പത്തു വർഷത്തോളം പ്രതിഷേധങ്ങളുടെ കനൽച്ചൂടിനെയും ജനകീയ ശബ്ദങ്ങളെയും തടഞ്ഞുനിർത്തിയ സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് വീണ്ടും തുറക്കപ്പെടുമ്പോൾ, അത് വെറുമൊരു ഇരുമ്പ് കവാടത്തിന്റെ ചലനമല്ല. കേരളത്തിന്റെ ജനാധിപത്യ ബോധത്തിന് വീണ്ടുകിട്ടിയ വലിയൊരു പ്രതീകാത്മക നിമിഷമാണ്.
അനന്തപുരിയിലെ പഴയ മാധ്യമപ്രവർത്തക കാലത്തിന്റെ ഓർമ്മകൾ ഈ നിമിഷത്തിൽ മനസ്സിലേക്ക് ഇരച്ചെത്തുകയാണ്. സെക്രട്ടറിയേറ്റിന്റെ തൊട്ടുപിന്നിലെ ഓഫീസിലിരുന്ന് വാർത്തകൾ നെയ്തിരുന്ന ആ നാളുകൾ... വൈകുന്നേരത്തെ ഡ്യൂട്ടിക്ക് കയറും മുൻപ് സ്റ്റാച്യുവിന്റെ തിരുമുറ്റത്ത് ചിലവഴിച്ച രാവിലകൾ. അന്ന് ഈ ഗേറ്റ് സ്വാഭാവികമായി തുറന്നുകിടക്കുമായിരുന്നു. ജനങ്ങളും ജീവനക്കാരും സമരക്കാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഒത്തുചേരുന്ന, ജീവസ്സുറ്റ ഒരു ജനാധിപത്യ ഇടമായിരുന്നു അത്. ആ കാഴ്ച വീണ്ടും തിരികെവരുന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷമുണ്ട്.
ഒരുകാലത്ത് “സമര കവാടം” എന്ന് കേരളം പ്രണയത്തോടെ വിളിച്ച ആ ഗേറ്റ് അടച്ചുപൂട്ടിയപ്പോൾ, യഥാർത്ഥത്തിൽ അടഞ്ഞുപോയത് ഒരു പ്രവേശന മാർഗ്ഗം മാത്രമായിരുന്നില്ല. അത് അധികാരത്തെയും ജനങ്ങളെയും തമ്മിൽ വേർതിരിക്കാൻ ആഗ്രഹിച്ച ഒരു രാഷ്ട്രീയ മനോഭാവത്തിന്റെ പ്രഖ്യാപനമായിരുന്നു. പ്രതിഷേധങ്ങളെയും സമരങ്ങളെയും മുദ്രാവാക്യങ്ങളെയും ജനാധിപത്യത്തിന്റെ ജീവവായുവായി കാണുന്നതിന് പകരം, വെറും 'അസൗകര്യങ്ങൾ' മാത്രമായി ഭരണകൂടം കണ്ട കറുത്ത കാലത്തിന്റെ അടയാളം.
പിണറായി സർക്കാർ അധികാരത്തിലെത്തിയ ഏതാനും ആഴ്ചകൾക്കുള്ളിലാണ് നോർത്ത് ഗേറ്റ് അടച്ചത്. അതിശയകരമെന്നു പറയട്ടെ, “സമര പാരമ്പര്യം” എന്നും “ജനകീയ പോരാട്ടം” എന്നും എപ്പോഴും അഭിമാനത്തോടെ പ്രസംഗിക്കുന്ന ഇടത് അനുകൂല സംഘടനകൾ പോലും അന്ന് അതിനെതിരെ ശബ്ദമുയർത്തിയില്ല. സമര രാഷ്ട്രീയത്തിന്റെ ചോരയും നീരും കുടിച്ച് വളർന്നവർക്ക് പോലും, അധികാരത്തിന്റെ കന്മതിലുകൾക്ക് മുന്നിൽ നിശബ്ദത പാലിക്കാനേ കഴിഞ്ഞുള്ളൂ.
ഇപ്പോൾ, ആ കവാടം വീണ്ടും തുറക്കപ്പെടുന്നു. പോലീസ് ബാരിക്കേഡുകൾ നീങ്ങുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം നോർത്ത് ഗേറ്റ് വഴി പുറത്തേക്ക് പോകുന്ന ചിത്രം കേവലമൊരു വിഐപി വാഹനത്തിന്റെ യാത്രയല്ല; അധികാരത്തിന്റെ അടച്ചിട്ട വാതിലുകൾ ജനങ്ങൾക്കായി തുറക്കപ്പെടണം എന്ന ജനാധിപത്യ സന്ദേശം കൂടിയാണ്.
സമരങ്ങൾക്ക് ഇനിയും ഇടമുണ്ടാകണം. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് വാതിലുകൾ തുറന്നിരിക്കണം. ജനാധിപത്യത്തിൽ പ്രതിഷേധം ഒരു കുറ്റമല്ല; അധികാരത്തിന്റെ അപ്രമാദിത്വത്തെ തിരുത്താനുള്ള ഏറ്റവും ശക്തമായ സാമൂഹിക സംവിധാനമാണ്. അധികാരം ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ അത് അഹങ്കാരമായി മാറും. ജനങ്ങളുടെ ശബ്ദം കേൾക്കുമ്പോഴാണ് അത് ഉത്തരവാദിത്തമായി നിലനിൽക്കുന്നത്.
എന്നാൽ, ഒരു ഗേറ്റ് തുറന്നത് കൊണ്ട് മാത്രം കാര്യമായില്ല. മുഖ്യമന്ത്രിയുടെ ഓഫീസും ഇനി ജനങ്ങൾക്ക് മുന്നിൽ തുറക്കപ്പെടേണ്ടതുണ്ട്.
ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ തുടർന്നുവന്ന മനോഹരമായ ഒരു ജനകീയ ഭരണരീതിയുണ്ടായിരുന്നു ഇവിടെ. ഉച്ചയ്ക്ക് ശേഷം, പരിഹരിക്കപ്പെടാത്ത സങ്കടങ്ങളുമായി വരുന്ന സാധാരണ മനുഷ്യർക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി പറയാനുള്ള അവസരം. അവസാന പ്രതീക്ഷയായി സാധാരണക്കാരൻ ഓടിയെത്തുന്ന ഒരു ജനാധിപത്യ അഭയകേന്ദ്രമായിരുന്നു അത്. നിർഭാഗ്യവശാൽ പിണറായി സർക്കാർ അത് അവസാനിപ്പിച്ചു.
പകരം വന്ന “സുതാര്യ കേരളം”, “സി.എം പോർട്ടൽ” തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പലപ്പോഴും വെറുമൊരു പ്രഹസനമായി മാറി. കൃത്യമായ തെളിവുകളില്ലാത്ത വ്യാജപരാതികൾ കൊണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാക്കാനും, വ്യാജ പരിസ്ഥിതി ലോബികളും പരാതി മാഫിയകളും അതിന്റെ ഗുണഭോക്താക്കളാവാനുമാണ് അത് ഉപകരിച്ചത്.
അതേസമയം തന്നെ, സാധാരണ ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ആ സി.എം ഓഫീസിലേക്ക്, വിവിധ “അനൗദ്യോഗിക ശക്തികൾ” ചുവന്ന ബോർഡുകളും സ്വാധീനവും ഉപയോഗിച്ച് സ്വതന്ത്രമായി കയറിയിറങ്ങുന്ന കാഴ്ചയും കേരളം കണ്ടു! പൊതുജനങ്ങൾക്ക് അടഞ്ഞ വാതിലുകൾ, ഇടനിലക്കാർക്ക് തുറന്ന വഴികൾ — അതായിരുന്നു കഴിഞ്ഞ കാലത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം.
അതുകൊണ്ട് തന്നെ, നോർത്ത് ഗേറ്റ് വീണ്ടും തുറന്നതിനെ ഒരു നല്ല തുടക്കമായി കാണാം.
സെക്രട്ടറിയേറ്റിന്റെ വാതിലുകൾ തുറക്കട്ടെ...
ജാലകങ്ങൾ തുറക്കട്ടെ...
ജനങ്ങളുടെ ശബ്ദം ആ അകത്തളങ്ങളിലേക്ക് ഇരച്ചുകയറട്ടെ.
കാരണം, ജനാധിപത്യം ഒരിക്കലും സുരക്ഷാ വേലിക്കെട്ടുകളിലല്ല ജീവിക്കുന്നത്; അത് ജനങ്ങളുടെ വിശ്വാസത്തിലാണ് ശ്വസിക്കുന്നത്.
- മുബാറക് റാവുത്തർ
No comments:
Post a Comment