ബാബരി മസ്ജിദ് സംഭവത്തിന് ശേഷം കേരളത്തിൽ ചില വികാരവിളകൾ കൊയ്തെടുത്തത് ഒരു "തീവ്ര സംഘം” ഉയർന്നു വന്നു. തുടക്കത്തിൽ ഓരോ നാട്ടിൽ അവർ ഓരോരോ പേരുകളിൽ അറിയപ്പെട്ടു. പിന്നീടവർ ഒറ്റപ്പേരായി.
ഇരുട്ടിന്റെ മറവിൽ മുസ്ലിം യുവതയെ പീഡന കഥകൾ പറഞ്ഞു പിരികയറ്റി. സംഘികളെ ഇപ്പോ പൊട്ടിക്കും എന്ന അവസ്ഥയിൽ മസിലും പെരുപ്പിച്ച് കവാത്തുമടിച്ചു നടന്ന ആ സംഘം ഒരു കൈവെട്ടും കുറച്ചു കൊലപാതകങ്ങളും നടത്തി പാണ്ടി ലോറിയുടെ മുന്നിൽ അകപ്പെട്ട തവളകളെ പോലെ കാല യവനിക പുൽകി.
ഇപ്പോഴും എതിർക്കുന്നവരെ വ്യക്തി ഹത്യ നടത്തിയും സൈബർ ബുള്ളിയിംഗ് ചെയ്തും അവശിഷ്ഠ സംഘം സൈബറിടങ്ങളിൽ സിപിഎമ്മിന് വേണ്ടി അടിമപ്പണിയുമായി അവിടവിടെയായി കാണാം.
‼️ഈ കൂട്ടർ മുസ്ലിം സമൂഹത്തിനകത്ത് വർഷങ്ങളായി പരത്തിയ ഏറ്റവും അപകടകരമായ വിഷങ്ങളിൽ ഒന്നാണ് — സംഘപരിവാർ പ്രവർത്തകരോട് പൂർണമായും ശത്രുത പ്രഖ്യാപിക്കണം എന്ന ആശയം.‼️
ഇപ്പോൾ ഇത് പറയാനുള്ള കാരണം, മുസ്ലിം ലീഗിന്റെ എം.എൽ.എയായ കുറുക്കോളി മൊയ്തീൻ സാഹിബ് ബിജെപി നേതാവായ വി. ഉണ്ണികൃഷ്ണന്റെ താടിയിൽ സ്‌നേഹത്തോടെ പിടിച്ചത് പോലും മഹാ അപരാധമായി ചിത്രീകരിക്കപ്പെടുന്നത് കണ്ടത് കൊണ്ടാണ്. മനുഷ്യരോട് മാനുഷികമായി പെരുമാറുന്നത് പോലും കുറ്റമാക്കുന്ന ഒരു മാനസികാവസ്ഥയിലേക്കാണ് ചിലർ സമൂഹത്തെ തള്ളിവിടാൻ നോക്കുന്നത്.
എന്നാൽ ഇസ്‌ലാമിക വിശ്വാസത്തിലോ പ്രവാചക ചര്യയിലോ എവിടെയാണ് മനുഷ്യരെ ഇങ്ങനെ വെറുക്കാൻ പഠിപ്പിച്ചിട്ടുള്ളത്?
ഇസ്‌ലാം പഠിപ്പിച്ചത് ശത്രുവിന്റെ ആശയത്തെ എതിർക്കാനാണ്; മനുഷ്യനെ തന്നെ ശത്രുവാക്കി മാറ്റാനല്ല. ഖുർആൻ പറയുന്നത് നോക്കൂ: “ജ്ഞാനത്തോടെയും നല്ല ഉപദേശത്തോടെയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൂ.” സൂറത്തു നഹ്ൽ : 125
പ്രബോധനം നടത്തേണ്ട സമൂഹമാണ് മുസ്ലിം സമൂഹം. മനുഷ്യരോട് സംവദിക്കുകയും സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടവരാണ് മുസ്ലിംകൾ. എല്ലാവരെയും ശത്രുക്കളാക്കി മതിലുകൾ പണിയാനല്ല ഇസ്‌ലാം പഠിപ്പിച്ചത്.
പ്രവാചകൻ മുഹമ്മദ് നബി ﷺ പറഞ്ഞിട്ടുണ്ട്:“നിങ്ങളിൽ ഏറ്റവും ഉത്തമനായവൻ നല്ല സ്വഭാവമുള്ളവനാണ്.”സഹീഹുൽ ബുഖാരി
അപ്പോൾ രാഷ്ട്രീയമായും ആശയപരമായും എതിർക്കുന്നവരോട് പോലും മാനുഷികമായി പെരുമാറുന്നതിൽ എന്താണ് അപരാധം?
കാലങ്ങളായി മുസ്ലിം ലീഗിനെ ആക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമാണ് — “സംഘപരിവാറിന് നാരങ്ങ വെള്ളം കൊടുക്കുന്നവർ” എന്നത്. എന്നാൽ യഥാർത്ഥത്തിൽ അതിൽ എന്താണ് തെറ്റ്? ഒരു മനുഷ്യന് വെള്ളം കൊടുക്കുന്നതോ, സംസാരിക്കുന്നതോ, കൈകോർക്കുന്നതോ ഇസ്‌ലാമിന് വിരുദ്ധമായ കാര്യമാണോ?
ഇസ്ലാമിക സമൂഹം ഒരു പ്രബോധിത സമൂഹമാണ്. മനുഷ്യരിലേക്കെത്തേണ്ട സമൂഹമാണ്. സംവാദത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കേണ്ട സമൂഹമാണ്. അല്ലാതെ എല്ലാവരെയും ശത്രുവാക്കി ഒറ്റപ്പെട്ട് ജീവിക്കേണ്ട സമൂഹമല്ല.
യഥാർത്ഥത്തിൽ ഈ തീവ്ര “വാനര സംഘം” നടത്തിയ അവിലും മലരും കുന്തിരിക്കം കച്ചവടത്തിന്റെ ഏറ്റവും വലിയ ദോഷം എന്തെന്നാൽ, മുസ്ലിം സമൂഹവുമായി നിരന്തരം സംവദിച്ചിരുന്ന നിരവധി സാമൂഹിക വിഭാഗങ്ങൾ അകന്നുപോയി എന്നതാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്ത് മുസ്ലിം സമൂഹം നടത്തിയിരുന്ന ഇഫ്താറുകളും ടേബിൾ ടോക്കുകളും സൗഹൃദ സംവാദങ്ങളും പതിയെ ഇല്ലാതാകാൻ കാരണമായതും ഈ തീവ്ര മനോഭാവം തന്നെയാണ്.
ആർ.എസ്.എസുമായി ചർച്ചക്ക് പോകുന്നതും, ശ്രീധരൻ പിള്ളയെ പോലുള്ളവരെ പരിപാടികളിൽ ക്ഷണിക്കുന്നതും വർഷങ്ങളായി ഇവർ എതിർക്കുന്നത് എന്തിനായിരുന്നു? മുസ്ലിം സമൂഹത്തിന്റെ താത്പര്യത്തിനായിരുന്നില്ല അത്. അവരുടെ മാത്രം രാഷ്ട്രീയ-വൈകാരിക കച്ചവടം നിലനിർത്താനായിരുന്നു. എന്നാൽ അതിന്റെ ബാധ്യത മുഴുവൻ കേരളത്തിലെ മുസ്ലിം സമൂഹത്തിനാണ് വന്നു വീണത്.
ഇനിയെങ്കിലും മുസ്ലിം സമൂഹം ഈ തീവ്ര മനോഭാവത്തെ തിരിച്ചറിയണം. മതാന്തര സംവാദങ്ങളും സൗഹൃദങ്ങളും വീണ്ടും ശക്തമാക്കണം. സംഘപരിവാറും അവരുടെ ആശയങ്ങളുമാണ് എതിർക്കപ്പെടേണ്ടത്; അതിൽ പ്രവർത്തിക്കുന്ന ഓരോ മനുഷ്യരും ശത്രുക്കളല്ല എന്ന ബോധ്യം സമൂഹത്തിനുണ്ടാകണം.
കാരണം ഇസ്‌ലാം മനുഷ്യരെ അകറ്റാനുള്ള മതമല്ല; മനുഷ്യരെ ഹൃദയത്തിലേക്ക് അടുപ്പിക്കാനുള്ള ദീനാണ്.
- മുബാറക് റാവുത്തർ -
No comments:
Post a Comment