Thursday, July 9, 2026

നഷ്ട പ്രണയത്തിന്റെ നറു വസന്തം ❤️


ചില പ്രണയങ്ങൾ പറയാൻ വേണ്ടിയല്ല... ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ വേണ്ടിയാണ് ജനിക്കുന്നത്... 🤍

ഓർമപ്പുസ്തകത്തിലെ മഷിത്താളുകൾക്കിടയിൽ വർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ഒരു കുളിരോർമ ഇന്ന് വീണ്ടും സുഗന്ധമായി ഒഴുകിയെത്തി.

എന്റെ ജീവിതത്തിലും അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നു.

എട്ടാം ക്ലാസിലെ ട്യൂഷൻ ക്ലാസിലെ ഓലപ്പുരയുടെ അവസാന ബെഞ്ചുകളിലൊന്നിൽ നിന്നാണ് അതിന് തുടക്കമായത്. മുന്നിലിരുന്ന അവളുടെ മുടിയിഴകളിലൂടെ തഴുകിയെത്തിയ കാച്ചെണ്ണയുടെ സുഗന്ധം... ഇന്നും ഓർമ്മകളുടെ ആഴത്തിൽ അതേ പുതുമയോടെ നിറഞ്ഞുനിൽക്കുന്നു. പ്രണയം എന്ന വികാരം ആദ്യം കണ്ണുകളിലൂടെ വന്നതല്ല; ആ സുഗന്ധത്തിലൂടെയായിരുന്നു.

പിന്നീട് അവളുടെ കണ്ണുകളിലെ തിളക്കമായി പ്രണയം. കാറ്റിലുലയുന്ന നീണ്ട മുടിയിഴകളായി പ്രണയം. ആ മുടിയിൽ ചാർത്തിയിരുന്ന തുളസിക്കതിരായി പ്രണയം. നെറ്റിയിലെ കളഭച്ചാർത്തിന്റെ നിഷ്കളങ്കതയായി പ്രണയം. അവൾ കുത്തിയിരുന്ന ആ ചെറിയ പൊട്ടുകളോടുള്ള ഇഷ്ടമായി പ്രണയം.

അവൾ ചിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, മറ്റുള്ളവരോട് കഥ പറയുമ്പോൾ... ഞാൻ കേൾക്കുന്നത് വാക്കുകളായിരുന്നില്ല; എന്റെ മനസ്സ് കേട്ടത് അവളുടെ സാന്നിധ്യമായിരുന്നു.

ഓരോ പ്രഭാതവും അവൾ ക്ലാസിലേക്ക് കടന്നുവരുന്നതും കാത്തിരിക്കലായിരുന്നു സന്തോഷം. ഓരോ ദിവസവും ആദ്യം കൈമാറിയ ആ നോട്ടങ്ങൾ... വാക്കുകളൊന്നുമില്ലാതെ പരസ്പരം എന്തൊക്കെയോ പറഞ്ഞിരുന്ന ആ നിമിഷങ്ങൾ... അതായിരുന്നു എന്റെ പ്രണയം.

ട്യൂഷൻ കഴിഞ്ഞ് അവളുടെ പിന്നാലെ വീടുവരെയുള്ള വഴിയിൽ സൈക്കിളുമായി മുന്നിലും പിന്നിലുമായി ഓടിനടക്കുന്നതിലും ഒരു പറയാത്ത സന്തോഷമുണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ ഒരേ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ പോലും മനസ്സ് നിറഞ്ഞിരുന്നു. ചിലപ്പോൾ നിശ്ശബ്ദത തന്നെയായിരുന്നു ഏറ്റവും മനോഹരമായ സംഭാഷണം.

ഒരിക്കലും അവളോട് "എനിക്ക് നിന്നെ ഇഷ്ടമാണ്" എന്ന് പറയാൻ കഴിഞ്ഞില്ല. ധൈര്യം ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ, ആ നിശ്ശബ്ദത നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നിരിക്കാം.

കാലം കടന്നുപോയി. പത്താം ക്ലാസിന്റെ അവസാന ദിവസങ്ങളെത്തി. എല്ലാവർക്കും ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തു. പക്ഷേ അവൾക്ക് മാത്രം എഴുതിയില്ല. എന്തെഴുതണമെന്ന് അറിയാതിരുന്നതുകൊണ്ടല്ല... എഴുതിത്തുടങ്ങിയാൽ മനസ്സിലുള്ളത് മുഴുവൻ ഒഴുകിപ്പോകുമോ എന്ന ഭയമായിരുന്നു.

അന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന ആ കണ്ണീർ ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. അത് എന്തിനായിരുന്നുവെന്ന് ഇന്നും അറിയില്ല. ഒരുപക്ഷേ അത് വെറും യാത്രപറച്ചിലിന്റെ സങ്കടമായിരിക്കാം. അല്ലെങ്കിൽ... പറയാതെ പോയ മറ്റൊരു പ്രണയത്തിന്റെ നിശ്ശബ്ദ ഭാഷയായിരിക്കാം.

പിന്നീട് ജീവിതം ഓരോരുത്തരെയും ഓരോ വഴികളിലേക്ക് കൊണ്ടുപോയി. വർഷങ്ങൾ കടന്നുപോയി. പുതിയ മനുഷ്യർ ജീവിതത്തിലേക്ക് വന്നു. പുതിയ നഗരങ്ങൾ, പുതിയ ജോലികൾ, പുതിയ അനുഭവങ്ങൾ...

എന്നിട്ടും ഇന്നുവരെ ആ സുഗന്ധമുള്ള മുടിയിഴകളെയും, ആ തുളസിക്കതിരിന്റെ നേർമയെയും, ആ തിളങ്ങുന്ന കണ്ണുകളെയും, ആ നിഷ്കളങ്കമായ ചിരിയെയും പോലെ മറ്റൊരു പ്രണയത്തെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.

ഇന്നും ചിലപ്പോൾ ഞാൻ ചിന്തിക്കും...

ഒരിക്കൽ എങ്കിലും മനസ്സിലുള്ളത് തുറന്ന് പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു?

അവൾ സ്വീകരിച്ചേനോ... നിരസിച്ചേനോ... അതോ ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായമായി അവൾ കൂടെയുണ്ടായേനോ...

ആ ചോദ്യത്തിന് ഉത്തരമില്ല.

പക്ഷേ എല്ലാ പ്രണയങ്ങൾക്കും ഒരു അവസാനമുണ്ടാകണമെന്നില്ല. ചില പ്രണയങ്ങൾ പൂർത്തിയാകാതിരുന്നതുകൊണ്ടാണ് അത്രയും മനോഹരമായി ഓർമ്മകളിൽ ജീവിക്കുന്നത്.

ഇന്ന് ഞാൻ ആ പ്രണയത്തെ തിരികെ തേടുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. നഷ്ടപ്പെട്ടതിനെക്കുറിച്ച് വിലപിക്കുന്നുമില്ല.

കാരണം ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മുടേതാകാനല്ല; സ്നേഹം എന്ന വികാരത്തിന് ഒരു സുഗന്ധമുണ്ടെന്ന് നമ്മെ പഠിപ്പിക്കാനാണ്.

ഇന്നും, ഓർമപ്പുസ്തകത്തിന്റെ മഞ്ഞപിടിച്ച താളുകൾ മറിക്കുമ്പോൾ, ആ കാച്ചെണ്ണയുടെ മണം മനസ്സിലേക്കെത്തും. അവസാന ബെഞ്ചിലെ ആ നിശ്ശബ്ദ ദിവസങ്ങൾ തിരികെ വരും. പറയാതെ പോയ ആ പ്രണയം ഇന്നും ഹൃദയത്തിന്റെ ഒരിടത്ത്, ഒരു കുളിർകാറ്റുപോലെ, ഒരു മധുരവേദനയായി ജീവിച്ചുകൊണ്ടിരിക്കുന്നു.

ചില പ്രണയങ്ങൾ ഒന്നിച്ചുജീവിക്കാനല്ല വിധിക്കപ്പെടുന്നത്... ജീവിതകാലം മുഴുവൻ ഒരു സുഗന്ധമുള്ള ഓർമ്മയായി ഹൃദയത്തിൽ ജീവിക്കാനാണ്. 🤍

✍️ മുബാറക് റാവുത്തർ



Wednesday, July 8, 2026

സുധീരന്റെ റൊമാന്റിക് രാഷ്ട്രീയം

കേരള രാഷ്ട്രീയത്തിൽ വി. എം. സുധീരൻ പലപ്പോഴും ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മൊറൽ പ്രീച്ചർ എന്ന പ്രതിച്ഛായയാണ് സ്വയം നിർമ്മിച്ചെടുത്തത്. വ്യക്തിപരമായ സത്യസന്ധതയും ലാളിത്യവും സംശയാതീതമായ ഗുണങ്ങളായിരിക്കാം. എന്നാൽ ഒരു ജനാധിപത്യ സമൂഹത്തെ നയിക്കാൻ അത് മാത്രം മതിയാകില്ല. രാഷ്ട്രീയം എന്നത് വ്യക്തിപരമായ പുണ്യജീവിതത്തിന്റെ വിപുലീകരണമല്ല; സങ്കീർണ്ണമായ സാമൂഹിക താൽപര്യങ്ങൾക്കിടയിൽ പ്രാഗ്മാറ്റിക് തീരുമാനങ്ങൾ എടുക്കേണ്ട പൊതുപ്രവർത്തനമാണ്. ഈ അടിസ്ഥാന യാഥാർഥ്യം ഉൾക്കൊള്ളുന്നതിൽ സുധീരൻ സ്ഥിരമായി പരാജയപ്പെട്ടു.


അദ്ദേഹത്തിന്റെ രാഷ്ട്രീയം യാഥാർഥ്യത്തിന്റെ മണ്ണിൽ കാലുറപ്പിച്ചിരുന്നില്ല; ആശയങ്ങളുടെ ആകാശത്തിലായിരുന്നു. മദ്യനിരോധനം മുതൽ വികസനനയങ്ങൾ വരെ അദ്ദേഹം മുന്നോട്ടുവച്ച പല നിലപാടുകളും കേൾക്കാൻ ആകർഷകമായിരുന്നെങ്കിലും, നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു ഫ്രെയിംവർക്ക് അതിനുണ്ടായിരുന്നില്ല. ജനങ്ങളുടെ വികാരങ്ങളെ തൊടുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുക എളുപ്പമാണ്. എന്നാൽ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വത്തിൽ നിന്ന് സുധീരന്റെ രാഷ്ട്രീയം പലപ്പോഴും ഒഴിഞ്ഞുമാറി.

അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യം, ധാർമികതയെ രാഷ്ട്രീയത്തിനുമുകളിൽ പ്രതിഷ്ഠിച്ചതാണ്. ജനാധിപത്യത്തിൽ വിട്ടുവീഴ്ച എന്നത് ബലഹീനതയല്ല; സാമൂഹിക വൈവിധ്യത്തെ അംഗീകരിക്കുന്ന രാഷ്ട്രീയ പക്വതയാണ്. എന്നാൽ സുധീരന്റെ സമീപനത്തിൽ വിട്ടുവീഴ്ച തന്നെ ഒരു പാപമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നേതൃത്വം നൽകിയ സംഘടനകളിൽ ഐക്യം സൃഷ്ടിക്കുന്നതിനേക്കാൾ ഭിന്നതകൾ വർധിച്ചത്. കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടം അതിന്റെ വ്യക്തമായ തെളിവാണ്. പാർട്ടി അധ്യക്ഷനായിരുന്നിട്ടും സ്വന്തം സർക്കാരിനെ പ്രതിപക്ഷ നേതാവിന്റെ ശൈലിയിൽ പരസ്യമായി വിമർശിക്കുകയും, ഓരോ നയതീരുമാനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്ത സമീപനം ഉമ്മൻ ചാണ്ടി സർക്കാരിനെ തുടർച്ചയായ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. മദ്യനയം മുതൽ വിവിധ ഭരണപരമായ തീരുമാനങ്ങൾ വരെ അദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടുകൾ സർക്കാരിന് പ്രവർത്തിക്കാനുള്ള രാഷ്ട്രീയ ഇടം ചുരുക്കുകയും കോൺഗ്രസിന്റെ സംഘടനാപരമായ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന വിമർശനം ഇന്നും ശക്തമാണ്. ഭരണത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട നേതാവ്, സ്വന്തം സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകനായി മാറിയതായിരുന്നു ആ കാലഘട്ടത്തിന്റെ വലിയ വൈരുധ്യം.

അതിലും ഗൗരവമുള്ള കാര്യം, സാമൂഹ്യനീതിയുടെ അടിസ്ഥാന ചോദ്യങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിച്ച നിശ്ശബ്ദതയാണ്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം, ജാതി അസമത്വം, അധികാരവിതരണം, ജാതി സെൻസസ് തുടങ്ങിയ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക വിഷയങ്ങളിൽ അദ്ദേഹം ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. സത്യസന്ധതയെക്കുറിച്ച് നിരന്തരം സംസാരിച്ച നേതാവ്, ചരിത്രപരമായ അനീതികളെ തിരുത്തേണ്ട സാമൂഹിക ഉത്തരവാദിത്വത്തെ അതേ തീവ്രതയിൽ ചർച്ച ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ശ്രീനാരായണ ഗുരുവിനെ അദ്ദേഹം പലപ്പോഴും മദ്യവിരുദ്ധ പ്രചാരണത്തിന്റെ പ്രതീകമാക്കി അവതരിപ്പിച്ചു. എന്നാൽ ഗുരുവിന്റെ മഹത്തായ സാമൂഹിക വിപ്ലവത്തെ മദ്യവിരുദ്ധ സന്ദേശത്തിലേക്ക് മാത്രം ചുരുക്കുന്നത് ഗുരുവിന്റെ പാരമ്പര്യത്തെ ഭാഗികമായി മാത്രം വായിക്കുന്നതിനു തുല്യമാണ്. ഗുരുവിന്റെ ചിന്തയുടെ കേന്ദ്രത്തിൽ ജാതിനിർമാർജനം, സാമൂഹിക സമത്വം, വിദ്യാഭ്യാസം, ആത്മാഭിമാനം, അധികാര പുനർവിതരണം എന്നിവയായിരുന്നു. ആ രാഷ്ട്രീയ ഉള്ളടക്കത്തെ സുധീരൻ പലപ്പോഴും അവഗണിച്ചു.

ഇന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായ സാഹചര്യത്തിലും സുധീരന്റെ രാഷ്ട്രീയ ഇടപെടലുകൾ പഴയ മാതൃകയിൽ നിന്ന് വ്യത്യസ്തമല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. സതീശന്റെ ഉയർച്ചയിൽ താൻ നിർണായക പങ്കുവഹിച്ചെന്ന തോന്നൽ അദ്ദേഹത്തിന്റെ പൊതുപ്രതികരണങ്ങളിൽ നിഴലിക്കുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സർക്കാരിന് രാഷ്ട്രീയ മാർഗനിർദേശം നൽകുന്ന മുതിർന്ന നേതാവെന്നതിലുപരി, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് നിർദേശിക്കുന്ന ഒരു മൊറൽ അതോറിറ്റി എന്ന നിലയിൽ സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നാണ് വിമർശനം. "താൻ പറയുന്നതാണ് അന്തിമ മാനദണ്ഡം" എന്ന ധാരണ പൊതുപ്രസ്താവനകളിൽ പ്രതിഫലിക്കുന്നുവെന്നും, അതിലൂടെ സർക്കാരിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആക്ഷേപം രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. ഒരു ഉപദേശകന്റെ പരിധി വിട്ട് ഭരണത്തിന്റെ മേൽനോട്ടക്കാരനായി മാറുന്ന ഈ സമീപനം ആവർത്തിക്കപ്പെടുകയാണെങ്കിൽ, അത് വ്യക്തികളേക്കാൾ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ സംസ്കാരത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും പ്രസക്തമാണ്.

സുധീരന്റെ രാഷ്ട്രീയം മധ്യവർഗ്ഗത്തിന്റെ ധാർമിക സംതൃപ്തി നേടിയിരിക്കാം. പക്ഷേ സമൂഹത്തിന്റെ ഘടനാപരമായ അസമത്വങ്ങളെ നേരിടാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷൻ അതിനുണ്ടായിരുന്നില്ല. അദ്ദേഹം അഴിമതിക്കെതിരെ സംസാരിച്ചു; പക്ഷേ അധികാരഘടനകളിലെ അസമത്വത്തിനെതിരെ അതേ ശക്തിയിൽ സംസാരിച്ചില്ല. അദ്ദേഹം മദ്യത്തിനെതിരെ പോരാടി; പക്ഷേ സാമൂഹിക ബഹിഷ്കരണത്തിന്റെയും ജാതി ആധിപത്യത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയത്തിനെതിരെ അതേ തീവ്രതയിൽ പോരാടിയില്ല.

ഒടുവിൽ വി. എം. സുധീരന്റെ രാഷ്ട്രീയം ഒരു വലിയ വിരോധാഭാസത്തിന്റെ പേരാണ്. വ്യക്തിപരമായി മാതൃകയായ ഒരു മനുഷ്യൻ; എന്നാൽ പൊതുനയങ്ങളുടെ തലത്തിൽ ദിശാബോധം നൽകാൻ കഴിയാത്ത ഒരു രാഷ്ട്രീയക്കാരൻ. ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എളുപ്പമാണ്; അവയെ ജനങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന നയങ്ങളാക്കി മാറ്റുക എന്നതാണ് യഥാർത്ഥ രാഷ്ട്രീയം. ആ പരീക്ഷണത്തിൽ സുധീരൻ വിജയിച്ചില്ല. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയം ചരിത്രത്തിൽ ഒരു നൈതിക ഓർമ്മയായി നിലനിൽക്കാം; എന്നാൽ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച പ്രായോഗിക രാഷ്ട്രീയ മാതൃകയായി അല്ല.

- Mubarak Ravuthar

Wednesday, July 1, 2026

ആറു വർഷമായി വിചാരണ പോലും ആരംഭിക്കാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് ആദ്യമായി തന്റെ മനസ്സ് തുറക്കുന്നു.

ഉമർഖാലിദുമായി ദി ഗാർഡിയനിലെ മാധ്യമ പ്രവർത്തക ഹന്ന ഏലീസ് പീറ്റേഴ്സൻ നടത്തിയ അഭിമുഖം സംബന്ധിച്ച റിപ്പോർട്ടിൻ്റെ വിവർത്തനം.


ജയിൽ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയം സൂര്യാസ്തമയമാണെന്ന് ഉമർ ഖാലിദ് പറയുന്നു. ഡൽഹിയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ തടവിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ സെല്ലുകളിൽ നിന്ന് പുറത്താക്കി ഇരുട്ട് വീഴുന്നതുവരെ ഈർപ്പമുള്ള മുറ്റത്ത് നിൽക്കാൻ നിർബന്ധിതരാക്കുമ്പോൾ, തടവുകാരൻ നമ്പർ 626714-ന് ഉള്ളിൽ അടിച്ചമർത്താനാവാത്ത ഭയവും വേദനയും ഉയർന്നുവരാൻ തുടങ്ങുന്നു.

എന്നാൽ ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെ ഒരു തടവറയിൽ പ്രവാസജീവിതം നയിച്ചിരുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനും നൂറ്റിയമ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് ഇതേ വികാരത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെന്ന് അടുത്തിടെയാണ് അദ്ദേഹം മനസ്സിലാക്കിയത്.

"ദസ്തേവ്സ്കിയും തന്റെ ജയിൽ സ്മരണകളിൽ സൂര്യാസ്തമയത്തിലെ ഈ മാനസികാവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്," 2020-ൽ ജയിലിലായശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ ഖാലിദ് പറയുന്നു.

"ജീവിതത്തിലെ മറ്റൊരു ദിവസം കൂടി തടവിൽ കഴിഞ്ഞുപോയി എന്ന തിരിച്ചറിവ് ആ സമയത്ത് മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയുന്നതു കൊണ്ടാകാം അങ്ങനെ തോന്നുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. 

തിഹാർ ജയിലിന്റെ മതിലുകൾക്കപ്പുറം ഇന്ത്യയിൽ ഉമർ ഖാലിദിന്റെ പേര് അറിയാത്തവർ വളരെ കുറവാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യം തീപ്പൊരി വിദ്യാർഥി നേതാവായും പിന്നീട് 2019-ൽ രാജ്യമൊട്ടാകെ പടർന്നുപിടിച്ച കേന്ദ്രസർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി അദ്ദേഹം ദേശീയ ശ്രദ്ധ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനെതിരെ ഉയർന്ന ആദ്യത്തെ വലിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു ആ പ്രക്ഷോഭങ്ങൾ.

എന്നാൽ 2020 സെപ്റ്റംബറോടെ സ്ഥിതി മാറി. ഡൽഹിയിലെ ആസൂത്രിത കലാപങ്ങളുടെ "പ്രധാന ഗൂഢാലോചകൻ" എന്നാരോപിച്ച് അദ്ദേഹത്തെ ഭീകരവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. "അക്രമത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന" കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടു.  അദ്ദേഹം ഈ കുറ്റാരോപണങ്ങളെ ‘ഡിസ്റ്റോപ്യൻ’ (ഭീകരമായ സാങ്കൽപ്പിക യാഥാർഥ്യം) എന്നാണ് വിശേഷിപ്പിച്ചത്.

ടെലിവിഷൻ വാർത്താ ചാനലുകളിലെ അവതാരകർ ഇന്നും രാത്രിവാർത്തകളിൽ അദ്ദേഹത്തിന്റെ പേര് ആവർത്തിച്ച് "മുസ്ലിം ഭീകരവാദി", "രാജ്യവിരുദ്ധൻ" എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

മറുവശത്ത്, ഇടതുപക്ഷ - സാമൂഹിക പ്രവർത്തകർ പ്രതിഷേധങ്ങളിൽ അദ്ദേഹത്തിന്റെ പേര് മുഴക്കുകയും അദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ച ടി-ഷർട്ടുകൾ ധരിക്കുകയും ചെയ്യുന്നു.

മനുഷ്യാവകാശ സംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും, മോദി ഭരണകാലത്ത് വിയോജിപ്പുകളെ അടിച്ചമർത്തുന്നതിൻ്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഉമർ ഖാലിദ്.

പന്ത്രണ്ടു വർഷമായി അധികാരത്തിലുള്ള ഭാരതീയ ജനതാ പാർട്ടി, രാഷ്ട്രീയ എതിരാളികളെ നേരിടാൻ നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നുവെന്ന ആരോപണം മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നുണ്ട്.

മുസ്ലിമും ഇടതുപക്ഷ മനുഷ്യാവകാശ പ്രവർത്തകനുമായ ഖാലിദ്, ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്ന് ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ കടുത്ത വിമർശകനാണ്.

രാജ്യത്തെ 20 കോടി മുസ്ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള പീഡനത്തിനും വിവേചനത്തിനും മോദി സർക്കാർ പ്രോത്സാഹനം നൽകുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ, വിചാരണയില്ലാതെ ഏകദേശം ആറു വർഷമായി ഉമർ ഖാലിദിനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് അനീതിയാണെന്ന് വ്യാപകമായി അപലപിച്ചിട്ടുണ്ട്.

ന്യൂയോർക്ക് മേയറായ സഹ്റാൻ മംമ്ദാനി  ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ തന്നെ കൈപ്പടയിൽ ഒരു കത്ത് ഖാലിദിന് അയച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണവും ഉണ്ടായി.

ജയിലിലെ സാഹചര്യങ്ങൾ കാരണം ഈ അഭിമുഖത്തിനായി ദി ഗാർഡിയൻ പ്രതിനിധിക്ക് ഖാലിദിനെ നേരിൽ കാണാൻ സാധിച്ചില്ല. അതിനാൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയത്.

താൻ നിഷേധിക്കുന്ന ആരോപണങ്ങളെ വർഷങ്ങളായി നേരിടുകയും, സ്വന്തം നിയന്ത്രണത്തിനപ്പുറമുള്ള ഒരു വലിയ പ്രചാരണ യന്ത്രത്തോട് പോരാടുകയും ചെയ്യുന്നത് പലപ്പോഴും മാനസികമായി തളർത്തിയെന്ന് 38-കാരനായ ഖാലിദ് സമ്മതിക്കുന്നു.

"നിങ്ങളെ ഒരു വ്യക്തിയെന്ന നിലയിൽ കാണാതെ, നല്ലതോ ചീത്തയോ ആയ ഒരു പ്രതിച്ഛായയായി മാത്രം ചുരുക്കുമ്പോൾ, നിങ്ങളുടെ മനുഷ്യത്വം മാത്രമല്ല, ചിലപ്പോൾ മാനസിക സന്തുലിതാവസ്ഥ പോലും നിലനിർത്തുക പ്രയാസമാകും," അദ്ദേഹം പറഞ്ഞു.

"എന്നോട് സഹതാപം പ്രകടിപ്പിക്കുന്നവരോ, എന്നെ യഥാർഥ വ്യക്തിയെക്കാൾ വലിയൊരു പ്രതീകമായി അവതരിപ്പിക്കുന്നവരോ പോലും, എനിക്കും ഭയങ്ങളും ബലഹീനതകളും അപൂർണതകളും ഉള്ള ഒരു മനുഷ്യനാണെന്ന കാര്യം മറക്കുന്നു. ജയിലിലെ ഈ നീണ്ട വർഷങ്ങൾ എൻ്റെ മനസ്സിനെയും ശരീരത്തെയും തകർത്തു. എൻ്റെ ഉള്ളിലെ എല്ലാ ആശങ്കകളെയും അത് കൂടുതൽ രൂക്ഷമാക്കി."

എന്നാൽ ജയിലിലെ വർഷങ്ങൾ മോദി സർക്കാരിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഖാലിദ് പറയുന്നു.

ഹിന്ദുത്വ ദേശീയത ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, "വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയെ ന്യായീകരിക്കുന്ന ഭാഷയും സാധാരണവൽക്കരിക്കപ്പെടുകയും മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ഭയാനകമാണെന്ന്" അദ്ദേഹം പറയുന്നു.

"ഇന്ന് ഇന്ത്യ സത്യാനന്തര (Post-truth) സമൂഹമായി മാറുന്ന പ്രക്രിയ ഏതാണ്ട് പൂർണതയിലെത്തിയിരിക്കുന്നു," എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന സമാധാന മാർച്ചിൽ പങ്കെടുത്ത ഉമർ ഖാലിദ്. അവിടത്തെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്.

തൻ്റെ കേസിനെക്കുറിച്ചോ തിഹാർ ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചോ സംസാരിക്കില്ലെന്ന് നേരത്തേ ധാരണയായിരുന്നെങ്കിലും, മൗനം പാലിക്കുക എന്നത് തനിക്ക് സാധ്യമല്ലെന്ന് ഖാലിദ് വ്യക്തമാക്കി.

"ഒപ്പം ഭക്ഷണം കഴിച്ചിരുന്ന സഹതടവുകാർ പോലും  പുറകിൽ നിന്ന് നിങ്ങളെ 'തീവ്രവാദി' എന്ന് വിളിക്കുന്നതു കേൾക്കാം എന്ന പ്രചാരണം ജനങ്ങളുടെ കണ്ണിൽ എന്നെ മനുഷ്യത്വമില്ലാത്തവനാക്കുകയാണ്," അദ്ദേഹം പറഞ്ഞു.

"എന്നെപ്പോലുള്ളവർക്ക് മനുഷ്യത്വം പോലും അനുവദിക്കപ്പെടാത്ത ഒരു പ്രത്യേകാവകാശമാണ്."

🟥'ഈ മൗനം ഭരണകൂടത്തിന് കൂടുതൽ ധൈര്യം നൽകുന്നു'

തെക്കുകിഴക്കൻ ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിലാണ് താൻ വളർന്നതെന്ന് ഖാലിദ് പറയുന്നു. ഹിന്ദുത്വ ദേശീയതയുടെ ഉയർച്ച സമൂഹത്തെ എങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചുവെന്നും മുസ്ലിംകളുടെ അവകാശങ്ങളും അന്തസ്സും എങ്ങനെ കവർന്നെടുത്തുവെന്നും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"മുസ്ലിംകൾ കൂടുതൽ കൂടുതൽ അടിച്ചമർത്തപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും അപകീർത്തിപ്പെടുത്തപ്പെടുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് ഞാൻ ഒരു മുസ്ലിം ഗെറ്റോയിൽ വളർന്നത്. സമൂഹത്തോട് അൽപമെങ്കിലും സംവേദനക്ഷമതയുള്ള ഒരാൾക്ക് ഈ സംഭവവികാസങ്ങളൊന്നും ബാധിക്കാതിരിക്കുക അസാധ്യമാണ്," അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു.) പി.എച്ച്.ഡി. പഠനത്തിനിടെയാണ് അവിടത്തെ സജീവ വിദ്യാർഥി രാഷ്ട്രീയത്തിൽ അദ്ദേഹം പങ്കാളിയായത്.

എന്നാൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ബൗദ്ധിക സംവാദങ്ങളുടെയും ചർച്ചകളുടെയും ശക്തികേന്ദ്രമായി ദീർഘകാലം അറിയപ്പെട്ടിരുന്ന ജെ.എൻ.യുവിനെ തകർക്കാൻ ശ്രമിച്ച വലതുപക്ഷ ആശയപ്രചാരകരുടെ പ്രധാന ലക്ഷ്യമായി സർവകലാശാല മാറിയതോടെയാണ് ഖാലിദ് ദേശീയ ശ്രദ്ധ നേടിയത്.

2016-ൽ ജെ.എൻ.യുവിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഖാലിദിനെ അറസ്റ്റ് ചെയ്തു. അന്ന് രാജ്യത്തെ ധ്രുവീകരിക്കപ്പെട്ട മാധ്യമങ്ങൾ അദ്ദേഹത്തെ "രാജ്യവിരുദ്ധൻ" എന്ന് വിശേഷിപ്പിച്ചു കൊണ്ട് വലിയ തലക്കെട്ടുകളാണ് പ്രസിദ്ധീകരിച്ചത്.

"ആ നിമിഷം മുതൽ എന്റെ ജീവിതം ഒരിക്കലും പഴയതു പോലെയായില്ല," ഖാലിദ് പറഞ്ഞു.

പി.എച്ച്.ഡി. പ്രബന്ധം സമർപ്പിക്കുന്നതിൽ നിന്ന് പോലും സർവകലാശാല അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. എന്നാൽ ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം ആ തീരുമാനം വിജയകരമായി ചോദ്യം ചെയ്തു.

അദ്ദേഹത്തിന്റെ പി.എച്ച്.ഡി. ഗവേഷണപ്രബന്ധം ഈ മാസം "Fractured Communities" എന്ന പേരിൽ ആദ്യ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടും.

2019-ൽ മുസ്ലിംകൾക്കെതിരായ വിവേചനത്തിന് വഴിവെക്കുന്നതായി വ്യാപകമായി വിമർശിക്കപ്പെട്ട പൗരത്വ നിയമം കേന്ദ്രസർക്കാർ പാസാക്കിയതോടെയാണ് ഖാലിദും ബിജെപി സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ അതിൻ്റെ മൂർധന്യതയിൽ എത്തിയത്.

ആ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ജെ.എൻ.യു. ക്യാമ്പസ് മാറി. പിന്നീട് ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മോദി സർക്കാരിനെതിരെ ഉയർന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയ വെല്ലുവിളികളിലൊന്നായിരുന്നു അത്.

ആ പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളിലൊരാൾ ആയിരുന്നു ഖാലിദ്.

"അക്രമത്തിന് അക്രമം കൊണ്ട് മറുപടി നൽകില്ല. വിദ്വേഷത്തിന് വിദ്വേഷം കൊണ്ട് മറുപടി നൽകില്ല," അദ്ദേഹം ഒരു പ്രസംഗത്തിൽ ജനക്കൂട്ടത്തോട് പറഞ്ഞു.

"അവർ വിദ്വേഷം പരത്തുകയാണെങ്കിൽ, നാം അതിന് സ്നേഹം കൊണ്ട് മറുപടി നൽകും."

പ്രതിഷേധങ്ങളോട് സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല.

പ്രതിഷേധങ്ങളെ നേരിടാൻ പൊലീസ് മാരകമായ ബലപ്രയോഗം നടത്തി. അതേസമയം, ബിജെപിയുമായി ബന്ധപ്പെട്ട ചില നേതാക്കൾ മുസ്ലിം വിരുദ്ധവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി.

2020 ഫെബ്രുവരിയിൽ ഡൽഹിയിൽ ഏകപക്ഷീയമായ വംശഹത്യ അരങ്ങേറി.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ തലസ്ഥാന നഗരിയിലൂടെ അഴിഞ്ഞാടുകയായിരുന്നു. പള്ളികളും മുസ്ലിം പേരുള്ളവരും സുന്നത്ത് ചെയ്തവരുമാണ് ആക്രമണത്തിൻ്റെ പ്രധാന ലക്ഷ്യമായത്. ചില ഗല്ലികളിൽ മുസ്ലിംകളും തിരിച്ചടിച്ച സംഭവങ്ങളുണ്ടായതായി ലേഖിക പറയുന്നു.

അക്രമം മൂന്ന് ദിവസം നീണ്ടുനിന്നു.

ആകെ മരിച്ച 53 പേരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു.

എന്നാൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രങ്ങളിൽ ബിജെപിയുമായി ബന്ധപ്പെട്ട ഒരാളെയും പ്രതിചേർത്തില്ല. ഹിന്ദുത്വ കലാപകാരികളിൽ വളരെ കുറച്ചുപേരെ മാത്രമാണ് പ്രതികളാക്കിയത്.

പകരം, അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്തുനിന്ന് ഏകദേശം ആയിരം മൈൽ അകലെ ഉണ്ടായിരുന്ന ഉമർ ഖാലിദിനെ കലാപത്തിന്റെ "സൂത്രധാരൻ (mastermind)" ആണെന്ന് കുറ്റപ്പെടുത്തി.

ഖാലിദിനൊപ്പം ഒരു ഡസനിലധികം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും പ്രതിചേർത്തു.

"വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തതിലൂടെ രാജ്യത്തിനെതിരെ മുൻകൂട്ടി തയ്യാറാക്കിയ ആക്രമണം സായുധ കലാപത്തിൻ്റെ രൂപത്തിൽ സംഘടിപ്പിച്ചു" എന്നായിരുന്നു അന്വേഷണ ഏജൻസികളുടെ ആരോപണം.

ഈ കുറ്റാരോപണങ്ങളെ ഖാലിദ് "ഡിസ്റ്റോപ്യൻ" (ഭയാനകമായ സാങ്കൽപ്പിക യാഥാർഥ്യത്തെ ഓർമ്മിപ്പിക്കുന്നത്) എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ഏഴ് മാസങ്ങൾക്ക് ശേഷം പൊലീസ് ഡൽഹിയിലെ അദ്ദേഹത്തിന്റെ കുടുംബവീട്ടിലെത്തി, രാജ്യത്തെ ഏറ്റവും കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ ഉൾപ്പെടെ നിരവധി ഗുരുതര വകുപ്പുകൾ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

അതിന് ശേഷം ഡൽഹി കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ തെളിവുകൾ കെട്ടിച്ചമച്ചതായും സാക്ഷിമൊഴികൾ വ്യാജമായി തയ്യാറാക്കിയതായും ഡൽഹി പൊലീസിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

എന്നാൽ ഈ ആരോപണങ്ങളോട് ഡൽഹി പൊലീസ് പ്രതികരിച്ചിട്ടില്ല.

അതേ കേസിൽ പ്രതികളായ മറ്റ് ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ഉമർ ഖാലിദിൻ്റെ കേസ് ഇന്നും പ്രയാസകരമായ ഒരു നിയമപോരാട്ടമായി തുടരുകയാണ്.

അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വന്ന ജഡ്ജിമാർ പലതവണ കേസ് മാറ്റിവയ്ക്കുകയും, വാദം കേൾക്കുന്നത് നീട്ടുകയും, ചിലർ കേസിൽ നിന്ന് സ്വയം പിന്മാറുകയും ചെയ്തു.

അദ്ദേഹത്തിന്റെ എല്ലാ ജാമ്യാപേക്ഷകളും ഒടുവിൽ തള്ളിക്കളയപ്പെട്ടു.

ഖാലിദിന്റെ കേസിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നാണ് ബിജെപി പറയുന്നത്.

അതേസമയം, അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷകൾ കോടതി തള്ളിയപ്പോഴൊക്കെ ബിജെപി നേതാക്കൾ പരസ്യമായി ആ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.

തുടർച്ചയായി തകർന്നുപോയ മോചനപ്രതീക്ഷകൾ "ഹൃദയം തകർക്കുന്ന അനുഭവമായിരുന്നു" എന്ന് ഖാലിദ് പറയുന്നു.

"പതിയെ പ്രതീക്ഷ തന്നെ മരിച്ചുപോയി. പിടിച്ചുനിൽക്കാൻ പ്രതീക്ഷയില്ലാതാകുമ്പോൾ ജയിലിലെ ജീവിതം അതിജീവിക്കുക അസാധാരണമായി പ്രയാസകരമാകുന്നു. അത് വൈകാരികമായും മാനസികമായും ശാരീരികമായും മനുഷ്യനെ വലിയ തോതിൽ തളർത്തും," അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

വിചാരണ എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ച് ഇന്നും യാതൊരു വ്യക്തതയുമില്ല.

പോലീസ് അന്വേഷണം അവസാനിക്കുമെന്നതിന് വ്യക്തമായ സൂചനകളൊന്നുമില്ലാത്ത സാഹചര്യത്തിൽ വിചാരണ പോലും ആരംഭിക്കാതെ ജയിലിൽ കഴിയേണ്ടിവരുന്നത് തുടരുകയാണ്.

ബിജെപി അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ക്ഷയിച്ചുപോകുന്ന പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന കാര്യത്തിൽ തൻ്റെ നിരാശ ഖാലിദ് മറച്ചുവയ്ക്കുന്നില്ല.

അവരിൽ ചിലർ ജയിലിൽവെച്ചുതന്നെ മരണമടഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആദിവാസി അവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയും അത്തരത്തിൽ ജയിലിൽവെച്ച് മരിച്ചവരിൽ ഉൾപ്പെടുന്നു.

"ആറുവർഷം പിന്നിടുമ്പോൾ, എനിക്ക് ശരിക്കും വലിയ നിരാശയാണ്. ചിലപ്പോൾ ഞാൻ പൂർണമായും ഒറ്റപ്പെട്ടുപോയതുപോലും തോന്നുന്നു," ഖാലിദ് പറഞ്ഞു.

"പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും സിവിൽ സമൂഹ സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെ പേരിൽ സ്വന്തം പൊതുജീവിതം കെട്ടിപ്പടുത്ത പ്രമുഖ പ്രവർത്തകരുടെയും ഈ മൗനമാണ് ഭരണകൂടത്തിന് കൂടുതൽ ധൈര്യം നൽകുന്നത്. അതുവഴി കൂടുതൽ വിമതസ്വരങ്ങളെ ലക്ഷ്യമിടാൻ അവർക്ക് ആത്മവിശ്വാസം ലഭിക്കുന്നു."

രാത്രികളാണ് ജയിലിൽ തനിക്ക് ഏറ്റവും കൂടുതൽ സമാധാനം നൽകുന്നതെന്ന് ഖാലിദ് പറയുന്നു.

സെല്ലിലേക്ക് തിരിച്ചെത്തി വാർഡൻ്റെ താക്കോൽക്കൂട്ടത്തിൻ്റെ കിലുക്കം അകന്നുപോകുമ്പോൾ, തൻ്റെ ചുമരിൽ കുറിച്ചുവെച്ചിരിക്കുന്ന വാക്കുകൾ—ഡയറിയിൽ എഴുതിയ കുറിപ്പുകളിൽ നിന്ന് പകർത്തിയ ചിന്തകൾ—ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരു തവണ വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന് ആശ്വാസം ലഭിക്കുമെന്ന് ഖാലിദ് പറയുന്നു.

കൊളോണിയൽ ഭരണത്തിനെതിരായ വിപ്ലവകാരി ഭഗത് സിങ്ങിൻ്റെ ചിത്രത്തിനരികിൽ, അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകളും ഖാലിദ് ചുമരിൽ എഴുതിവെച്ചിട്ടുണ്ട്:

"തടവിലായിരിക്കുമ്പോഴും സ്വതന്ത്രനായിരിക്കുന്ന ആ ഭ്രാന്തൻ ആത്മാവാണ് ഞാൻ."😌

വിവർത്തനം : മുബാറക് റാവുത്തർ