാധ്യമങ്ങളെ ശത്രുക്കളായി കാണാതെയും, അതേ സമയം മാധ്യമങ്ങളുടെ “trap politics” മനസ്സിലാക്കി അതിൽ വീഴാതെയും പെരുമാറുക എന്നത് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ പഠിക്കേണ്ട ഒരു കല തന്നെയാണ്. ഒരു രാഷ്ട്രീയ നേതാവിന് എല്ലാത്തിനും ഉടൻ പ്രതികരിക്കേണ്ട ബാധ്യതയില്ല. ചിലപ്പോൾ മൗനം പോലും ഒരു രാഷ്ട്രീയ ഭാഷയാണ്. എന്നാൽ ആ മൗനം ഒളിച്ചോട്ടമോ ഭയമോ അല്ല, നിയന്ത്രിതമായ രാഷ്ട്രീയ പക്വതയാണ്. അതാണ് നേതൃഗുണം.
ഇന്ന് സോഷ്യൽ മീഡിയ കാലത്ത് ക്ലിപ്പുകൾ മാത്രമാണ് ജീവിക്കുന്നത്. 30 മിനിറ്റ് സംസാരിച്ചതിൽ നിന്ന് 10 സെക്കന്റ് മാത്രം മുറിച്ച് വൈറലാക്കുന്ന സംസ്കാരമാണ് നിലനിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം വാക്കുകൾ എങ്ങനെ ഉപയോഗിക്കണം, എവിടെ നിർത്തണം, എത്ര മാത്രം പറയണം എന്നത് വലിയ രാഷ്ട്രീയ ബോധം ആവശ്യപ്പെടുന്ന കാര്യമാണ്.
അതിനാൽ തന്നെ, മാധ്യമങ്ങളോട് പെരുമാറുന്ന രീതിയിൽ ഇന്ന് വി.ഡി. സതീശൻ കാണിച്ച ശൈലി ഒരു മാതൃകയായി പറയേണ്ടതുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയായാലും, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഇന്നത്തെ സമീപനം വളരെ നിയന്ത്രിതവും പക്വവുമായിരുന്നു.
ഇത് നേതാക്കൾ മാത്രം അല്ല, പൊതുപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും പഠിക്കേണ്ട ഒരു പാഠമാണ് —
ഓരോ ചോദ്യത്തിനും പ്രതികരിക്കേണ്ടതില്ല.
ഓരോ പ്രകോപനത്തിനും കോപിക്കേണ്ടതില്ല.
ചിലപ്പോൾ ഏറ്റവും ശക്തമായ മറുപടി, നിയന്ത്രിതമായ മൗനവും മാന്യമായ പെരുമാറ്റവുമാകാം.
- Mubarak Ravuthar
No comments:
Post a Comment