ഇന്ത്യ എന്ന ആശയം ഒരൊറ്റ ഭാഷയുടേയോ, മതത്തിന്റേയോ, സംസ്കാരത്തിന്റേയോ മേൽ പണിതതല്ല. അനവധി ഭാഷകളും വിശ്വാസങ്ങളും ജീവിതരീതികളും ചരിത്രാനുഭവങ്ങളും ചേർന്നാണ് ഇന്ത്യ എന്ന ബഹുസ്വര സങ്കൽപ്പം രൂപപ്പെട്ടത്. ഈ വൈവിധ്യങ്ങളെ ഒരുമിച്ച് നിർത്തിയിരിക്കുന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത, തുല്യത, വ്യക്തിസ്വാതന്ത്ര്യം എന്നീ മൂല്യങ്ങളാണ്.
എന്നാൽ സമീപകാലത്തായി രാജ്യത്ത് ശക്തിപ്രാപിക്കുന്ന ചില രാഷ്ട്രീയ-സാംസ്കാരിക പ്രവണതകൾ ഈ അടിത്തറയെ തന്നെ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയായി V D Satheesan സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം അതിന്റെ പൂർണ്ണരൂപത്തിൽ ആലപിക്കപ്പെട്ടതിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത് ഒരു ചടങ്ങ് സംബന്ധമായ ചെറിയ വിവാദമല്ല; ഇന്ത്യയെ ഒരു പ്രത്യേക സാംസ്കാരിക രൂപകത്തിലേക്ക് ചുരുക്കാനുള്ള വലിയ രാഷ്ട്രീയ പദ്ധതിയാണ്.
ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് പദ്യങ്ങൾ മാത്രമാണ്. കാരണം അതിന് ശേഷമുള്ള ഭാഗങ്ങൾ പ്രകൃതിസുന്ദരിയായ മാതൃഭൂമിയെ സ്തുതിക്കുന്നതിൽ നിന്ന് മാറി വ്യക്തമായ മതപ്രതീകങ്ങളിലേക്ക് കടക്കുന്നു.
"ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ..."
"കമലാ കമലദള വിഹാരിണീ..."
"വാണീ വിദ്യാദായിനീ..."
ഇവിടെ രാജ്യം ദുർഗ്ഗയായും ലക്ഷ്മിയായും സരസ്വതിയായും രൂപാന്തരപ്പെടുന്നു. ഇത് വ്യക്തികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിമർശനമല്ല. ഇന്ത്യയിൽ ഹിന്ദു മതപരമായ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് അവയുടെ സ്വന്തം സ്ഥാനം ഉണ്ട്. പക്ഷേ ഒരു പ്രത്യേക മതസങ്കൽപ്പത്തെ മുഴുവൻ രാജ്യത്തിന്റെ ഔദ്യോഗിക പ്രതീകമാക്കി മാറ്റുമ്പോൾ പ്രശ്നം ഉയരുന്നു.
മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകളും ബൗദ്ധരും ജൈനരും നിരീശ്വരവാദികളും ഉൾപ്പെടുന്ന ഒരു രാജ്യത്ത്, എല്ലാവരും ഒരേ മതപ്രതീകത്തിലൂടെ ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന പ്രതീക്ഷ സ്വാഭാവികമായും ആശങ്കകൾ സൃഷ്ടിക്കും. അതിനെ ചോദ്യം ചെയ്യുന്നവരെ ഉടൻ “രാജ്യവിരുദ്ധർ” എന്ന മുദ്രകുത്തുന്നത് ജനാധിപത്യ സംവാദത്തെ തകർക്കുന്ന പ്രവണതയാണ്.
ഇതോടൊപ്പം മറ്റൊരു അപകടകരമായ പ്രവണതയും ശക്തമാകുന്നു — നിർബന്ധിത ദേശസ്നേഹം.
രാജ്യത്തെ സ്നേഹിക്കുന്നത് ഇപ്പോൾ ഒരു ആഭ്യന്തര വികാരം മാത്രമല്ല; അത് നിർബന്ധിത പൊതുപ്രകടനമാക്കാനുള്ള ശ്രമങ്ങൾ വർധിക്കുന്നു.
“എഴുന്നേറ്റ് നിൽക്കൂ.”
“പാടൂ.”
“ചൊല്ലൂ.”
“തെളിയിക്കൂ.”
ഇതാണ് ഇപ്പോൾ ദേശീയതയുടെ പുതിയ ഭാഷയായി മാറുന്നത്.
Bijoe Emmanuel vs State of Kerala കേസിൽ സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിരുന്നു — ഒരു പൗരന്റെ മനസ്സാക്ഷിയിലേക്കോ വിശ്വാസത്തിലേക്കോ ഭരണകൂടം കടന്നുകയറാനാവില്ല. ദേശസ്നേഹം നിർബന്ധിത പ്രകടനത്തിലൂടെ അളക്കാനാവില്ല എന്ന്.
എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ചില തീവ്ര വലതുപക്ഷ പ്രൊഫൈലുകൾ ഈ നിർബന്ധിത സാംസ്കാരിക പ്രകടനങ്ങളെ ആഘോഷിക്കുന്നതും വിമർശകരെ പരിഹസിക്കുന്നതും കാണാം. Sreejith Panickar പോലുള്ള പൊട്ടൻഷ്യൽ സംഘി ഹിന്ദുത്വ പ്രൊഫൈലുകൾ ഇത്തരം സംഭവങ്ങളെ “സ്വാഭാവിക ദേശസ്നേഹം” എന്ന രീതിയിൽ അവതരിപ്പിച്ച് മുസ്ലിം വംശീയ വിദ്വേഷ ഓർഗാസം അനുഭവിച്ച് ആനന്ദം കൊള്ളുമ്പോൾ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടുതൽ ഗുരുതരമാകുന്നുണ്ട്. കാരണം ഇത് വെറും അഭിപ്രായപ്രകടനം മാത്രമല്ല — ന്യൂനപക്ഷ ആശങ്കകളെ അസാധുവാക്കുന്ന പൊതുബോധം നിർമ്മിക്കാനുള്ള ശ്രമമാണ്.
ഇന്ത്യയെ ശക്തമാക്കുന്നത് ഏകതയുടെ പേരിലുള്ള ഏകവർണ്ണ സാംസ്കാരിക ഏകീകരണമല്ല. ഇന്ത്യയുടെ കരുത്ത് അതിന്റെ വ്യത്യസ്തതകളെ അംഗീകരിക്കുന്ന ശേഷിയിലാണ്.
ഒരു രാജ്യം അതിലെ പൗരന്മാരെ ഒരേ പോലെ പാടിക്കൊണ്ടോ, ഒരേ രീതിയിൽ പ്രാർത്ഥിപ്പിച്ചുകൊണ്ടോ ശക്തമാകുന്നില്ല. മറിച്ച് ഓരോ പൗരന്റെയും വിശ്വാസ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമ്പോഴാണ് അത് ശക്തമാകുന്നത്.
ദേശസ്നേഹം എന്നത് ഭരണകൂടം നിർദേശിക്കുന്ന ശൈലിയിൽ ഒരു ഗാനം പാടുന്നതല്ല.
ദേശസ്നേഹം എന്നത് ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കുന്നതാണ്.
ആ ആത്മാവ് ബഹുസ്വരതയാണ്.
അതിനെ ഏകശിലാ ദേശീയതയുടെ പേരിൽ തകർക്കാൻ അനുവദിക്കരുത്.
- Mubarak Ravuthar
No comments:
Post a Comment