കേരള രാഷ്ട്രീയ ചരിത്രത്തിൽ 102 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലേറിയത് കേവലം ഒരു ഭരണമാറ്റത്തിന്റെ കഥയല്ല. അത് അഹങ്കാരത്തിനും അധികാര ധാർഷ്ട്യത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ ഒരു താക്കീതും, പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനായുള്ള പ്രതീക്ഷയുടെ പ്രഖ്യാപനവുമായിരുന്നു. മാറിമാറി ഭരിക്കുന്ന മുന്നണികൾക്ക് പലവട്ടം അവസരം നൽകിയ കേരളക്കര, ഇത്തവണ കോൺഗ്രസിന് നൽകിയ ഈ അസാധാരണ ഭൂരിപക്ഷത്തിലൂടെ ഒരു സന്ദേശം കൂടി നൽകി — ജനങ്ങളുടെ വിശ്വാസം നേടാം, പക്ഷേ അത് നിലനിർത്തേണ്ടതും നിങ്ങളാണെന്ന സന്ദേശം.
വി.ഡി. സതീശൻ ഉയർത്തിപ്പിടിച്ച വിനയത്തിന്റെ രാഷ്ട്രീയവും, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരായ മതേതര നിലപാടുമാണ് ഈ ചരിത്രവിജയത്തിന് അടിത്തറയിട്ടത്. എന്നാൽ അധികാരത്തിന്റെ ആദ്യ നാളുകളിൽ തന്നെ ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരും കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ കോപ്രായങ്ങൾ ആ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ തികയും മുമ്പ് തന്നെ, കേരളത്തിൽ പലപ്പോഴായി വർഗീയ വിഷം ചീറ്റിയ സമുദായിക നേതാക്കളുടെ വാതിൽക്കൽ കോൺഗ്രസ് മന്ത്രിമാർ ക്യൂ നിൽക്കുന്ന കാഴ്ച അണികളിലും പൊതുസമൂഹത്തിലും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഒരു പ്രത്യേക ജനവിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയവൻ, മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പോലും മതത്തിന്റെ കണ്ണിലൂടെ കണ്ട് അപമാനിച്ചവൻ, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പറഞ്ഞ് വർഗീയ ഭീതി പരത്തിയവൻ — അങ്ങനെയൊരു വ്യക്തിയുടെ മുന്നിൽ ജനാധിപത്യ സർക്കാരിന്റെ പ്രതിനിധികൾ എത്തിനിൽക്കുമ്പോൾ അതിനെ വെറുമൊരു രാഷ്ട്രീയ സൗഹൃദമായി ചിത്രീകരിക്കാൻ അണികൾക്കോ പൊതുസമൂഹത്തിനോ കഴിയില്ല.
ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത് അധികാരത്തിനുവേണ്ടി ആരുടെയും മുന്നിൽ കീഴടങ്ങാനല്ല; സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മതേതര കേരളത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർശനങ്ങൾ തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പ്രസംഗവേദികളിൽ മതേതരത്വം പറയുകയും, അതേസമയം സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ പോയി കൈകൂപ്പി നിൽക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായും ധാർമ്മികമായും ന്യായീകരിക്കാനാകാത്ത വൈരുധ്യമാണ്.
പാർട്ടിക്ക് ജനങ്ങൾ നൽകിയ വലിയ അംഗീകാരത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, സ്വന്തം ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില മുതിർന്ന നേതാക്കൾ നടത്തുന്ന അണിയറ നീക്കങ്ങളും കാണാതിരിക്കാനാവില്ല. വി.ഡി. സതീശന് ലഭിക്കുന്ന ജനപിന്തുണയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിലരുടെ ഈ തിണ്ണനിരങ്ങൽ എന്ന വിമർശനവും ഉയരുന്നുണ്ട്. സമുദായിക നേതാക്കളുടെ കൊട്ടാരപ്പടികൾ കയറുന്നവർ ഒരു കാര്യം ഓർക്കണം — ഈ വിജയത്തിന്റെ യഥാർത്ഥ ഉടമകൾ നേതാക്കളല്ല; വോട്ട് ചെയ്ത ജനങ്ങളാണ്. ആ സത്യം മറക്കുന്ന നിമിഷം മുതൽ രാഷ്ട്രീയ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കും.
സി.പി.എമ്മിനെ ജനങ്ങൾ ഓഡിറ്റ് ചെയ്തതുപോലെ കോൺഗ്രസിനെയും അവർ ഓഡിറ്റ് ചെയ്യും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്കുകളും അധികാരത്തിലെത്തിയ ശേഷമുള്ള പ്രവൃത്തികളും തമ്മിലുള്ള അകലം ജനങ്ങൾ കൃത്യമായി അളക്കുന്നുണ്ട്. ഇടതുപക്ഷം ചെയ്ത അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാനാണ് ഭാവമെങ്കിൽ, ജനവിധി എന്ന സംരക്ഷണ കവചം അധികനാൾ തുണയ്ക്കില്ല.
തോൽവിയുടെ ആഘാതത്തിൽ ഇനിയും ഉഴലുന്ന ഇടതുപക്ഷം ഇന്ന് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നുണ്ടാകാം. എന്നാൽ ജനങ്ങൾ അവരെ തോൽപ്പിച്ചത് അവരുടെ തെറ്റുകൾക്ക് ശിക്ഷ നൽകാനായിരുന്നു; അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാൻ കോൺഗ്രസിന് അനുമതി നൽകാനല്ല.
രാഷ്ട്രീയ നേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം: ജനവിധി എന്നത് എന്നെന്നേക്കുമായി എഴുതിത്തന്ന ഒരു ശൂന്യ ചെക്കല്ല. അത് നിശ്ചിത കാലാവധിയുള്ള ഒരു വിശ്വാസപത്രമാണ്. അതിനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഭാവിയിലും ജനങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂ.
ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ കേൾക്കുകയും ഓർക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ വീണ്ടും വരും. അന്ന് വിധിയെഴുതുക പ്രസംഗങ്ങൾ കേട്ടല്ല, പ്രവർത്തികൾ വിലയിരുത്തിയാണ്.
അതുകൊണ്ട് കോൺഗ്രസ് നേതൃത്വത്തോട് പറയാനുള്ളത് ഒരു വാക്ക് മാത്രം:
ജനങ്ങൾ നൽകിയ വിശ്വാസത്തിന് മേൽ ദയവായി കരിനിഴൽ വീഴ്ത്തരുത്.
- Mubarak Ravuthar
No comments:
Post a Comment